• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്വിസ് വിജയത്തിന് പിന്നിൽ ഒരു രാഷ്ട്രീയ പോരാട്ടമുണ്ട്


Updated: June 23, 2018, 5:49 PM IST
സ്വിസ് വിജയത്തിന് പിന്നിൽ ഒരു രാഷ്ട്രീയ പോരാട്ടമുണ്ട്

Updated: June 23, 2018, 5:49 PM IST
വെള്ളിയാഴ്ചത്തെ മത്സരത്തിന് മുന്‍പ് സ്വിറ്റ്‌സര്‍ലൻഡ് താരം ഷെര്‍ദാന്‍ ഷാഖിരിയുടെ വലത് കാലിലെ ബൂട്ടായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ കളി അവസാനിച്ചപ്പോഴേക്ക് ഇടതുകാലിലെ ബൂട്ടിലായി ലോകശ്രദ്ധ. മത്സരത്തില്‍ സെര്‍ബിയയെ തകര്‍ത്ത രണ്ട് ഗോളുകള്‍ നേടിയത് ഗ്രാനിറ്റ് സാഖയും ഷെര്‍ദാന്‍ ഷാഖിരിയുമാണ്. സെര്‍ബിയയില്‍ നിന്ന് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച കൊസോവയില്‍ നിന്നുള്ളവരാണ് ഇരുവരും. ഇവര്‍ ഉള്‍പ്പെടെ സ്വിസ് നിരയിലെ മൂന്നുപേര്‍ ജനിച്ചതോ അവരുടെ കുടുംബവേരുകളോ കൊസോവയിലാണ്. സ്വിസ് വിജയത്തിന് ഒരു രാഷ്ട്രീയ പോരാട്ടത്തിന്റെ കഥ കൂടിയാണ് പറയാനുള്ളത്.

സ്വന്തം വംശപാരമ്പര്യത്തില്‍ നിന്നും വേരുകളില്‍ നിന്നും ഒളിച്ചോടാന്‍ ഷാഖിരി ഒരിക്കലും ഒരുക്കമായിരുന്നില്ല. ലോകകപ്പിന് മുന്‍പ് ഷാഖിരി സ്വന്തം ബൂട്ടുകളുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇടത് കാലിലെ ബൂട്ടില്‍ സ്വിറ്റ്‌സര്‍ലൻഡിന്‍റെ പതാക. വലത് കാലിലെ ബൂട്ടിലാകട്ടെ കൊസോവയുടെയും. വെള്ളിയാഴ്ച കളിക്കളത്തില്‍ സെര്‍ബിയയുടെ പ്രതിരോധം ഭേദിച്ച് ഷാഖിരിയുടെ ഗോള്‍ പിറന്നത് സ്വിസ് പതാകയുള്ള ഇടതു ബൂട്ടുകൊണ്ടും. ഗോള്‍ നേടിയ ശേഷം രണ്ട് കൈകളും ചേര്‍ത്തുവെച്ച് ചലിപ്പിച്ച് പക്ഷി പറക്കുന്നതിനെ സൂചിപ്പിച്ചാണ് ഷാഖിരിയും സാഖയും ആഘോഷിച്ചത്. ഇത് അല്‍ബേനിയയുടെ ദേശീയ പതാകയിലുള്ള ചിഹ്നമായ പരുന്തിനെ സൂചിപ്പിക്കുന്നതാണ്.

കൊസോവയ്ക്കടുത്തുകിടക്കുന്ന രാജ്യമാണ് അല്‍ബേനിയ, എന്നാല്‍ കൊസോവയിലുള്ളതില്‍ 92 ശതമാനത്തിലേറെപ്പേരും അല്‍ബേനിയന്‍ വംശജരാണ്. അല്‍ബേനിയന്‍ പാരമ്പര്യമാണ് ഇവര്‍ തുടരുന്നത്. രീതികളും അല്‍ബേനിയയുടേത് തന്നെ. കൊസോവര്‍- അല്‍ബേനിയന്‍ വംശജര്‍ ഇപ്പോഴും ഉപയോഗിക്കുന്നത് അല്‍ബേനിയന്‍ പതാക തന്നെയാണ്. നേരത്തെ യുഗോസ്ലാവിയയുടെ ഭാഗമായിരുന്ന സെര്‍ബിയയുടെ കീഴിലായിരുന്ന കൊസോവ, സ്വയംഭരണ പ്രദേശമായിരുന്നു. 1980കളില്‍ കൊസോവയുടെ സ്വയംഭരണ അധികാരം എടുത്തുമാറ്റി. ഇതേത്തുടര്‍ന്ന് വന്‍ പ്രക്ഷോഭമുണ്ടായി. ഇക്കാലയളവില്‍ സ്വതന്ത്ര രാജ്യമായ അല്‍ബേനിയ പരിപൂര്‍ണപിന്തുണയുമായി കൊസോവയ്‌ക്കൊപ്പം നിന്നു. ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്ത സാഖയുടെ പിതാവിനെ സെര്‍ബിയന്‍ പട്ടാളം അറസ്റ്റ് ചെയ്ത് മൂന്ന് വര്‍ഷത്തിലേറെ തടവിലിട്ടു. തുടര്‍ന്ന് സാഖ ജനിക്കുന്നതിന് മുമ്പ് തന്നെ കുടുംബം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറി. സാഖയുടെ സഹോദരന്‍ ടൗളന്റ് സാഖ അല്‍ബേനിയന്‍ ദേശീയ ടീമിന് വേണ്ടിയാണ് കളിക്കുന്നത്.

ഷെര്‍ദാന്‍ ഷാഖിരിയുടെ പശ്ചാത്തലവും ഇതിന് സമാനം. കോസോവന്‍-അല്‍ബേനിയന്‍ വംശജരുടെ മകനായിട്ടാണ് ഷാഖിരി ജനിച്ചത്. 1992ല്‍ അവിടെ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ഷാഖിരിയുടെ കുടുംബം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറി. യുദ്ധത്തിലൂടെ തങ്ങളെ ജന്മനാട്ടില്‍ നിന്ന് ഓടിച്ച സെര്‍ബിയക്കാരെ, കാല്‍പന്ത് യുദ്ധത്തിലൂടെ തിരിച്ചടിച്ചതിന്റെ സതൃപ്തിയിലാണ് സാഖയും ഷാഖിരിയും. എ്ന്നാല്‍ ഇരുവരും നടത്തിയ ആഘോഷപ്രകടനം വിവാദമായിട്ടുണ്ട്. ഇരുവര്‍ക്കുമെതിരേ നടപടിക്കും സാധ്യതയുണ്ടെന്നാണ് സൂചന.
First published: June 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