നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup | യൂറോ കപ്പില്‍ ഇന്ന് മരണഗ്രൂപ്പിലെ പോരാട്ടങ്ങള്‍, പോര്‍ച്ചുഗല്‍ ഹംഗറിയെയും, ഫ്രാന്‍സ് ജര്‍മനിയെയും നേരിടും

  Euro Cup | യൂറോ കപ്പില്‍ ഇന്ന് മരണഗ്രൂപ്പിലെ പോരാട്ടങ്ങള്‍, പോര്‍ച്ചുഗല്‍ ഹംഗറിയെയും, ഫ്രാന്‍സ് ജര്‍മനിയെയും നേരിടും

  പോര്‍ച്ചുഗലിന് തുടര്‍ച്ചയായി രണ്ട് തവണ യൂറോ കപ്പ് നേടുന്ന രണ്ടാമത്തെ ടീമെന്ന ബഹുമതി സ്വന്തമാക്കാനുള്ള സുവര്‍ണ അവസരമാണ് ഇത്തവണത്തെ യൂറോ കപ്പ്. സ്പെയിനാണ് നേരത്തെ ഈ നേട്ടത്തിലെത്തിയിട്ടുള്ളത്.

  • Share this:
   യൂറോ കപ്പിലെ ആരാധകര്‍ കാത്തിരുന്ന മരണഗ്രൂപ്പിലെ മത്സരങ്ങള്‍ ഇന്ന് നടക്കും. പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എഫിലെ മത്സരങ്ങളാണ് ഇന്ന് നടക്കുക. വൈകീട്ട് 9.30ന് നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഹംഗറിയെ നേരിടുമ്പോള്‍ രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സും ജര്‍മനിയും ഏറ്റുമുട്ടും. കളത്തിലിറങ്ങുന്നത് വമ്പന്‍ ടീമുകള്‍ ആയതിനാല്‍ത്തന്നെ സൂപ്പര്‍ പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാനാകും.

   മരണഗ്രൂപ്പിലെ താരതമ്യേനെ ഏറ്റവും ചെറിയ ടീമായ ഹംഗറിയെ തകര്‍ത്തുകൊണ്ട് ജയത്തോടെ തുടങ്ങാനാകും റൊണാള്‍ഡോയും കൂട്ടരും ഇന്നിറങ്ങുക. ഹംഗറിയില്‍ വെച്ചാണ് മത്സരം നടക്കുന്നത്. മികച്ച ടീം തന്നെ പോര്‍ച്ചുഗലിനുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെന്ന വന്മരത്തെ അമിതമായി ആശ്രയിക്കുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. ലയണല്‍ മെസ്സി തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോള്‍ നേടി കോപ്പ അമേരിക്കയില്‍ വരവറിയിച്ചതിനാല്‍ യൂറോയില്‍ തിളങ്ങേണ്ടത് റൊണാള്‍ഡോയേ സംബന്ധിച്ച് അഭിമാന പ്രശ്നം കൂടിയാണ്.

   എന്നാല്‍ പ്രതാപ കാലത്തെ മികവൊന്നും ഇപ്പോള്‍ ഹംഗറിക്ക് ഇല്ലായെങ്കിലും അവരെ അത്ര ചെറിയ എതിരാളികളായി കണക്കാക്കാന്‍ ആകില്ല. അവസാന 11 മത്സരങ്ങളില്‍ പരാജയം അറിയാതെയാണ് ഹംഗറി യൂറോ കപ്പിന് എത്തുന്നത്. പോര്‍ച്ചുഗലിന് തുടര്‍ച്ചയായി രണ്ട് തവണ യൂറോ കപ്പ് നേടുന്ന രണ്ടാമത്തെ ടീമെന്ന ബഹുമതി സ്വന്തമാക്കാനുള്ള സുവര്‍ണ അവസരമാണ് ഇത്തവണത്തെ യൂറോ കപ്പ്. സ്പെയിനാണ് നേരത്തെ ഈ നേട്ടത്തിലെത്തിയിട്ടുള്ളത്.

   മറ്റൊരു മത്സരത്തില്‍ മ്യൂണിചിലെ അലിയന്‍സ് അറീനയില്‍ നടക്കുന്നത് യൂറോ ഫിക്‌സ്ചര്‍ വന്നപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരുന്ന മത്സരമാണ്. 2018ലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സും 2014ലെ ലോകകപ്പ് ജേതാക്കളായ ജര്‍മനിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരം തീ പാറുമെന്നത് നിസ്സംശയം പറയാം. കഴിഞ്ഞ യൂറോ കപ്പ് സെമി ഫൈനലില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചായിരുന്നു ഫ്രാന്‍സ് ഫൈനലിലേക്ക് കടന്നത്. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ അവസാന അഞ്ചു തവണ നേരിട്ടപ്പോഴും തോല്‍പ്പിക്കാന്‍ ലോവിന്റെ ജര്‍മ്മനിക്കായിട്ടില്ല. പരിശീലകന്‍ ലോയുടെ അവസാന ടൂര്‍ണമെന്റാണിത് എന്നതുകൊണ്ട് തന്നെ കിരീടം നേടി അദ്ദേഹത്തെ യാത്ര അയക്കാന്‍ ആണ് ജര്‍മ്മന്‍ താരങ്ങള്‍ ഒരുങ്ങുന്നത്.

   എംബാപ്പെ, ഗ്രിസ്മാന്‍, ബെന്‍സേമ, പോള്‍ പോഗ്ബ, ഒലിവര്‍ ജിറൗഡ്, ഡെംബല്ലെ, എന്‍ഗോളോ കാന്റെ, റാഫേല്‍ വരാനെ, ബെഞ്ചമിന്‍ പവാര്‍ഡ് തുടങ്ങിയ വലിയ താരനിരയാണ് ഫ്രാന്‍സിന്റെ ശക്തി. ജര്‍മനിക്കൊപ്പവും മികച്ച താരനിരയാണുള്ളത് മുള്ളര്‍, കായ് ഹവേര്‍ട്‌സ്, ഗ്‌നാബറി, വെര്‍ണര്‍ എന്നിവരടങ്ങുന്ന അറ്റാക്കിലാണ് ജര്‍മ്മനിയുടെ പ്രതീക്ഷ. മധ്യനിരയില്‍ ക്രൂസും ഗുണ്ടഗോനും ആകും ഇന്ന് ഇറങ്ങുക. വല കാക്കാന്‍ മാനുവല്‍ ന്യൂയറുമുണ്ടാവും. എന്നിരുന്നാലും സമീപകാലത്തെ ടീമിന്റെ പ്രകടനം അത്ര മികച്ചതല്ല.
   Published by:Sarath Mohanan
   First published:
   )}