• HOME
 • »
 • NEWS
 • »
 • sports
 • »
 • 'റൊണാള്‍ഡോയ്ക്കും മെസ്സിയ്ക്കും ശേഷം എംബാപ്പെ'; അടുത്ത സൂപ്പർ താരമെന്ന് പോളണ്ട് പരിശീലകൻ

'റൊണാള്‍ഡോയ്ക്കും മെസ്സിയ്ക്കും ശേഷം എംബാപ്പെ'; അടുത്ത സൂപ്പർ താരമെന്ന് പോളണ്ട് പരിശീലകൻ

ഖത്തറില്‍ മികച്ച പ്രകടനമാണ് എംബാപ്പെ ഇതുവരെ കാഴ്ചവെച്ചത്

 • Share this:

  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിയ്ക്കും ശേഷം ലോകം ആരാധിക്കുന്ന താരമായി മാറാന്‍ കഴിവുള്ളയാളാണ് ഫ്രഞ്ച് താരമായ കിലിയന്‍ എംബാപ്പെയെന്ന് പോളണ്ട് ടീം കോച്ച് ചെസ്ലാവ് മിച്നിവിച്ച്. ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിന്റെ 16-ാം റൗണ്ടില്‍ നടന്ന ഫ്രാന്‍സ്-പോളണ്ട് മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ നേടിയാണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് കടന്നത്.  മത്സരത്തില്‍ നിര്‍ണ്ണായകമായത് എംബാപ്പെയുടെ ഇരട്ട ഗോളാണ്. ഈ സാഹചര്യത്തിലാണ് പോളണ്ട് കോച്ചിന്റെ പ്രതികരണം.

  ഖത്തറില്‍ മികച്ച പ്രകടനമാണ് എംബാപ്പെ ഇതുവരെ കാഴ്ചവെച്ചത്. ഇതുവരെ അഞ്ച് ഗോള്‍ നേടിയ ഇദ്ദേഹം ഈ ടൂര്‍ണ്ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് മത്സരത്തിലേക്കുള്ള ശക്തനായ കളിക്കാരനായിരിക്കും എന്നാണ് കരുതപ്പെടുന്നത്.

  അതേസമയം പോളണ്ടിനെതിരെ അല്‍തുമാമയില്‍ അദ്ദേഹം നടത്തിയ ഗോള്‍ വേട്ട ടീമിന്റെ വിജയത്തെ മാത്രമല്ല സൂചിപ്പിക്കുന്നത്. ലോകകപ്പിലെ എക്കാലത്തെയും പ്രധാനമായ 9 ഗോള്‍ നേട്ടത്തിലേക്കാണ് അത് എംബാപ്പെയെ എത്തിച്ചത്. അതായത് റൊണാള്‍ഡോയെക്കാള്‍ ഒരു ഗോള്‍ കൂടുതലും മെസ്സിയ്ക്ക് ഒപ്പത്തിനൊപ്പവുമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനം. അതുകൂടാതെ ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്താനും എംബാപ്പെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ അഞ്ച് നോക്ക് ഔട്ട് സ്‌റ്റേജ് ഗോളുകളിലൂടെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

  Also Read-‘ഈ സീസണിന് വേണ്ടി നന്നായി തയ്യാറെടുത്തു; ലക്ഷ്യം ലോകകപ്പ്’; മനസു തുറന്ന് എംബാപ്പെ

  തന്റെ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിച്ച ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഈ ലോകകപ്പ് തന്റെ സ്വപ്‌നങ്ങള്‍ക്കായുള്ള ഒരു മത്സരമായിരിക്കുമെന്ന് പറഞ്ഞിരുന്നു.

  ഇവിടെ വരെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം. എന്റെ സ്വപ്‌നങ്ങള്‍ക്കായുള്ള മത്സരമാണിത്,’ എന്നായിരുന്നു എംബാപ്പെയുടെ വാക്കുകള്‍.

  എല്ലാ സീസണുകളിലേയ്ക്കും വേണ്ടിയുള്ള തയ്യാറെടുപ്പാണ് ഞാന്‍ നടത്തുന്നത്. ഈ മത്സരത്തിന്റെ ആദ്യ റൗണ്ടുകളില്‍ ഞാന്‍ മാധ്യമങ്ങളോട് സംസാരിക്കാതിരുന്നിട്ടുണ്ട്. ടൂര്‍ണമെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയായിരുന്നു അത്. ഈ വിഷയത്തിൽ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്താൻ പോകുന്നുവെന്ന് ഈയിടെയാണ് ഞാൻ അറിഞ്ഞത്. ആ പിഴ ഞാൻ അടക്കും. എന്റെ വ്യക്തിപരമായ തീരുമാനത്തിൽ ഫെഡറേഷൻ മറുപടി നൽകേണ്ട കാര്യവുമില്ല,” എംബാപ്പെ കൂട്ടിച്ചേർത്തിരുന്നു.

