അഫ്ഗാനിസ്ഥാന് ലോക ക്രിക്കറ്റിന് നൽകിയ ഏറ്റവും മികച്ച സംഭാവനയാണ് റാഷിദ് ഖാന് എന്ന യുവ ലെഗ് സ്പിന്നർ. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പരിമിത ഓവർ ക്രിക്കറ്റിലെ മികച്ച സ്പിന്നർ എന്ന ഖ്യാതി റാഷിദ് നേടിയെടുത്തത്. ലോകത്തെ നാനാ രാജ്യങ്ങളിൽ നടക്കുന്ന ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലും പങ്കെടുക്കുന്ന റാഷിദ് നിലവിലെ പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിൽ ഒരാളാണ്. അതുകൊണ്ട് തന്നെ റാഷിദിനെ സ്വന്തമാക്കാൻ ഏതു ടീമും ആഗ്രഹിക്കും. ഇത്തരം ലീഗുകളിൽ ഒരു താരത്തെ ടീമിൽ എടുക്കുന്നത് ലേലം നടത്തിയാണ്. അതുകൊണ്ട് തന്നെ തങ്ങൾക്കായി കൂടുതൽ പൈസ മുടക്കുന്ന ടീമുകൾക്കായി താരങ്ങൾ കളിക്കണം. പ്രൊഫഷണൽ കളിക്കാർ ആയത് കൊണ്ട് അവർക്ക് ഇതിൽ ബുദ്ധിമുട്ട് ഒന്നും ഉണ്ടാവുകയില്ല. എന്നിരുന്നാലും ഏതെങ്കിലും ഒരു പ്രത്യേക ടീമിന് വേണ്ടി ക്ളിക്കണം എന്ന ആഗ്രഹം അവരുടെ ഉള്ളിൽ ഉണ്ടാകും. ഇപ്പോഴിതാ റാഷിദും അത് പോലെ തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ്. ഐ പി എല്ലിലെ പ്രമുഖ ടീമായ മുൻ ഇന്ത്യൻ നായകനായ എം എസ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളി ക്കണമെന്നത് തന്റെ സ്വപ്നമാണ് എന്നാണ് റാഷിദ് വ്യവെളിപ്പെടുത്തിയത്.
ഇന്ത്യന്‍ നായകന് എംഎസ് ധോണിയുടെ ഒരു വലിയ ആരാധകന് കൂടിയാണ് അദ്ദേഹം എന്നതിനാലാണ് ധോണി നയിക്കുന്ന ടീമിന് കീഴിൽ കളിക്കണമെന്ന ആഗ്രഹം താരം പങ്കുവെച്ചത്. ഐ പി എൽ സമയത്ത് ധോണിക്കെതിരെ കളിച്ചപ്പോഴുള്ള അനുഭവങ്ങളും മുൻ ഇന്ത്യൻ നായകൻ നല്കിയ വിലയേറിയ ഉപദേശങ്ങളെക്കുറിച്ചും പറയുന്നതിനിടെയാണ് റാഷിദ് തന്റെ സ്വപ്നം വെളിപ്പെടുത്തിയത്. ക്രിക്കാസ്റ്റ് എന്ന യുട്യൂബ് ഷോയിലൂടെയാണ് റാഷിദ് മനസ് തുറന്നത്. 'എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കുകയെന്നത് എന്റെ ഒരു വലിയ സ്വപ്നമാണ്. കാരണം അദ്ദേഹത്തിന് കീഴില്‍ കളിക്കുമ്പോള്‍ നമുക്കു ലഭിക്കുന്ന അനുഭവങ്ങൾ വളരെ വിലപ്പെട്ടതാണ്. ഒരു ബൗളറെന്ന നിലയിൽ മത്സരത്തിൽ വിക്കറ്റ് കീപ്പറുടെ സേവനം വളരെയധികം ആവശ്യമായി വരുന്ന ഒന്നാണ്. ബൗളറുടെ ആവശ്യ കൃത്യമായി മനസിലാക്കി അതിനനുസരിച്ച് തീരുമാനം എടുക്കുന്ന മറ്റൊരു കളിക്കാരൻ ഉണ്ടെന്നു കരുതുന്നില്ല.'-റാഷിദ് ഖാന് പറഞ്ഞു.
ടീമിലെ സഹതാരങ്ങളെ വ്യക്തമായി മനസിലാക്കുന്ന നായകനാണ് ധോണി. ഓരോ താരങ്ങളുടെയും കരുത്തും ദൗര്‍ബല്യവും അദ്ദേഹത്തിന് നന്നായി അറിയാം. ബൗളര്‍മാര്‍ മോശം പ്രകടനങ്ങൾ നടത്തുമ്പോൾ സ്വയം മുൻകൈയെടുത്ത് ധോണി നടപ്പിലാക്കുന്ന ഫീല്‍ഡിങ് മാറ്റങ്ങളും ബൗളറുമായി സംസാരിച്ച് പ്രാവർത്തികമാക്കുന്ന തന്ത്രങ്ങളും പലപ്പോഴും ഫലം കാണാറുണ്ട്. സ്പിന്നര്‍മാരുടെ ഓവറില്‍ സ്റ്റംപിങ്ങിനുള്ള സാധ്യത ഒരുക്കാന്‍ ധോണിക്ക് പ്രത്യേക മികവുണ്ട്. ധോണിയുമായുള്ള സംഭാഷണങ്ങള്‍ കരിയറില്‍ വളരെ സഹായകരമാകാറുണ്ടെന്നും റാഷിദ് പറഞ്ഞു. 'മത്സരത്തിന് ശേഷം മിക്കപ്പോഴും ധോണിയുമായി സംസാരിക്കാറുണ്ട്. ഇത് പലപ്പോഴും അടുത്ത മത്സരങ്ങളിലേക്ക് ഒരുങ്ങുന്നതിനു സഹായമാകാറുണ്ട്. ഒരിക്കല്‍ ഫീല്‍ഡിങ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗ ഡൈവുകളും ആക്രമണോത്സകതയോടെയുള്ള അനാവശ്യ ത്രോകളും ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരു റാഷിദ് ഖാന് മാത്രമാണുള്ളതെന്നും ആളുകള്‍ക്ക് ഇനിയും ഏറെക്കാലം റാഷിദിന്റെ മത്സരം കാണാനാഗ്രഹമുണ്ടെന്നും പരുക്കേറ്റാല്‍ എന്ത് ചെയ്യുമെന്നും അതിനാല്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലുണ്ടാവണമെന്നും അദ്ദേഹം ഉപദേശിച്ചു'-റാഷിദ് പറഞ്ഞു.
ലോക ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായാണ് ധോണിയെ കണക്കാക്കുന്നത്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങൾ ധോണി നേടിക്കൊടുത്തിട്ടുണ്ട്. കളത്തിൽ വളരെ ശാന്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ധോണിക്ക് സമ്മർദ്ദങ്ങൾ അതിജീവിക്കാൻ അപാര മികവാണ് ഉള്ളത്. ഇത്തരം ഘട്ടങ്ങളിലും അക്ഷോഭ്യനായി നിന്ന് തന്റെ ടീമിന്റെ വിജയം മാത്രം മുന്നിൽക്കണ്ടുകൊണ്ട് തന്ത്രങ്ങൾ മെനയുകയാവും ധോണി. ക്യാപ്റ്റൻ എന്ന നിലയിൽ മാത്രമല്ല മികച്ച ഒരു ബാറ്സ്മാൻ എന്ന നിലയിലും താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ലോകത്തിലെ മികച്ച ഫിനിഷർമാരിൽ മുൻനിരയിലാണ് താരത്തിന്റെ സ്ഥാനം. തന്റെ ഇത്രയും കാലത്തെ ക്രിക്കറ്റ് കരിയറിൽ നേടിയ അനുഭവങ്ങൾ യുവതാരങ്ങളുമായി താരം പങ്കു വെക്കാറുണ്ട്. ഇന്ത്യൻ ടീമിൽ കളിച്ചിരുന്ന കാലത്തും നിലവിൽ ഐ പി എല്ലിലും മത്സരശേഷം ധോണിയുടെ അടുത്ത് സംസാരിക്കാനും ഉപദേശങ്ങൾ നേടാനും യുവതാരങ്ങൾ താരത്തെ സമീപിക്കാറുണ്ട്. ഇവർക്കെല്ലാം വേണ്ടേ ഉപദേശങ്ങൾ നൽകുന്ന താരം അവരുടെ കരിയറിൽ ഒരു സീനിയർ താരം എന്നതിലുപരി ഒരു മാർഗദർശിയായി നിൽക്കുന്നു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം വൈകാതെ സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചാലും യുവതാരങ്ങൾക്ക് വഴികാട്ടയായി തുടരുമെന്ന് പ്രതീക്ഷിക്കാം
Summary
Rashid Khan reveals his dream of playing under Dhoni's captaincy
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.