• HOME
  • »
  • NEWS
  • »
  • sports
  • »
  • Arshdeep Singh | ഇന്ത്യൻ താരം അര്‍ഷ്ദീപ് സിങ്ങിനെതിരായ വിദ്വേഷ പ്രചാരണം: പിന്നിൽ പാക് സംഘടനയോ?

Arshdeep Singh | ഇന്ത്യൻ താരം അര്‍ഷ്ദീപ് സിങ്ങിനെതിരായ വിദ്വേഷ പ്രചാരണം: പിന്നിൽ പാക് സംഘടനയോ?

സിഖുകാരും ഹിന്ദുക്കളും തമ്മിൽ സാമുദായിക അസ്വാരസ്യം സൃഷ്ടിക്കാനുള്ള ഐഎസ്ഐ നീക്കത്തിന്റെ ഭാ​ഗമാണ് പുതിയ സംഭവ വികാസങ്ങളെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

  • Share this:

    ഏഷ്യാ കപ്പില്‍ (Asia cup) പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക് താരം ആസിഫ് അലിയുടെ ക്യാച്ച് വിട്ട ഇന്ത്യൻ ക്രിക്കറ്റർ അര്‍ഷ്ദീപ് സിങ്ങിനെതിരെ (Arshdeep Singh) രൂക്ഷ വിമർശനങ്ങൾ ഉയരുകയാണ്. അര്‍ഷ്‌ദീപ് ഖലിസ്ഥാനിയാണെന്ന് മുദ്ര കുത്തിയാണ് ചിലരുടെ വിമർശനം. ഇതിനായി സോഷ്യൽ മീഡിയയിൽ പ്രത്യേകം ക്യാംപെയ്ൻ തന്നെ നടക്കുകയാണ്. പാക്കിസ്ഥാൻ ചാര സംഘടനയാണ് ഈ വിദ്വേഷ പ്രചാരണത്തിനു പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. സിഖുകാരും ഹിന്ദുക്കളും തമ്മിൽ സാമുദായിക അസ്വാരസ്യം സൃഷ്ടിക്കാനുള്ള ഐഎസ്ഐ നീക്കത്തിന്റെ ഭാ​ഗമാണ് പുതിയ സംഭവ വികാസങ്ങളെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

    എന്നാൽ ഇതൊരു പുതിയ സംഭവമല്ല. കഴിഞ്ഞ 3 വർഷത്തിനിടെ ഇത്തരം നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. അർഷ്ദീപ് കാര്യത്തിൽ സംഭവിച്ചതിനു സമാനമായ വിദ്വേഷ പ്രചാരണം മുൻപ് ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കും നേരിടേണ്ടി വന്നിരുന്നു.

    ആസൂത്രിതമായ വിദ്വേഷ പ്രചാരണങ്ങളാണ് അർഷ്ദീപിന്റെ കാര്യത്തിൽ സംഭവിച്ചത് എന്നതിന് തെളിവുകളുമുണ്ട്. അർഷ്‍ദീപ് ക്യാച്ച് കൈവിട്ട ഉടൻ തന്നെ ആദ്യത്തെ വിദ്വേഷ ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ”അർഷ്‍ദീപ് ഖലിസ്ഥാനികളുടെ സഹോദരനാണ്” എന്നായിരുന്നു ആ ട്വീറ്റ്. പിന്നീട് ”അർഷ്‍ദീപിനെ ഖലിസ്ഥാനിയായി പ്രഖ്യാപിക്കണം”, ”അർഷ്ദീപിന്റെ മാനേജർ അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിലും ഇൻസ്റ്റ​ഗ്രാം അക്കൗണ്ടും ഉടൻ ‍ഡിലീറ്റ് ചെയ്യും” എന്നും മറ്റുമുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു.

    പാകിസ്ഥാനിലെ ചില രാഷ്ട്രീയപ്ര പ്രവർത്തകരും അർഷ്‍ദീപ് ക്യാച്ച് കൈവിട്ട ഉടൻ സമാനമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ”അർഷ്‍ദീപ് നമ്മുടെ സ്വന്തം ഖലിസ്ഥാനി ആണ് ”, എന്നാണ് പാകിസ്ഥാൻ നസ്രിയാതി പാർട്ടിയുടെ ചെയർമാനായ ഷഹീർ സിയാൽവി ട്വീറ്റ് ചെയ്തത്. ചില പാക് സ്വദേശികളും സമാനമായ ട്വീറ്റുകൾ ചെയ്തിട്ടുണ്ട്.

    അതേസമയം, അർഷ്ദീപിനു നേരെ പിന്തുണാക്കരങ്ങളും നീളുന്നുണ്ട്. അര്‍ഷ്ദീപ് സിങിന്റെ പേജില്‍ അദ്ദേഹത്തെ ഖലിസ്ഥാന്‍ വിഘടനവാദികളുമായി ബന്ധിപ്പിക്കുന്ന വ്യാജ വിവരങ്ങള്‍ നല്‍കിയതിന് വിക്കിപീഡിയ എക്‌സിക്യുട്ടീവുകളോട് ഹാജരാകാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വിക്കി പീഡിയയിലെ എഡിറ്റിങ്ങ് നടത്തിയത് പാക്കിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു എഡിറ്ററാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഇന്ത്യയിലെ വിക്കിപീഡിയ എക്‌സിക്യൂട്ടീവുകള്‍ക്ക് നോട്ടീസയച്ചത്.

    അർഷ്ദീപ് സിംഗിന് പിന്തുണയുമായി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവും പാർലമെന്റ് അം​ഗവുമായ ഹർഭജൻ സിംഗും രം​ഗത്തെത്തി. ”അര്‍ഷ്‌ദീപ് സിംഗിനെ വിമര്‍ശിക്കുന്നത് നിർത്തൂ. ആരും അറിഞ്ഞു കൊണ്ട് ക്യാച്ച് കൈവിടില്ല. ഞങ്ങളുടെ താരങ്ങളെ ഓര്‍ത്ത് ഞാൻ അഭിമാനിക്കുന്നു. പാകിസ്ഥാന്‍ നന്നായി കളിച്ചു. നമ്മുടെ താരങ്ങളെ കുറിച്ചും, അര്‍ഷ്‌ദീപിനെയും ഇന്ത്യന്‍ ടീമിനേയും കുറിച്ചും മോശം പറയുന്നവരെ ഓര്‍ത്ത് അപമാനം തോന്നുന്നു. അര്‍ഷ്‌ നമ്മുടെ സുവര്‍ണതാരമാണ്” എന്നുമായിരുന്നു ഹര്‍ഭജന്‍ സിംഗിന്‍റെ ട്വീറ്റ്.

    Published by:Jayesh Krishnan
    First published: