• HOME
 • »
 • NEWS
 • »
 • sports
 • »
 • പെലെയ്ക്കെതിരെ സമനില; കൊൽക്കത്തയിൽ കളിച്ചത് അനുസ്മരിച്ച് മോഹൻ ബ​ഗാൻ താരങ്ങൾ

പെലെയ്ക്കെതിരെ സമനില; കൊൽക്കത്തയിൽ കളിച്ചത് അനുസ്മരിച്ച് മോഹൻ ബ​ഗാൻ താരങ്ങൾ

ഇന്ത്യയിൽ രാഷ്ട്രീയപരമായും കായികപരമായും ഏറെ പ്രധാന്യമുള്ള വർഷമായിരുന്നു 1977

 • Share this:

  ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരമായും കായികപരമായുമൊക്കെ ഏറെ പ്രധാന്യമുള്ള വർഷമായിരുന്നു 1977. ഇരുത്തിയൊന്ന് മാസം നീണ്ട അടിയന്തരാവസ്ഥക്ക് അവസാനമായത് ആ വർഷമാണ്. അതേ വർഷം തന്നെ, പശ്ചിമബം​ഗാളിൽ അതുവരെ ഉണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെയെല്ലാം തിരുത്തിക്കുറിച്ച് ഇടതുപക്ഷം അധികാരത്തിലെത്തി. തുടർച്ചയായി 34 വർഷം അവർ സംസ്ഥാനം ഭരിക്കുകയും ചെയ്തു. കാൽപന്തുകളിയുടെ ആരാധകരെ സംബന്ധിച്ചിടത്തോളവും മറക്കാനാകാത്ത ഒരു വർഷമാണ് 1977. ആ വർഷമാണ് ഫുട്ബോൾ ഇതിഹാസം സാക്ഷാൽ പെലെ കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസ് മൈതാനത്ത് പന്തുരുട്ടിയത്.

  മൂന്നു ലോകകപ്പുകള്‍ നേടി ലോകഫുട്‌ബോളിലെ തന്നെ മിന്നും താരമായിരുന്നു അന്നു പെലെ. ന്യൂയോർക്കിലെ ഫുട്ബോൾ ക്ലബ്ബായ കോസ്മോസിനൊപ്പമാണ് പെലെ കൊൽക്കത്തയിൽ എത്തിയത്. മോഹൻ ബ​ഗാനെതിരെ കോസ്മോസ് ഒരു പ്രദർശന മൽസരം കളിക്കുകയും ചെയ്തു. കാൽപന്തുകളിയിലെ ചക്രവർത്തിയെ ഇന്ത്യൻ ആരാധകരിൽ പലർക്കും അന്നു നേരിട്ടു കാണാനായി.

  1977 സെപ്തംബർ 24-ന് ഉച്ചകഴിഞ്ഞ് ഈഡൻ ഗാർഡൻസിൽ വെച്ചായിരുന്നു മോഹൻ ബ​ഗാനെതിരെ പെലെയും കൂട്ടരും കളിക്കാനിറങ്ങിയത്. ഈഡൻ ഗാർഡൻസ് അന്ന് ക്രിക്കറ്റ് മൈതാനമാക്കി മാറ്റിയിട്ടുണ്ടായിരുന്നില്ല. 2-2ന് സമനിലയിലാണ് അന്ന് മൽസരം അവസാനിച്ചത്.

  കോസ്‌മോസിനെതിരായ ആ മത്സരത്തിൽ മോഹൻ ബഗാനെ പ്രതിനിധീകരിച്ച ചില കളിക്കാർ ഇന്നും ആ മൽസരവും പെലെ എന്ന ഇതിഹാസത്തെയും ഓർമകളിൽ സൂക്ഷിക്കുന്നുണ്ട്. വാർത്താ ഏജൻസിയായ ഐ‌എ‌എൻ‌എസിനോട് അവരിൽ പലരും ആ ഓർമകൾ പങ്കുവെച്ചു.
  Also Read- പെലെ കളിമികവിന്റെ നാമം; മധുരപ്പതിനേഴിൽ ലോകകപ്പ് സെമിയിൽ ഹാട്രിക്; ഫൈനലിൽ ഇരട്ടഗോൾ

  ഈഡൻ ​ഗാർഡൻസിൽ അന്ന് ചെളി നിറഞ്ഞതിനാൽ കോസ്മോസ് താരങ്ങൾ പലരും കളിക്കാൻ വിസമ്മതിച്ചിരുന്നു എന്ന് മോഹൻ ബഗാന്റെ ടീമിലുണ്ടായിരുന്ന കളിക്കാരിലൊരാളും നിലവിൽ തൃണമൂൽ കോൺഗ്രസ് നിയമസഭാംഗവുമായ ബിദേഷ് ബോസ് ഓർമിക്കുന്നു. ”ഞങ്ങൾ അങ്ങേയറ്റം നിരാശരായി. ഞങ്ങളുടെ മാനസികാവസ്ഥ മനസിലാക്കി, മുൻപ് തീരുമാനിച്ചതു പോലെ മത്സരം നടത്താം എന്ന് പെലെയാണ് പറഞ്ഞത്. മത്സരത്തിന് ശേഷം കൊൽക്കത്തയിലെ ഒരു ഹോട്ടലിൽ ഇരുടീമുകളിലെയും കളിക്കാർ പങ്കെടുത്ത വിരുന്ന് ഉണ്ടായിരുന്നു. മോഹൻ ബഗാനിലെ ചില കളിക്കാർ അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റുകൾ കളിക്കാൻ തക്ക വിധം മികവു പുലർത്തുന്നവരാണെന്ന് ലോക ഫുട്ബോളിലെ തന്നെ ചക്രവർത്തിയായ പെലെ അന്നു പറഞ്ഞു. പെലെയ്‌ക്കെതിരെ കളിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമായിരുന്നു,” ബിദേഷ് ബോസ് കൂട്ടിച്ചേർത്തു.

  Also Read- പെലെ: ഫുട്ബോൾ ഇതിഹാസത്തിനു ആദരാഞ്ജലി അർപ്പിച്ച് മെസ്സിയും എംബാപ്പെയും നെയ്മറും റൊണാൾഡോയും

  അന്നത്തെ മൽസരത്തിൽ മോഹൻ ബ​ഗാനു വേണ്ടി ഒരു ​ഗോൾ നേടിയ ശ്യാം താപ്പയും പെലെയെക്കുറിച്ചുള്ള ഓർമകളിൽ വാചാലനായി. ”ഞാൻ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തുകയും മത്സരത്തിൽ ഒരു ​ഗോൾ നേടിയത് ഞാനാണെന്ന് പറയുകയും ചെയ്തു. ‘ഓ, അങ്ങനെയാണെങ്കിൽ നിങ്ങൾക്കു ഞാൻ ഹസ്തദാനം തരില്ല’ എന്ന് തമാശയായി അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ ആദ്യമൊന്ന് പരിഭ്രാന്തനായി. തൊട്ടടുത്ത നിമിഷം അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് എന്റെ ജേഴ്സി നമ്പർ ചോദിച്ചു. എന്റെ ജേഴ്‌സി നമ്പർ 22 ആണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. തന്റെ ടീമിനെതിരെ നേടിയ ഗോളിന്റെ പേരിൽ ഈ ജേഴ്‌സി നമ്പർ എന്നും ഓർക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി”, താപ്പ കൂട്ടിച്ചേർത്തു.

  ആ മൽസരം ഒളി മങ്ങാത്ത ഓർമയായി ഇന്നും മനസിൽ തങ്ങിനിൽപുണ്ടെന്ന് അന്ന് മോഹൻ ബ​ഗാന്റെ ക്യാപ്റ്റൻ ആയിരുന്ന സുബ്രത ഭട്ടാചാര്യയും അനുസ്മരിച്ചു.

  Published by:Naseeba TC
  First published: