നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Premier League | തിരിച്ചുവരവിന്റെ രാജാക്കന്മാര്‍; ആസ്റ്റണ്‍ വില്ലക്കെതിരെയും ജയം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

  Premier League | തിരിച്ചുവരവിന്റെ രാജാക്കന്മാര്‍; ആസ്റ്റണ്‍ വില്ലക്കെതിരെയും ജയം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

  ആസ്റ്റണ്‍ വില്ലക്കെതിരെ നടന്ന മത്സരത്തില്‍ ആദ്യം ഗോള്‍ വഴങ്ങിയതിന് ശേഷമായിരുന്നു മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആവേശ ജയം സ്വന്തമാക്കിയത്

  മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്

  മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്

  • Share this:
   തിരിച്ചുവരവിന്റെ രാജാക്കന്മാരെന്ന വിശേഷണം തങ്ങള്‍ക്ക് വെറുതെ പതിച്ചു കിട്ടിയതല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് പ്രീമിയര്‍ ലീഗിലെ ചുവന്ന ചെകുത്താന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം. ആസ്റ്റണ്‍ വില്ലക്കെതിരെ നടന്ന മത്സരത്തില്‍ ആദ്യം ഗോള്‍ വഴങ്ങിയതിന് ശേഷമായിരുന്നു മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആവേശ ജയം സ്വന്തമാക്കിയത്.

   ഇന്നലെ വൈകിട്ട് ആസ്റ്റണ്‍ വില്ലയുടെ ഹോംഗ്രൗണ്ടായ വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ 24ആം മിനുട്ടില്‍ ബെര്‍ട്രാന്‍ഡ് ട്രവോറെ നേടിയ ഗോളില്‍ വില്ലയാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്. അസാധ്യമെന്നു തോന്നുന്ന ഒരു ആങ്കിളില്‍ നിന്ന് മികച്ച ഒരു ഫിനിഷിലൂടെയായിരുന്നു ട്രയോറെ വില്ലയെ മുന്നില്‍ എത്തിച്ചത്. മറുവശത്ത്, യുണൈറ്റഡ് അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നെങ്കിലും ഗോള്‍ നേടാന്‍ മാത്രം അവര്‍ക്ക് കഴിഞ്ഞില്ല. മറുവശത്ത് ആസ്റ്റണ്‍ വില്ലയാവട്ടെ അവര്‍ക്ക് ലഭിച്ച അവസരം മുതലാക്കി അവര്‍ കളിയില്‍ ലീഡ് എടുക്കുകയും ചെയ്തു.

   രണ്ടാം പകുതിയിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗംഭീര തിരിച്ചു വരവ്. സമനില ഗോളിനായി ആക്രമിച്ച് കളിച്ച അവര്‍ക്ക് വൈകാതെ തന്നെ അതിന്റെ ഫലം കിട്ടി. യുണൈറ്റഡ് താരം പോഗ്ബയെ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി യുണൈറ്റഡിന് അനുകൂലമായി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത ബ്രൂണൊ ഫെര്‍ണാണ്ടസ് വില്ല ഗോളി മാര്‍ട്ടിനെസിനെ എതിര്‍ ദിശയിലേക്ക് പറഞ്ഞയച്ച് പന്ത് വലയില്‍ എത്തിച്ചു. 52ആം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പെനല്‍റ്റി ഗോളില്‍ മത്സരം സമനിലയിലാക്കിയ യുണൈറ്റഡ്, നാല് മിനുട്ടുകള്‍ക്ക് ശേഷം മേസണ്‍ ഗ്രീന്‍വുഡിലൂടെ ലീഡ് ഉയര്‍ത്തി. വലതു വിങ്ങില്‍ നിന്ന് വാന്‍ ബിസാക നല്‍കിയ പാസ് സ്വീകരിച്ച് പെട്ടെന്ന് തിരിഞ്ഞ് വില്ലയുടെ പ്രതിരോധ നിരയെ
   കബളിപ്പിച്ച ഗ്രീന്‍വുഡ് തൊടുത്ത നിലംപറ്റെയുള്ള ഇടം കാലന്‍ ഷോട്ട് വിലയുടെ വലയിലേക്ക് കയറി. അവസാന പത്തു മത്സരങ്ങളില്‍ നിന്ന് താരത്തിന്റെ ഏഴാമത്തെ ഗോളായിരുന്നു ഇത്.

   Also Read- ഇംഗ്ലണ്ടിനെതിരായ പരമ്പര ആര് നേടും? ഇംഗ്ലണ്ടിൽ അവസാനമായി ഇന്ത്യക്ക് പരമ്പര നേടിത്തന്ന രാഹുൽ ദ്രാവിഡ്‌ പ്രവചിക്കുന്നു

   മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ക്യാപ്റ്റന്‍ മഗ്വയര്‍ പരുക്കേറ്റ് പുറത്ത് പോയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആശങ്ക നല്‍കി. എങ്കിലും 87ആം മിനുട്ടില്‍ റാഷ്‌ഫോര്‍ഡിന്റെ ക്രോസില്‍ നിന്ന് ഒരു മനോഹരമായ ഹെഡറിലൂടെ കവാനി നേടിയ ഗോളില്‍ യുണൈറ്റഡ് വിജയമുറപ്പിക്കുകയുമായിരുന്നു. മത്സരത്തില്‍ വില്ല താരം വാട്കിന്‍സ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ അവസാന നിമിഷങ്ങളില്‍ അവര്‍ പത്ത് പേരുമായാണ് കളിച്ചത്.

   വില്ലക്കെതിരായ വിജയത്തോടെ 34 മത്സരങ്ങളില്‍ 70 പോയിന്റായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇനി ഒരു മൂന്ന് പോയിന്റ് കൂടെ നേടിയാല്‍ ലീഗിലെ രണ്ടാം സ്ഥാനവും ഉറപ്പിക്കാം. ഈ വിജയത്തോടെ അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ഉറപ്പിക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞു. ഇതുകൂടാതെ ഇന്നലെ നേടിയ വിജയം കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് കൂട്ടാനും യുണൈറ്റഡിനായി. ചൊവ്വാഴ്ച ലെസ്റ്റര്‍ സിറ്റിക്കെതിരെയാണ് ലീഗില്‍ അവരുടെ അടുത്ത പോരാട്ടം.

   ആസ്റ്റണ്‍ വില്ലക്കെതിരെ നടന്ന മത്സരത്തില്‍ പിന്നില്‍ നിന്ന് തിരിച്ചടിച്ച് തകര്‍പ്പന്‍ ജയം നേടിയതോടെ ചുവന്ന ചെകുത്താന്മാര്‍ക്ക് സ്വന്തമായത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് കൂടിയാണ്. 2020-21 സീസണ്‍ പ്രീമിയര്‍ ലീഗില്‍ ആദ്യം ഗോള്‍ വഴങ്ങിയതിന് ശേഷം യുണൈറ്റഡ് വിജയം നേടുന്ന പത്താമത്തെ പോരാട്ടമായിരുന്നു ഇത്. ഇതോടെ പ്രീമിയര്‍ ലീഗിന്റെ ഒരു സീസണില്‍ ആദ്യം ഗോള്‍ വഴങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ടീമെന്ന റെക്കോര്‍ഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തമായി.
   Published by:Jayesh Krishnan
   First published: