നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • പ്രീമിയർ ലീഗിൽ വീണ്ടും പണക്കിലുക്കം; ന്യുകാസിൽ യുണൈറ്റഡിനെ വമ്പൻ വിലയ്ക്ക് വാങ്ങി സൗദി ഗ്രൂപ്പ്

  പ്രീമിയർ ലീഗിൽ വീണ്ടും പണക്കിലുക്കം; ന്യുകാസിൽ യുണൈറ്റഡിനെ വമ്പൻ വിലയ്ക്ക് വാങ്ങി സൗദി ഗ്രൂപ്പ്

  സൗദി കിരീടവകാശിയുടെ കീഴിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ക്ലബിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കി പൂർണ ഉടമസ്ഥാവകാശം നേടിയെടുത്തത്.

  Image credits: Newcastle United, Twitter

  Image credits: Newcastle United, Twitter

  • Share this:
   ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബായ ന്യുകാസിൽ യുണൈറ്റഡ് ഇനി സൗദിയുടെ ഉടമസ്ഥതയിൽ. സൗദി കിരീടവകാശിയുടെ കീഴിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ക്ലബിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കി പൂർണ ഉടമസ്ഥാവകാശം നേടിയെടുത്തത്. 300 മില്യൺ പൗണ്ട് (2200 കോടി രൂപ) മുടക്കിയാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ക്ലബിന്റെ ഉടമസ്ഥാവകാശം നേടി എടുത്തിരിക്കുന്നത്.

   ന്യൂകാസില്‍ അപ്പോണ്‍ ടൈന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബാണ് ന്യൂകാസില്‍ യുണൈറ്റഡ്. ന്യൂകാസില്‍ ഈസ്റ്റ് എന്‍ഡ്, ന്യൂകാസില്‍ വെസ്റ്റ് എന്‍ഡ് എന്നീ രണ്ടു ക്ലബ്ബുകളുടെ ലയനത്തിലൂടെയാണ് 1892-ല്‍ ക്ലബ് സ്ഥാപിതമായത്. സെന്‍റ് ജെയിംസ് പാര്‍ക്ക് ആണ് ന്യൂകാസിലിന്‍റെ ഹോം ഗ്രൗണ്ട്. പ്രീമിയർ ലീഗിൽ നാല് തവണ കിരീടം നേടിയിട്ടുള്ള ടീമാണ് ന്യുകാസിൽ. എന്നാൽ പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി, ലിവർപൂൾ, ചെൽസി എന്നിങ്ങനെയുള്ള ടീമുകളെ എല്ലാം വമ്പന്മാർ ഏറ്റെടുത്തതോടെ അവരുടെ പണക്കൊഴുപ്പിന് മുന്നിൽ പുറകോട്ട് പോവുകയായിരുന്നു ന്യുകാസിൽ.


   സീസണിൽ പോയിന്റ് ടേബിളിൽ 12ാ൦ സ്ഥാനത്താണ് ന്യുകാസിൽ നിൽക്കുന്നത്. എന്തായാലും ക്ലബിനെ സൗദി ഉടമകൾ ഏറ്റെടുത്തതോടെ ക്ലബിന്റെ പ്രകടനം മെച്ചപ്പെടും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ക്ലബിന്റെ സാമ്പത്തിക ഭദ്രത ഉറപ്പായതോടെ വരും നാളുകളിൽ വമ്പൻ കളിക്കാർ ക്ലബിന്റെ കീഴിൽ അണിനിരന്നേക്കും. ഇതുവഴി വീണ്ടും പ്രീമിയർ ലീഗിലെ മുൻനിരയിലേക്ക് മടങ്ങിയെത്തുക എന്നതാണ് ന്യുകാസിൽ ആരാധകരും സ്വപ്നം കാണുന്നത്. ന്യുകാസിലിനെ ഏറ്റെടുത്തതോടെ പ്രീമിയർ ലീഗ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന ഖത്തര്‍ ചാനലായ ബീന്‍ സ്പോര്‍ട്സിന്‍റെ നിരോധവും സൗദി കഴിഞ്ഞ ദിവസം നീക്കിയിരുന്നു.

   മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചുവന്ന ചെകുത്താന്മാർ എന്നും ലിവർപൂളിനെ ചെമ്പടയെന്നും വിളിക്കുന്ന പോലെ ന്യുകാസിൽ യുണൈറ്റഡ് ദ മാഗ്പൈസ്, ദ ടൂണ്‍ എന്നീ വിളിപ്പേരുകളിലാണ് അറിയപ്പെടുന്നത്. ഒരു മികച്ച ആരാധകവൃന്ദം തന്നെ സ്വന്തമായുള്ള ടീമാണ് ന്യുകാസിൽ. ക്ലബിനെ കേന്ദ്രീകരിച്ച് ഒരു സിനിമയും പുറത്തിറങ്ങിയിരുന്നു. 2006 ൽ ഡാനി കാനൺ സംവിധാനം ചെയ്ത ' ഗോൾ - ദി ഡ്രീം ബിഗിൻസ്' എന്ന ചിത്രം പാവപ്പെട്ട പശ്ചാത്തലത്തിൽ നിന്നും ഇംഗ്ലണ്ടിന്റെ മുൻനിര ക്ലബായ ന്യുകാസിലിന്റെ സൂപ്പർ താരമായി വളരുന്ന ഒരു യുവാവിന്റെ കഥയാണ് പറഞ്ഞിരുന്നത്. ചിത്രത്തിൽ ന്യുകാസിലിന്റെ ചരിത്രവും ഒപ്പം അവരുടെ ആരാധകവൃന്ദത്തിന്റെ ടീമിനോടുള്ള ആവേശവും വളരെ വ്യക്തമായി തന്നെ സംവിധായകൻ വരച്ചു കാട്ടുന്നുണ്ട്. ഈ പഴയകാല പ്രതാപത്തിലേക്ക് ഉള്ള ഒരു മടങ്ങിപ്പോക്കാണ് സൗദി ആസ്ഥാനമായുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുത്തതോടെ ആരാധകർ സ്വപ്നം കാണുന്നത്.
   Published by:Naveen
   First published: