നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇരട്ട ഗോളുമായി ചരിത്രം തിരുത്തി റൊണാള്‍ഡോ! ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍

  ഇരട്ട ഗോളുമായി ചരിത്രം തിരുത്തി റൊണാള്‍ഡോ! ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍

  അഞ്ച് യൂറോ കപ്പില്‍ കളിക്കുകയും അഞ്ചു യൂറോ കപ്പില്‍ ഗോളടിക്കുകയും ചെയ്യുന്ന ആദ്യ താരമായി റൊണാള്‍ഡോ ഇന്നത്തെ മത്സരത്തിലൂടെ റെക്കോര്‍ഡിട്ടിരിക്കുകയാണ്.

  Ronaldo

  Ronaldo

  • Share this:
   ലയണല്‍ മെസ്സി തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളിലൂടെ കോപ്പ അമേരിക്കയില്‍ വരവറിയിച്ചപ്പോള്‍ ഇത്തവണത്തെ യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ഇരട്ടഗോളുകളുമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവ്. ആദ്യ മത്സരത്തില്‍ ആതിഥേയരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ തകര്‍ത്തത്. അഞ്ച് യൂറോ കപ്പില്‍ കളിക്കുകയും അഞ്ചു യൂറോ കപ്പില്‍ ഗോളടിക്കുകയും ചെയ്യുന്ന ആദ്യ താരമായി റൊണാള്‍ഡോ ഇന്നത്തെ മത്സരത്തിലൂടെ റെക്കോര്‍ഡിട്ടിരിക്കുകയാണ്. അവസാന 10 മിനിട്ടിലായിരുന്നു ആവേശകരമായ മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. റാഫേല്‍ ഗുറേറോയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്.

   ബുഡാപെസ്റ്റില്‍ 60000ന് മുകളില്‍ വരുന്ന ഹംഗറി ആരാധകര്‍ക്ക് മുന്നില്‍ കളിക്കുക പോര്‍ച്ചുഗലിന് ഒട്ടും എളുപ്പമായിരുന്നില്ലെങ്കിലും സൂപ്പര്‍ താരങ്ങളായി നിറഞ്ഞ പോര്‍ച്ചുഗല്‍ തന്നെ ആയിരുന്നു തുടക്കം മുതല്‍ കളി നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞ തവണത്തെ യൂറോ കപ്പില്‍ ഇരു ടീമുകളും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 3-3നാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. കളിയുടെ അഞ്ചാം മിനിട്ടില്‍ ആദ്യ മികച്ച അവസരം പോര്‍ച്ചുഗലിന് ലഭിച്ചു. ലിവര്‍പൂള്‍ താരം ജോട എടുത്ത ഷോട്ട് പക്ഷെ ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയില്‍ 67% ബോള്‍ കയ്യടക്കത്തോടെ പോര്‍ച്ചുഗല്‍ ടീം വ്യക്തമായ മുന്‍തൂക്കം പുലര്‍ത്തിയിട്ടും ഒരു ഗോള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പോര്‍ച്ചുഗലിന്റെ ഗോള്‍ ശ്രമങ്ങളെല്ലാം ഹംഗറിയുടെ കരുത്തുറ്റ പ്രതിരോധ നിരയ്ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 42ആം മിനിട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് തന്റെ ആദ്യ നല്ല അവസരം ലഭിച്ചു. ഇടതു വിങ്ങില്‍ നിന്ന് ബ്രൂണോ കൊടുത്ത ബോള്‍ റൊണാള്‍ഡോ കണക്ട് ചെയ്തു എങ്കിലും ഗോള്‍ പോസ്റ്റിന്റെ മുകളിലൂടെ പന്ത് പറന്നകന്നു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ഗോളുകളൊന്നും നേടാന്‍ കഴിയാതെ പിരിഞ്ഞു.

   രണ്ടാം പകുതിയിലും ഹംഗേറിയന്‍ താരങ്ങള്‍ പ്രതിരോധത്തിലൂന്നി തന്നെയാണ് കളിച്ചിരുന്നത്. ഏതെങ്കിലും ഒരു വിങ്ങിലൂടെ നിലവിലെ ചാമ്പ്യന്മാര്‍ മുന്നേറ്റം നടത്താന്‍ ശ്രമിച്ചപ്പോഴെല്ലാം അഞ്ചു പേരടങ്ങിയ ഹംഗേറിയന്‍ പ്രതിരോധ മതില്‍ മറികടക്കാന്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. 67 ആം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഒരു ലോങ്ങ് റേഞ്ച് ഗോളിന് ശ്രമിച്ചെങ്കിലും ഹംഗേറിയന്‍ ഗോളി പീറ്റര്‍ ഗുലാസി അതി വിദഗ്ദ്ധമായി തടഞ്ഞിട്ടു. 75ആം മിനിട്ടില്‍ റൊണാള്‍ഡോയുടെ മുന്നേറ്റം പ്രതിരോധിക്കുന്നതിനിടെ ബോകസിനുള്ളില്‍ വച്ച് ഹംഗറിയുടെ അറ്റില ഫിയോലയുടെ കൈകളില്‍ തട്ടിയെങ്കിലും റെഫറി അത് കണ്ടില്ല. റൊണാള്‍ഡോയും സഹതാരങ്ങളും അപ്പീല്‍ ചെയ്‌തെങ്കിലും റെഫറി പെനാല്‍റ്റി അനുവദിച്ചില്ല.

   80ആം മിനിട്ടില്‍ ഹംഗേറിയന്‍ താരം സബോള്‍ക്‌സ് ഷോണ്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടിയെങ്കിലും റെഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. പിന്നീടുള്ള അവസാന പത്ത് മിനിട്ടുകള്‍ നിലവിലെ ചാമ്പ്യന്മാര്‍ അവരുടെ മുഴുവന്‍ ശക്തിയും ആതിഥേയര്‍ക്ക് മുന്നില്‍ കാഴ്ച വെക്കുകയായിരുന്നു. 84ആം മിനിട്ടില്‍ ഫുള്‍ ബാക്ക് റാഫേല്‍ ഗുറേറോയാണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്. ഗുറേറോ ബോക്‌സില്‍ നിന്ന് എടുത്ത ഷോട്ട് വലിയ ഡിഫ്‌ലക്ഷനോടെ വലയില്‍ കയറി. രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഹംഗേറിയന്‍ താരം ഒര്‍ബന്റെ ഫൗളില്‍ ലഭിച്ച പെനാല്‍റ്റി ഒരു ബുള്ളറ്റ് ഷോട്ടിലൂടെ റൊണാള്‍ഡോ ഗോള്‍വല കുലുക്കി. ഇഞ്ചുറി ടൈമിലെ രണ്ടാം മിനിട്ടിലായിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍.
   Published by:Sarath Mohanan
   First published:
   )}