• HOME
  • »
  • NEWS
  • »
  • sports
  • »
  • Chess Olympiad | ചെസ് ഒളിമ്പ്യാഡില്‍ നിന്ന് പിന്മാറിയതിന് ന്യായീകരണവുമായി പാകിസ്ഥാൻ

Chess Olympiad | ചെസ് ഒളിമ്പ്യാഡില്‍ നിന്ന് പിന്മാറിയതിന് ന്യായീകരണവുമായി പാകിസ്ഥാൻ

ജൂലൈ 2ന് കാശ്മീരിലൂടെ (kashmir) ഇന്ത്യ നടത്തിയ ദീപശിഖാ പ്രയാണമാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്

Pakistan chess team (Twitter)

Pakistan chess team (Twitter)

  • Last Updated :
  • Share this:
    തമിഴ്നാട്ടിലെ മഹാബലിപുരം എന്നറിയപ്പെടുന്ന മാമല്ലപുരത്ത് (Mamallapuram) ആരംഭിച്ച 44-മത് ചെസ് ഒളിമ്പ്യാഡില്‍ (chess olympiad) നിന്നും പാക്കിസ്ഥാന്‍ (pakistan) പിന്മാറി. മത്സരത്തിനായി പാക് ടീം ഇന്ത്യയില്‍ (india) എത്തിയതിന് ശേഷമാണ് ഈ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്. ജൂലൈ 2ന് കാശ്മീരിലൂടെ (kashmir) ഇന്ത്യ നടത്തിയ ദീപശിഖാ പ്രയാണമാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്.

    പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്

    'ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ (FIDA) പാക്കിസ്ഥാനെ ക്ഷണിച്ചിരുന്നു. ഒരു പാക്കിസ്ഥാന്‍ സംഘം പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇതിനോടകം പരിശീലനം പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍ ' ഇന്ത്യ അഭിമാനകരമായ ഈ അന്താരാഷ്ട്ര കായിക പരിപാടിയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചു' എന്നാണ് ദീപശിഖാ പ്രയാണത്തെ ഉദ്ധരിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് അസിം അഫ്തിഖര്‍ റേഡിയോ പാക്കിസ്ഥാനോട് പറഞ്ഞു.

    ചെസ് ഒളിമ്പ്യാഡ് ബഹിഷ്‌ക്കരിച്ചു കൊണ്ട് പാക്ക് വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയും പുറത്തിറക്കി. 'രാഷ്ട്രീയവും കായികവും തമ്മില്‍ കൂട്ടിക്കലര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ പാക്കിസ്ഥാന്‍ അപലപിക്കുന്നു. പ്രതിഷേധ സൂചകമായി, 44-ാമത് ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കേണ്ടെന്ന് പാകിസ്ഥാന്‍ തീരുമാനിക്കുകയും വിഷയം ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്റെ ഉന്നതാധികാരികളെ അറിയിക്കുകയും ചെയ്യും' പാക്കിസ്ഥാൻ പ്രസ്താവനയില്‍ വിശദീകരിച്ചു.

    ഇന്ത്യയുടെ പ്രതികരണം

    പാക്കിസ്ഥാന്റെ പിന്‍വാങ്ങല്‍ ആശ്ചര്യകരമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പാക് ടീം ഇന്ത്യയിലെത്തിയതിനു ശേഷം ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കേണ്ടെന്ന് പാകിസ്ഥാന്‍ തീരുമാനിച്ചത് ആശ്ചര്യകരമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു അന്താരാഷ്ട്ര പരിപാടിയെ ചില പ്രസ്താവനകള്‍ ഇറക്കിക്കൊണ്ട് പാക്കിസ്ഥാന്‍ രാഷ്ട്രീയവല്‍ക്കരിച്ചത് നിര്‍ഭാഗ്യകരമാണെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

    2022 ചെസ് ഒളിമ്പ്യാഡ്

    പാക്കിസ്ഥാനെ കൂടാതെ ചൈനയും തങ്ങളുടെ ടീമിനെ മത്സരത്തിനായി അയയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ടീമിനെ FIDA മത്സരത്തില്‍ നിന്നും വിലക്കിയിട്ടുണ്ട്. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ചെസ് താരമായ നോര്‍വേയുടെ മാഗ്‌നസ് കാള്‍സണും പരിപാടിക്കായി ചെന്നൈയില്‍ എത്തിയിട്ടുണ്ട്.

    ആഗസ്റ്റ് 9 നാണ് ടൂര്‍ണമെന്റ് അവസാനിക്കുന്നത്. ദൂരദര്‍ശനിലൂടെ മത്സരം തത്സമയമായി സംപ്രേക്ഷണം ചെയ്യും. ചെസ് ബേസ് ഇന്ത്യ, FIDE എന്നിവയുടെ യൂട്യൂബ് ചാനലുകളിലൂടെയും മത്സരങ്ങള്‍ കാണാന്‍ സാധിക്കും.

    രാജ്യം ആദ്യമായാണ് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നത്. 12 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിന് മഹാബലിപുരമാണ് വേദിയാകുന്നത്. 187 രാജ്യങ്ങളാണ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നത്.

    ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെയാണ് ചെസ് ഒളിമ്പ്യാഡ് നടക്കുക. 44-ാമത് ചെസ് ഒളിമ്പ്യാഡില്‍ 187 രാജ്യങ്ങളില്‍ നിന്നുള്ള 343 ടീമുകളാണ് പങ്കെടുക്കുന്നത്. ഓപ്പണ്‍ വിഭാഗത്തില്‍ 189 ടീമുകളും വനിതാ വിഭാഗത്തില്‍ 154 ടീമുകളും പങ്കെടുക്കും.

    ആതിഥേയ രാജ്യം എന്ന നിലയില്‍ ഇന്ത്യക്ക് രണ്ട് വിഭാഗങ്ങളിലും ഒരു അധിക ടീമിനെ വീതംഇറക്കാന്‍ അര്‍ഹതയുണ്ട്. ഒറ്റസംഖ്യ എന്‍ട്രികള്‍ ഉണ്ടായാല്‍ ഒരു മൂന്നാം ടീമിനെ ഫീല്‍ഡ് ചെയ്യാനും രാജ്യത്തിന് അവസരമുണ്ട്. ഓള്‍-ഇന്ത്യ ചെസ് ഫെഡറേഷന്‍ ചെസ് ഒളിമ്പ്യാഡിനായി 5 അംഗങ്ങള്‍ വീതമുള്ള രണ്ട് പുരുഷ, വനിതാ ടീമുകളായി തിരിച്ച് 20 അംഗ ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
    Published by:Rajesh V
    First published: