തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കാണാന്‍ കാണികളെത്താത്തില് നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് കായിക മന്ത്രി വി അബ്ദുള്‍ റഹിമാന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ആരാധകര്‍ മത്സരം കാണാതിരിക്കുകയായിരുന്നില്ല മന്ത്രിയെ ബഹിഷ്കരിക്കുകയാണ് വേണ്ടിയിരുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. ബഹിഷ്കരണം നടത്തുന്നവർ ആർക്കെതിരെയാണോ പ്രതിഷേധിക്കുന്നത് ആ വ്യക്തിയെയായിരിക്കണം ലക്ഷ്യം വെക്കേണ്ടതെന്നും ശശി തരൂര്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
‘മത്സരം കാണാൻ പോലും മെനക്കെടാതിരുന്ന സ്പോർട്സ് മന്ത്രിയെ സംബന്ധിച്ചിടത്തോളം സ്റ്റേഡിയം നിറഞ്ഞിട്ടുണ്ടോ അതോ കാലിയാണോ എന്നതൊരു പ്രശ്നമല്ല. അതുകൊണ്ടു തന്നെ ഈ ബഹിഷ്കരണം അദ്ദേഹത്തെ ബാധിക്കാൻ ഇടയില്ല.യഥാർത്ഥത്തിൽ പ്രതിഷേധിക്കുന്നവർ ബഹിഷ്കരിക്കേണ്ടിയിരുന്നത് മന്ത്രിയെയാണ്; ക്രിക്കറ്റ് കളിയെ ആയിരുന്നില്ല’- ശശി തരൂർ പറഞ്ഞു.
‘ഇന്നലത്തെ കാലിയായ സ്റ്റേഡിയം ഒരു കാരണമായി BCCI നമുക്കെതിരെ ഒരു തീരുമാനമെടുത്താൽ കേരളത്തിലെ കായികപ്രേമികളെയാണ് അത് പ്രതികൂലമായി ബാധിക്കുന്നത് എന്നത് നാം മനസ്സിലാക്കേണ്ടതാണ്. ഈ അഭിപ്രായമാണ് ഞാൻ സ്റ്റേഡിയത്തിൽ വെച്ച് പ്രകടിപ്പിച്ചത്. പക്ഷെ, എന്റെ അഭിപ്രായം ഭാഗികമായും വ്യത്യസ്തവുമായുമാണ് റിപ്പോർട്ട് ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. അത് കൊണ്ടാണ് ഇത്തരമൊരു വിശദീകരണം നടത്തേണ്ടി വന്നത്. ഒരു ക്രിക്കറ്റ് ഫാൻ എന്ന നിലക്കും തിരുവനന്തപുരം ടോപ് ക്ലാസ് ക്രിക്കറ്റിന്റെ വേദിയാകണം എന്നാഗ്രഹിക്കുന്ന സ്ഥലം എം പി എന്ന നിലക്കുമുള്ള എൻ്റെ വിശദീകരണം എല്ലാവർക്കും വ്യക്തമായിക്കാണുമെന്ന് വിശ്വസിക്കുന്നു’- എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.