വിജയം ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതല്ല', ദേശീയ ടീമില്‍ തിരിച്ചെത്തിയ പൃഥ്വി ഷാ പറയുന്നു
വിജയം ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതല്ല', ദേശീയ ടീമില്‍ തിരിച്ചെത്തിയ പൃഥ്വി ഷാ പറയുന്നു
അതിനുശേഷം അടുത്ത മത്സരങ്ങളില്‍ ഷായെ കളിപ്പിച്ചിരുന്നില്ല. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളിലും താരത്തെ പരിഗണിച്ചിരുന്നില്ല.
ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഒരുപാട് പരിഹാസങ്ങളും വിമര്‍ശനങ്ങളും ഏറ്റു വാങ്ങേണ്ടി വന്ന വ്യക്തിയാണ് പൃഥ്വി ഷാ. ഇതിന് ശേഷം താരം ടീമില്‍ നിന്നും പുറത്തായിരുന്നു. ഫൂട്ട് മൂവ്മെന്റ് ഇല്ലാത്തതിന്റെ പേരിലായിരുന്നു കൂടുതലും വിമര്‍ശനങ്ങള്‍. എന്നാല്‍ ഗംഭീര മറുപടിയാണ് ഈ സീസണിലെ ഐ പി എല്ലില്‍ പൃഥ്വി നല്‍കിയത്. ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും അസാധാരണ ടൈമിംഗോടെ അദ്ദേഹം ഗ്രൗണ്ടിന്റെ എല്ലാ വശത്തേക്കും ഷോട്ടുകള്‍ പായിക്കുന്നത് താരത്തിന്റെ ഇന്നിങ്സിലുടനീളം കാണാമായിരുന്നു. ഐ പി എല്‍ പാതിവഴിയില്‍ നിര്‍ത്തിയപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ഡല്‍ഹിയുടെ വിജയ തേരോട്ടത്തിന് പിന്നിലെ പ്രധാന ശക്തി ഈ യുവതാരമായിരുന്നു.
ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ പൃഥ്വി ഷായെ പരിഗണിച്ചിരുന്നില്ല. ഇതിനെതിരെ വിമര്‍ശനങ്ങളുമായി ഒട്ടേറെ മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ജൂലൈയില്‍ നടക്കാന്‍ പോകുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ പൃഥ്വി ഷായെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ മടങ്ങിവരവിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് യുവതാരം. ഒരു രാത്രികൊണ്ട് ഉണ്ടായിവരുന്നതല്ല വിജയമെന്നാണ് പൃഥ്വി ഷാ പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രത്തോടൊപ്പമാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. ശ്രീലങ്കന്‍ പര്യടനത്തില്‍ നായകന് ശിഖാര്‍ ധവാനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ പോകുന്നത് പൃഥ്വി ഷാ ആയിരിക്കും.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഡക്കായാണ് ഷാ മടങ്ങിയത്. രണ്ടാം ഇന്നിങ്സില്‍ വെറും നാല് റണ്‍സ് നേടുമ്പോഴേക്കും താരം കൂടാരം കയറി. അതിനുശേഷം അടുത്ത മത്സരങ്ങളില്‍ ഷായെ കളിപ്പിച്ചിരുന്നില്ല. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളിലും താരത്തെ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ഐ പി എല്‍ സീസണില്‍ തുടര്‍ച്ചയായി രണ്ട് അര്‍ദ്ധസെഞ്ച്വറികള്‍ നേടിയിരുന്നെങ്കിലും സ്ഥിരതയില്ലായ്മ കാരണം കുറച്ചു മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു.
ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ നായകന് പൃഥ്വി ഷാ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റിന്റെ ഒരു സീസണില്‍ 800ലധികം റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് പൃഥ്വി സ്വന്തം പേരിലാക്കിയത്. ഇതിഹാസങ്ങളില്‍ പലര്‍ക്കും സാധിക്കാതെ പോയ അപൂര്‍വ നേട്ടമാണ് പൃഥ്വി നേടിയത്. എട്ട് മത്സരത്തില്‍ നിന്ന് 827 റണ്‍സാണ് അദ്ദേഹം ഇത്തവണ വിജയ് ഹസാരെ ട്രോഫിയില്‍ അടിച്ചുകൂട്ടിയത്. ഈ സീസണിലെ ഐ പി എല്ലില്‍ ഗംഭീര പ്രകടനമായിരുന്നു യുവതാരം പൃഥ്വി ഷാ പുറത്തെടുത്തത്. ഷായുടെയും ധവാന്റെയും തകര്‍പ്പന്‍ ഓപ്പണിങ്ങ് കൂട്ടുകെട്ടിന്റെ പിന്‍ബലത്തിലായിരുന്നു ഡല്‍ഹി ടീം ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പുകള്‍ നടത്തിക്കൊണ്ടിരുന്നത്. ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 308 റണ്‍സാണ് യുവതാരം പൃഥ്വി ഷാ അടിച്ചുകൂട്ടിയത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.