HOME » NEWS » Sports » PAY DISPUTE IN SRI LANKA CRICKET INTENSIFIES MM INT

ശ്രീലങ്കൻ ക്രിക്കറ്റിൽ കേന്ദ്ര കരാർ വിവാദം മുറുകുന്നു; വേതനം പ്രശ്നമെങ്കിലും ശ്രദ്ധ ക്രിക്കറ്റിൽ മാത്രമെന്ന് കുശാൽ പെരേര

പ്രതിഫലം 40 ശതമാനം വെട്ടിക്കുറച്ച നടപടിക്കെതിരെയാണ് താരങ്ങള്‍ പുതിയ കരാറില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ചത്

News18 Malayalam | news18-malayalam
Updated: May 23, 2021, 5:00 PM IST
ശ്രീലങ്കൻ ക്രിക്കറ്റിൽ കേന്ദ്ര കരാർ വിവാദം മുറുകുന്നു; വേതനം പ്രശ്നമെങ്കിലും ശ്രദ്ധ ക്രിക്കറ്റിൽ മാത്രമെന്ന് കുശാൽ പെരേര
വേതനം വെട്ടിക്കുറച്ചതിനെതിരെ ശ്രീലങ്കൻ ക്രിക്കറ്റിൽ അമർഷം
  • Share this:
ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് താരങ്ങളുടെ പ്രതിഷേധം തുടരുന്നു. ലങ്കയുടെ പ്രധാന താരങ്ങളായ ടെസ്റ്റ് ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ, ദിനേഷ് ചണ്ഡിമല്‍, ഏയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കമുള്ള താരങ്ങള്‍ പുതിയ കരാറില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്.

32 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം കരാര്‍ നല്‍കിയിടത്ത് നിന്ന് 24 പേര്‍ക്കായി കരാര്‍ ചുരുക്കിയ ലങ്കന്‍ ബോര്‍ഡ്, താരങ്ങളുടെ വേതനവും വലിയ തോതില്‍ കുറച്ചിരുന്നു. പ്രതിഫലം 40 ശതമാനം വെട്ടിക്കുറച്ച നടപടിക്കെതിരെയാണ് താരങ്ങള്‍ പുതിയ കരാറില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ചത്.

ബംഗ്ലാദേശിനെതിരെയുള്ള ശ്രീലങ്കയുടെ  ഏകദിന പരമ്പര ഇന്ന് ആരംഭിക്കുകയാണ്. 24 താരങ്ങളെ നാലു വിഭാഗങ്ങളാക്കി തിരിച്ച്‌ കരാറില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുന്നത്. ജൂണ്‍ മൂന്നിന് മുന്‍പ് കരാറില്‍ ഒപ്പുവയ്ക്കണമെന്നും ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

പുതിയ കേന്ദ്ര കരാര്‍ ഒപ്പിടില്ലെന്ന താരങ്ങളുടെ നിലപാട് ഒരു പ്രശ്നം തന്നെയാണന്ന് അഭിപ്രായപ്പെട്ട് അടുത്തിടെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിയമിച്ച കുശാല്‍ പെരേരയും രംഗത്തെത്തിയിട്ടുണ്ട്. ബോര്‍ഡിന്റെ നടപടി താരങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെങ്കിലും ടീമിന്റെ ശ്രദ്ധ ക്രിക്കറ്റില്‍ തന്നെയായിരിക്കുമെന്ന് ലങ്കന്‍ നായകൻ കുശാല്‍ പെരേര വ്യക്തമാക്കി.

ഇപ്പോള്‍ ഈ കരാറിനെക്കുറിച്ച്‌ ചിന്തിക്കാന്‍ ടീമിന് താല്പര്യമില്ലെന്നും ശ്രദ്ധ ബംഗ്ലാദേശിനെതിരെയുള്ള ഏകദിനങ്ങളിലുമാണെന്ന് പറഞ്ഞ കുശാല്‍ പെരേര ഈ കരാര്‍ താരങ്ങള്‍ക്ക് പ്രശ്നം ഉണ്ടാക്കുന്നുണ്ടെന്ന് സമ്മതിച്ചു. എന്നാല്‍ ഉടന്‍ ഈ വിവാദം അവസാനിപ്പിക്കുവാന്‍ താരങ്ങള്‍ക്കും ബോര്‍ഡിനും ആകുമെന്ന് ലങ്കന്‍ നായകന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.



സംഗക്കാര, ജയവര്‍ധന, ജയസൂര്യ, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ സാന്നിധ്യത്തിൽ ഒരു കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും ശക്തരായ ടീമുകളിലൊന്നായിരുന്ന ശ്രീലങ്ക ഇന്ന് അതിന്റെ നിഴല്‍ മാത്രമാണ്. കളിക്കളത്തില്‍ നിന്ന് വിരമിച്ച തങ്ങളുടെ സൂപ്പര്‍ താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ കഴിയാത്തതാണ് ശ്രീലങ്കയ്ക്ക് പ്രധാനമായും വിനയായത്. ക്രിക്കറ്റിലെ കുഞ്ഞന്‍ ടീമുകള്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍പ്പോലും ഇപ്പോള്‍ ശ്രീലങ്കന്‍ ടീം പതറുകയാണ്.

യുവ താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി 2023 ലോകകപ്പ് മുന്നില്‍ക്കണ്ട് ഒരു പുതിയ ഏകദിന ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്. ഇതിന്റെ ഭാഗമായി പല സീനിയര്‍ താരങ്ങളേയും ടീമില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങുന്ന അവര്‍ നിലവില്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ കരുണരത്‌നയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്നും മാറ്റിക്കൊണ്ട് കുശാൽ പെരേരക്ക് സ്ഥാനം നൽകിയിരിക്കുന്നത്. ലങ്കൻ ക്രിക്കറ്റിലെ ആഭ്യന്തര പ്രശ്നം ഇന്ത്യയുമായുള്ള പരിമിത ഓവർ പരമ്പരകളെ ബാധിക്കുമോ എന്ന ആശങ്കയും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കുണ്ട്.

English summary: A pay cut of up to 40 percent did not go down well with Sri Lanka cricket players. Most of them refuse enter new contract placed before them
Published by: user_57
First published: May 23, 2021, 5:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories