നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ചെൽസിയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ച് ലുകാകു; ലണ്ടൻ ഡാർബിയിൽ ആഴ്‌സണലിനെതിരെ ചെൽസിക്ക് ജയം

  ചെൽസിയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ച് ലുകാകു; ലണ്ടൻ ഡാർബിയിൽ ആഴ്‌സണലിനെതിരെ ചെൽസിക്ക് ജയം

  ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ​ഗോളുകള്‍ക്കായിരുന്നു ചെൽസിയുടെ വിജയം.

  • Share this:
   പ്രീമിയർ ലീഗിൽ ചെൽസിയിലേക്കുള്ള തന്റെ രണ്ടാം വരവ് ഗോളടിച്ച് ആഘോഷമാക്കി ബെൽജിയൻ സൂപ്പർ സ്‌ട്രൈക്കർ റൊമേലു ലുകാകു. പ്രീമിയർ ലീഗിൽ ലണ്ടൻ ഡാർബിയിൽ ആഴ്‌സണലിനെതിരെ വിജയം നേടി ചെൽസി. ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ​ഗോളുകള്‍ക്കായിരുന്നു ചെൽസിയുടെ വിജയം.

   പ്രീമിയർ ലീഗിൽ പുതിയ സീസണിൽ മികച്ച തുടക്കമാണ് ചെൽസിക്ക് ലഭിച്ചിരിക്കുന്നത്. തുടരെ രണ്ട് മത്സരങ്ങളിൽ ജയിച്ച ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ഇത്തവണത്തെ ലീഗ് കിരീടം നേടാൻ സാധ്യത കല്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ്. ചെല്‍സി തുടര്‍ച്ചയായ രണ്ടാം വിജയവുമായി മുന്നേറിയപ്പോൾ മറുവശത്ത് ആഴ്സണലിന്റെ തുടരെയുള്ള രണ്ടാം തോല്‍വി കൂടിയായി മത്സരം മാറി.

   കളിയുടെ ആദ്യ പകുതിയില്‍ തന്നെയാണ് ചെല്‍സി അവരുടെ രണ്ട് ​ഗോളുകളും നേടിയത്. ഒരിടവേളയ്ക്ക് ശേഷം ചെൽസിയിലേക്ക് തിരിച്ചെത്തിയ ബെല്‍ജിയം സ്ട്രൈക്കര്‍ റൊമേലു ലുകാകു ഗോൾ തന്റെ രണ്ടാം വരവ് ഗോൾ നേട്ടത്തിലൂടെ ആഘോഷിച്ചപ്പോൾ മത്സരത്തിന്റെ 15ാ൦ മിനിറ്റിൽ തന്നെ മുന്നിൽ എത്തുകയായിരുന്നു. പിന്നാലെ 35ാ൦ മിനിറ്റിൽ റീസെ ജെയിംസ് ചെൽസിയുടെ രണ്ടാം ഗോൾ നേടി.

   15ാ൦ മിനിറ്റിൽ കായ് ഹവേര്‍ട്സ് നല്‍കിയ മനോഹരമായ പാസ് സ്വീകരിച്ച്‌ വലതു വിങ്ങില്‍ നിന്നും റീസെ ജെയിംസ് ബോക്സിലേക്ക് നല്‍കിയ പാസിൽ നിന്നും ഒരു ടാപ്-ഇൻ ഗോളിലൂടെയാണ് ലുകാകു ചെൽസിയുടെ അക്കൗണ്ട് തുറന്നത്. പിന്നാലെ മേസണ്‍ മൗണ്ടിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ജെയിംസിന്റെ ഗോള്‍.

   രണ്ടാം പകുതിയില്‍ ആഴ്സണല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും തിരിച്ചുവരാന്‍ അവര്‍ക്ക് സാധിച്ചില്ല. മികച്ച അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറിയ ആഴ്‌സണൽ താരങ്ങളുടെ മുന്നേറ്റങ്ങൾ എല്ലാം തന്നെ ചെൽസി ഗോളി മെൻഡിയുടെ മുന്നിൽ നിഷ്പ്രഭമാവുകയായിരുന്നു. കളിയുടെ 78ാം മിനിറ്റില്‍ ലുകാകു തന്റെ രണ്ടാം ഗോളിന് അടുത്തിയെങ്കിലും താരത്തിന്റെ ഹെഡ്ഡര്‍ ആഴ്‌സണൽ ഗോളി ലെനോയുടെ കൈയിലും ഗോൾപോസ്റ്റിലും തട്ടി പുറത്തേക്ക് പോവുകയായിരുന്നു.

   അതേസമയം, ആഴ്‌സണലിന് നിരാശജനകമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ചെൽസിയോട് തോറ്റ അവർ ആദ്യ മത്സരത്തില്‍ ബ്രെന്റ്ഫോര്‍ഡിനോട് പരാജയപ്പെട്ടിരുന്നു. ഇതിനുപുറമെ ഈ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ പോലും നേടാൻ പീരങ്കിപ്പടയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ട് മത്സരങ്ങളും തോറ്റ അവർ നിലവിൽ ലീഗിൽ അവസാന സ്ഥാനങ്ങളിലാണ്.
   Published by:Naveen
   First published: