ഇന്ത്യന്‍ ടീം താരങ്ങളായ പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ലണ്ടനില്‍ നിര്‍ബന്ധിത ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കി ടീമിനൊപ്പം ചേര്‍ന്നു. ലോര്‍ഡ്സ് ടെസ്റ്റിലെ മൂന്നാം ദിനം ഗാലറിയില്‍ പൃഥ്വിയും സൂര്യകുമാറും രണ്ടാം ടെസ്റ്റ് വീക്ഷിക്കുന്നതിന്റെ ചിത്രം ബി സി സി ഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.
ശ്രീലങ്കയ്ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കിടെയാണ് പൃഥ്വി ഷായെയും സൂര്യകുമാര്‍ യാദവിനേയും ഇംഗ്ലണ്ടിലേക്ക് ഇന്ത്യന്‍ മാനേജ്മെന്റ് ക്ഷണിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിലെത്തിയ ശേഷം കൊവിഡ് ക്വാറന്റീന് താരങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. പരിക്കേറ്റ ശുഭ്മാന്‍ ഗില്‍, ആവേശ് ഖാന്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് പകരമാണ് ബി സി സി ഐ ഇരുവരെയും ഇംഗ്ലണ്ടിലേക്ക് അയച്ചിരിക്കുന്നത്.
നേരത്തെ ശ്രീലങ്കന്‍ പര്യടനത്തിനിടെ ക്രൂണല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ സൂര്യകുമാറും പൃഥ്വിയും കൊളംബോയില്‍ ടീമിലെ മറ്റ് 7 ഇന്ത്യന്‍ കളിക്കാര്‍ക്കൊപ്പം ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. അതിനുശേഷമാണ് ഇരുവരും ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചത്.
പൃഥ്വിയും സൂര്യകുമാറും ടീമിനൊപ്പം ചേര്‍ന്നത് ഇന്ത്യന്‍ ടീമിന് ആശ്വാസമാണ്. കരിയറിലെ അഞ്ച് ടെസ്റ്റില്‍ ഒരു സെഞ്ചുറി സഹിതം 339 റണ്‍സ് ഷായ്ക്കുണ്ട്. 2020 ഡിസംബറില്‍ അഡ്ലെയ്ഡിലായിരുന്നു താരത്തിന്റെ അവസാന ടെസ്റ്റ് മത്സരം. അതേസമയം, സൂര്യകുമാര്‍ യാദവ് ഇതുവരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല. പരമ്പരയില്‍ അവസരം ലഭിച്ചാല്‍ ടെസ്റ്റ് ക്യാപ് ലഭിക്കുന്ന 303-ാം ഇന്ത്യന്‍ താരമാകും സൂര്യകുമാര്‍.
IND vs ENG | ലോര്‍ഡ്സില്‍ ഇന്ത്യ പ്രതിരോധത്തില്‍; നാലാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയില്‍ഇന്ത്യ- ഇംഗ്ലണ്ട് ലോര്‍ഡ്സ് ടെസ്റ്റില്‍ നാലാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയില്‍. 154 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് നിലവില്‍ ഉള്ളത്. ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം രഹാനെയും പൂജാരയും ചേര്‍ന്നാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നും മോയിന്‍ അലി രണ്ടും സാം കറന് ഒരു വിക്കറ്റും വീഴ്ത്തി.
നാലാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് സഖ്യം വേര്‍പിരിഞ്ഞത്. രണ്ടാം സെഷന് വിക്കറ്റ് നഷ്ടമില്ലാതെ അതിജീവിച്ചുവെങ്കിലും മൂന്നാം സെഷനില്‍ ഇരുവരെയും വീഴ്ത്തി ഇംഗ്ലണ്ട് തിരിച്ചടിച്ചു. 206 പന്ത് നേരിട്ട് 45 റണ്‍സെടുത്ത പൂജാരയെ മാര്‍ക് വുഡ് പുറത്താക്കുകയായിരുന്നു. രഹാനെയെ മോയിന്‍ അലിയാണ് വീഴ്ത്തിയത്. 61 റണ്‍സാണ് രഹാനെ നേടിയത്.
അധികം വൈകാതെ രവീന്ദ്ര ജഡേജയെയും വീഴ്ത്തി മോയിന്‍ അലി ഇംഗ്ലണ്ടിന് അനുകൂലമാക്കി കാര്യങ്ങള്‍ മാറ്റി. 14 റണ്‍സ് നേടിയ റിഷഭ് പന്തിനൊപ്പം 4 റണ്‍സുമായി ഇഷാന്ത് ശര്‍മ്മയാണ് ക്രീസിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.