  Also Read-റെക്കോർഡ് നേട്ടവുമായി ഒളിവിയർ ജിറൂദ്; മുന്നിൽ‌ നിന്ന് നയിച്ച് എംബാപ്പെ; പോളണ്ടിനെ തകർത്ത് ഫ്രാൻസ്; ക്വാർട്ടറില്‍ എതിരാളികള്‍ ഇംഗ്ലണ്ട്

  എന്നാല്‍ ഇപ്പോള്‍ ലോകകപ്പ് നേടുക എന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും എല്ലാ വഴികളിലൂടെയും പോയി ലോകകപ്പ് നേടുക എന്ന തങ്ങളുടെ ലക്ഷ്യം വിദൂരമല്ലെന്നും ആദ്യത്തെ വെല്ലുവിളി ക്വാര്‍ട്ടര്‍ ഫൈനല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. അതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  അതേസമയം മത്സരത്തില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടെങ്കിലും എംബാപ്പെ എന്ന കളിക്കാരന്റെ കഴിവിനെക്കുറിച്ച് പറയുന്നതില്‍ ഒരടി പോലും പിന്നോട്ടില്ലെന്ന നിലയിലാണ് പോളണ്ടിന്റെ കോച്ച് മിച്‌നിവിച്ച്. ഫുട്‌ബോളിലെ ഒരു സൂപ്പര്‍ താരമായി എംബാപ്പെ മാറുമെന്നും ഇനിയും ഒരുപാട് കാലം ആരാധകര്‍ അദ്ദേഹത്തെ നെഞ്ചിലേറ്റുമെന്നും മിച്‌നിവിച്ച് പറഞ്ഞു.

  ‘മെസ്സി, റൊണാള്‍ഡോ, ലെവന്‍ഡോവ്‌സ്‌കി ഇവര്‍ക്ക് ശേഷം എംബാപ്പെ ആയിരിക്കുമെന്നും അദ്ദേഹം ഇനിയും വര്‍ഷങ്ങളോളം ആരാധകരുടെ മനസ്സിലുണ്ടാകും,’ എന്നുമാണ് മിച്‌നിവിച്ച് പറഞ്ഞത്.

  Also Read-ലോകകപ്പിൽ മെസി മുത്തമിടുമോ? സ്വപ്ന നേട്ടത്തിലേക്ക് ഒരുപടി കൂടിയടുത്ത് ഇതിഹാസ താരം

  അതെ അദ്ദേഹം ഞങ്ങളെ വേദനിപ്പിച്ചു. എന്നാല്‍ ഫ്രാന്‍സിനെതിരെ കളിക്കുമ്പോള്‍ എംബാപ്പെയെ ശ്രദ്ധിക്കാനായി മാത്രം രണ്ട് കളിക്കാരെ ചുമതലപ്പെടുത്തേണ്ടതാണെന്ന കാര്യം ഇതോടെ മനസ്സിലായിയെന്നും മിച്‌നിവിച്ച് കൂട്ടിച്ചേര്‍ത്തു.

  പോളണ്ടിനെതിരായ മികച്ച പ്രകടനമാണ് എംബാപ്പെ കാഴ്ചവെച്ചത്.അതേസമയം എംബാപ്പെയെപ്പറ്റി വ്യത്യസ്ത അഭിപ്രായവുമായാണ് ഫ്രഞ്ച് കോച്ച് ദെഷ്ചാംസ് രംഗത്തെത്തിയത്. എംബാപ്പെ എന്ന കളിക്കാരന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നില്ല ഈ 90 മിനിറ്റില്‍ ലോകം കണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

  ‘എംബാപ്പെയുടെ മികച്ച പ്രകടനമായിരുന്നില്ല. അദ്ദേഹത്തിന് തന്നെ അക്കാര്യം അറിയാം. ഏത് നിമിഷവും മത്സരത്തിന്റെ ഗതി മാറ്റാന്‍ അദ്ദേഹത്തിന് അറിയാം. എന്നാല്‍ ഇന്ന് ഫ്രാന്‍സിന് ഒരു മികച്ച കിലിയന്‍ എംബാപ്പെയെ വേണമായിരുന്നു. അത് അദ്ദേഹത്തിലൂടെ ഞങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു,’ ദേഷ്ചാംസ് കൂട്ടിച്ചേര്‍ത്തു.

  Published by:Arun krishna
  First published: