Euro Cup | യൂറോയില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍, പോര്‍ച്ചുഗല്‍ ജര്‍മനിയെയും സ്പെയിന് പോളണ്ടിനെയും നേരിടും
Euro Cup | യൂറോയില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍, പോര്‍ച്ചുഗല്‍ ജര്‍മനിയെയും സ്പെയിന് പോളണ്ടിനെയും നേരിടും
മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിലെ ജര്‍മനിയും പോര്‍ച്ചുഗലുമാണ് നേര്‍ക്കുനേര്‍ വരുന്നത്. രാത്രി 12.30ന് ഗ്രൂപ്പ് ഇയില്‍ സ്പെയിനെ കാത്തിരിക്കുന്നത് പോളണ്ടാണ്.
Last Updated :
Share this:
യൂറോ കപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിലെ ജര്‍മനിയും പോര്‍ച്ചുഗലുമാണ് നേര്‍ക്കുനേര്‍ വരുന്നത്. രാത്രി 12.30ന് ഗ്രൂപ്പ് ഇയില്‍ സ്പെയിനെ കാത്തിരിക്കുന്നത് പോളണ്ടാണ്. വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്, ഹംഗറിയെ നേരിടും. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാന്‍ സാധിക്കും.
ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട ജര്‍മ്മനി ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഫ്രാന്‍സിനെതിരെ പന്ത് കൈവശം വെക്കാന്‍ കഴിഞ്ഞിട്ടും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് ആയിരുന്നില്ല എന്നതാണ് അവര്‍ക്ക് വിനയായത്. ഒരു സെല്‍ഫ് ഗോളായിരുന്നു ജര്‍മ്മനിക്ക് തിരിച്ചടിയായത്. എന്നാല്‍ മികച്ച ഫോമിലാണ് സാന്റോസിന്റെ പോര്‍ച്ചുഗല്‍ എത്തുന്നത്. ഹംഗറിയെ തോല്‍പ്പിച്ച ആത്മവിശ്വാസവും റൊണാള്‍ഡോയുടെ ഫോമും അവര്‍ക്ക് കരുത്തേകുമെന്നുറപ്പാണ്. അവസാനമായി പോര്‍ച്ചുഗലിനെതിരെ നേരിട്ടപ്പോള്‍ ഉള്ള മികച്ച റെക്കോര്‍ഡുകളാണ് ജര്‍മ്മനിയുടെ കരുത്ത്. അവസാന നാലു തവണ ഏറ്റുമുട്ടിയപ്പോഴും ജര്‍മ്മനി ആയിരുന്നു വിജയിച്ചത്. അവസാന മത്സരം തോറ്റതിന്റെ ക്ഷീണത്തിലെത്തുന്ന ജര്‍മനിക്ക് ഇന്നത്തെ ജയം പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ നിര്‍ണ്ണായകമാണ്. ആദ്യ ഇലവനില്‍ ഇന്ന് ജര്‍മനി മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. ലിറോയ് സാനെയും ടിമോ വെര്‍ണറും ഇന്ന് ആദ്യ ഇലവനില്‍ എത്താന്‍ സാധ്യതയുണ്ട്.
ആദ്യ മത്സരത്തില്‍ ഗോളടിക്കാന്‍ മറന്ന് സ്വീഡനോട് സമനില വഴങ്ങിയ സ്പെയിന് ഇന്നത്തെ ജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ സ്ലോവാക്യയയോട് തോറ്റ പോളണ്ടിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് ജയിക്കണം. ലെവന്‍ഡോസ്കിയില്‍ തന്നെയാണ് പോളണ്ട് പ്രതീക്ഷ വെക്കുന്നത്. 2010ലാണ് ഇരു ടീമും അവസാനമായി നേര്‍ക്കുനേര്‍ എത്തിയത്. അന്ന് എതിരില്ലാത്ത ആറ് ഗോളിന് പോളണ്ടിനെ സ്പെയിന് തകര്‍ത്തു വിട്ടിരുന്നു.
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് ആണ് ഹംഗറിയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ മൂന്ന് ഗോളുകള്‍ വഴങ്ങി പോര്‍ച്ചുഗലിനോട് പരാജയപ്പെട്ടാണ് ഹംഗറി എത്തുന്നത്. 84ആം മിനുട്ട് വരെ കളി ഗോള്‍രഹിതമായി നിന്ന ശേഷമാണ് അന്ന് ഹംഗറി പരാജയപ്പെട്ടത്. മറുഭാഗത്ത് പോഗ്ബയും കാന്റയും അടങ്ങുന്ന മധ്യനിര തന്നെയാണ് ഫ്രാന്‍സിന്റെ കരുത്ത്. ആദ്യ ഇലവനില്‍ മാറ്റമില്ലാതെയാകും ഫ്രാന്‍സ് ഇറങ്ങുക. ബെന്‍സീമ, എംബപ്പെ, ഗ്രീസ്മന് എന്നിവര്‍ ഇന്ന് ഗോള്‍ കണ്ടെത്തിയാല്‍ പോര്‍ച്ചുഗലിനെതിരായ മത്സരത്തിന് മുമ്പ് ഫ്രാന്‍സിന് അത് വലിയ ആത്മവിശ്വാസം നല്‍കും. ഒരു ഗോള്‍ പോലും വഴങ്ങാതെ തുടര്‍ച്ചയായ അഞ്ചാം ജയമാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. 2005ലാണ് അവസാനമായി ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് 2-1ന് ജയം ഫ്രാന്‍സിനായിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.