ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ ഫ്രാൻസ് അർജന്റീനയെ നേരിടുമ്പോൾ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിക്കുന്നത് പോളിഷ് റഫറി സിമോൺ മാർസിനിയാക്. ഗ്രൂപ്പ് ഘട്ടത്തിൽ ഡെൻമാർക്ക് – ഫ്രാൻസ് മത്സരവും പ്രീ-ക്വാർട്ടറിൽ അർജന്റീന-ഓസ്ട്രേലിയ മത്സരവും നിയന്ത്രിച്ചത് സൈമൺ മാർസിനിയാക്ക് ആയിരുന്നു.
ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിക്കാൻ അവസരം ലഭിച്ചതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് സൈമൺ മാർസിനിയാക്ക്. ഫൈനൽ മത്സരത്തിൽ പവൽ സോക്കോൾനിക്കിയും ടോമാസ് ലിസ്റ്റ്കീവിച്ച്സും അസിസ്റ്റന്റ് റഫറിമാരാകും.
41-കാരനായ സൈമൺ മാർസിനിയാക്ക് യൂറോപ്പിലെ അറിയപ്പെടുന്ന റഫറിയാണ്. യുവേഫ ചാമ്പ്യൻസ് ലീഗിലെ പ്രധാന മത്സരങ്ങൾ നിയന്ത്രിച്ചുള്ള പരിചയം അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ സീസണിൽ വില്ലാറിയലിനെതിരായ ലിവർപൂളിന്റെ ആദ്യ ലെഗ് സെമി ഫൈനൽ നിയന്ത്രിച്ചത് സൈമൺ ആയിരുന്നു. 2016 യൂറോ കപ്പിൽ മാർസിനിയാക് മൂന്ന് മത്സരങ്ങൾ നിയന്ത്രിച്ചിരുന്നു.
അതേസമയം, ശനിയാഴ്ച ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മൊറോക്കോയും ക്രൊയേഷ്യയും തമ്മിലുള്ള മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ ഓഫ് ഖത്തറിന്റെ അബ്ദുൾറഹ്മാൻ അൽ ജാസിം നിയന്ത്രിക്കും. ടൂർണമെന്റിന്റെ രണ്ടാം ദിവസം അമേരിക്കയും വെയിൽസും തമ്മിലുള്ള മത്സരം നിയന്ത്രിച്ചത് 35 കാരനായ അബ്ദുൾറഹ്മാൻ അൽ ജാസിം ആയിരുന്നു.
Also Read- ലോകകപ്പ് 2022 ഫൈനൽ അർജന്റീനയും ഫ്രാൻസും തമ്മിൽ; ജയിക്കുന്നവർക്ക് മൂന്നാം കിരീടം
ഇതുകൂടാതെ 2019 ഡിസംബറിൽ ലിവർപൂളും ഫ്ലെമെംഗോയും തമ്മിലുള്ള ഫിഫ ക്ലബ് ലോകകപ്പ് ഫൈനൽ നിയന്ത്രിച്ചതും അബ്ദുൾറഹ്മാൻ അൽ ജാസിം ആയിരുന്നു. അൽ ജാസിമിന് സഹ റഫറിമാരായി ഖത്തറികളായ തലേബ് അൽ മാരിയും സൗദ് അഹമ്മദ് അൽമഖലെയും ഉണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.