HOME » NEWS » Sports » PAKISTAN TO HOST ASIA CUP CRICKET TOURNEY FOR 2022 WHEREAS SRI LANKA MAY PLAY HOST IN 2023 MM INT

2022ലെ ഏഷ്യാകപ്പിന് പാകിസ്താന്‍ വേദിയായേക്കും, ശ്രീലങ്ക 2023ൽ ആതിഥേയത്വം വഹിക്കും

2018ല്‍ യുഎഇയിലാണ് അവസാനമായി ടൂര്‍ണമെന്റ് നടന്നത്. ഇന്ത്യയായിരുന്നു ജേതാക്കളായത്

News18 Malayalam | news18-malayalam
Updated: May 21, 2021, 12:34 PM IST
2022ലെ ഏഷ്യാകപ്പിന് പാകിസ്താന്‍ വേദിയായേക്കും, ശ്രീലങ്ക 2023ൽ ആതിഥേയത്വം വഹിക്കും
ഏഷ്യ കപ്പ് ട്രോഫി
  • Share this:
കോവിഡ് മഹാമാരിയെ തുടർന്ന് മുടങ്ങിയപ്പോയ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് 2022ല്‍ പാകിസ്താന്‍ വേദിയായേക്കും. 2020ല്‍ പാകിസ്താനില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനത്തെത്തുടർന്ന് 2021ൽ ജൂണില്‍ ശ്രീലങ്കയില്‍ വെച്ച് നടത്താമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിൽ ശ്രീലങ്കയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഏഷ്യാ കപ്പ് പോലൊരു ടൂർണമെൻ്റ് നടത്താന്‍ സാധിക്കില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുകയായിരുന്നു.

ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും ഏഷ്യാ കപ്പും ഏകദേശം ഒരേ സമയത്താണ് നടക്കുക. ഇതും ടൂര്‍ണമെന്റ് റദ്ദാക്കാനുള്ള കാരണമായതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇഹ്‌സന്‍ മാനി അഭിപ്രായപ്പെട്ടു. നിലവില്‍ മാറ്റിവെക്കപ്പെട്ട ഏഷ്യാകപ്പിന് പകരമെന്നോണം 2023ലെ ടൂര്‍ണമെന്റിന് ശ്രീലങ്ക വേദിയാവും. 2018ല്‍ യുഎഇയിലാണ് അവസാനമായി ടൂര്‍ണമെന്റ് നടന്നത്. ഇന്ത്യയായിരുന്നു ജേതാക്കളായത്.

2022ല്‍ പാകിസ്താന്‍ ഏഷ്യാകപ്പിന് വേദിയായാല്‍ ഇന്ത്യ ടൂർണമെൻ്റിൽ നിന്നും പിന്മാറാനാണ് സാധ്യത. വളരെക്കാലമായി പാകിസ്താനും ഇന്ത്യയും തമ്മിൽ രാഷ്ട്രീയപരമായി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളും നടക്കുന്നില്ല. അതിനാല്‍ത്തന്നെ പാകിസ്താനില്‍ ടൂര്‍ണമെന്റ് നടന്നാല്‍ ഇന്ത്യ വിട്ടുനില്‍ക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുത്തേക്കും.



ഏഷ്യാകപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയാൽ ടൂർണമെൻ്റ് നടത്തിപ്പുകാർക്ക് അത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയേക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് സ്റ്റേഡിയത്തിൽ ആളുകളെ പ്രവേശിപ്പിക്കാൻ സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ ചാനലുകളിലൂടെ മാത്രമേ ആരാധകർക്ക് ടൂർണമെൻ്റ് മത്സരങ്ങൾ കാണാൻ കഴിയുകയുള്ളൂ. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയെ പോലൊരു ടീം വിട്ട് നില്‍ക്കുന്നത് ചാനൽ സംപ്രേഷണം ചെയ്യുന്നവർക്ക് വലിയ നഷ്ടമുണ്ടാക്കും. ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങൾ കാണുന്ന ആരാധകരുടെ എണ്ണം വളരെ കൂടുതലാണ്, കൂടാതെ ടൂര്‍ണമെന്റിന് ലഭിക്കുന്ന പിന്തുണയിലും കുറവ് ഉണ്ടായേക്കും. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് പാകിസ്താന്‍ ടീമുകളാണ് ഏഷ്യാ കപ്പിലെ പ്രധാന ടീമുകള്‍.

ഇന്ത്യയാണ് ഏഷ്യാകപ്പിലെ ഏറ്റവും ശക്തരായ ടീം. വൻകരയിലെ ഏറ്റവും വലിയ ക്രിക്കറ്റ് പോരാട്ടത്തിൽ ഏഴ് തവണയാണ് ഇന്ത്യ കിരീടം നേടിയിട്ടുള്ളത്. അവസാന രണ്ട് സീസണിലും ഇന്ത്യയായിരുന്നു ജേതാക്കള്‍. അവസാനമായി ഇന്ത്യ കിരീടം നേടിയത് രോഹിത് ശർമയുടെ കീഴിലായിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യ ശ്രീലങ്കന്‍ പര്യടനം നടത്തുന്നുണ്ട്. സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ജൂനിയര്‍ ടീമാവും ശ്രീലങ്കയിലേക്ക് പോവുക.

നിലവില്‍ ഇന്ത്യയിലടക്കം പല രാജ്യത്തും കോവിഡ് വ്യാപനം ശക്തമായി തുടരുന്നുണ്ട്. രോഗവ്യാപനം നിയന്ത്രണാതീതമായി തുടരുകയാണ്. രോഗവ്യാപനം കുറച്ച് കൊണ്ടുവന്നാൽ മാത്രമേ വലിയ ടൂർണമെൻ്റുകൾ നടത്താൻ കഴിയുകയുള്ളൂ. ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ T20 ലോകകപ്പ് നടക്കാനുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ T20 ലോകകപ്പിന്റെ വേദി മാറ്റാനാണ് സാധ്യത. ഇന്ത്യയിൽ രോഗവ്യാപനം കുറഞ്ഞാൽ മാത്രമേ ഇവിടെ നടത്തുകയുള്ളൂ.

Summary: Pakistan likely to host 2022 Asia Cup whereas Sri Lanka to host 2023 edition
Published by: user_57
First published: May 21, 2021, 12:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories