HOME » NEWS » Sports » PROTESTS OUTSIDE AND STRUGGLE INSIDE MAN UNITED LOSE TO LIVERPOOL BY 4 2 AT OLD TRAFFORD INT NAV

ഓൾഡ് ട്രാഫോഡിന് പുറത്ത് പ്രതിഷേധം; അകത്ത് ലിവർപൂളിനെതിരെ വമ്പൻ തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

ലിവർപൂളിനോട് തോറ്റെങ്കിലും ലീഗിലെ പോയിൻ്റ് പട്ടികയിൽ 36 മത്സരങ്ങളിൽ നിന്ന് 70 പോയന്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്നു. 35 മത്സരങ്ങളിൽ നിന്ന് 60 പോയന്റുള്ള ലിവർപൂൾ അഞ്ചാം സ്ഥാനത്താണ്.

News18 Malayalam | news18-malayalam
Updated: May 14, 2021, 7:57 PM IST
ഓൾഡ് ട്രാഫോഡിന് പുറത്ത് പ്രതിഷേധം; അകത്ത്  ലിവർപൂളിനെതിരെ വമ്പൻ തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്
News18 Malayalam
  • Share this:
ഓൾഡ്ട്രാഫോഡ് സ്റ്റേഡിയത്തിന്റെ അകത്തും പുറത്തും നിലനിൽപ്പിന് പ്രതിസന്ധി നേരിട്ട് മാഞ്ചെസ്റ്റർ യുണൈറ്റഡ് ക്ലബ്. യൂറോപ്യൻ സൂപ്പർ ലീഗുമായി സഹകരിച്ചതുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബ് ഉടമകളായ ഗ്ലേസർ കുടുംബത്തിനെതിരേ ഓൾഡ്ട്രാഫോഡിന്റെ പുറത്ത് ആരാധക പ്രതിഷേധം നടന്ന ദിവസം തന്നെ സ്റ്റേഡിയത്തിനകത്ത് ലിവർപൂളിനോട് വമ്പൻ തോൽവി ഏറ്റുവാങ്ങി മാഞ്ചെസ്റ്റർ യുണൈറ്റഡ്.

രണ്ടിനെതിരേ നാലു ഗോളുകൾക്കാണ് യുണൈറ്റഡിനെ ലിവർപൂൾ ഓൾഡ് ട്രാഫോർഡിൽ വച്ച് തകർത്ത് വിട്ടത്. 11 ദിവസങ്ങൾക്കു മുമ്പ് ആരാധകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന് ഒരു കൂട്ടം ആരാധകർ സ്റ്റേഡിയത്തിലേക്ക് കയറി മൈതാനം കയ്യടിക്കയതോടെ മാറ്റിവെച്ച മത്സരമായിരുന്നു ഇത്. അന്ന് ഓൾഡ് ട്രാഫോർഡ് മൈതാനം കൈയ്യേറിയ അവർ യുണൈറ്റഡ് താരങ്ങൾ താമസിച്ച ഹോട്ടലിന് മുന്നിൽ വച്ച് അവരെ തടയുകയും ചെയ്തിരുന്നു.

യുർഗൻ ക്ലോപ്പ് പരിശീലകനായ ശേഷം ഇതാദ്യമായാണ് ലിവർപൂൾ, യുണൈറ്റഡിനെ ഓൾഡ്ട്രാഫോർഡിൽ തോൽപ്പിക്കുന്നത്. കളി തുടങ്ങി പത്ത് മിനുട്ട് ആയപ്പോഴേക്കും തന്നെ വീണ ഗോളിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്.

എന്നാൽ പതിയെ കളിയിലേക്ക് മടങ്ങിയെത്തിയ ലിവർപൂൾ 34ആം മിനുട്ടിൽ ഡിയോഗോ ജോട്ടയിലൂടെ ഗോൾ മടക്കി. പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് റോബർട്ടോ ഫിർമിനോ ചെമ്പടയെ മുന്നിലെത്തിക്കുകയും ചെയ്തു. അലക്സാണ്ടർ അർനോൾഡ് എടുത്ത ഫ്രീകിക്കിൽ നിന്നും ഹെഡറിലൂടെയായിരുന്നു ബ്രസീലിയൻ താരം ഗോൾ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ഫിർമിനോ ലിവർപൂളിന്റെ ലീഡുയർത്തി. പിന്നാലെ ലിവർപൂൾ നിരന്തരം യുണൈറ്റഡ് പോസ്റ്റിലേക്ക് ആക്രമണം അഴിച്ചുവിട്ടു.
ഇതിനിടെ സോൾഷ്യർ ഫ്രെഡിനെ പിൻവലിച്ച് ഗ്രീൻവുഡിനെ കളത്തിലിറക്കി. അതോടെ യുണൈറ്റഡ് പതിയെ താളം കണ്ടെത്തി. തിരിച്ചു വരവിന് ശ്രമിച്ചു കൊണ്ടിരുന്ന യുണൈറ്റഡിനായി 68ആം മിനുട്ടിൽ കവാനിയുടെ പാസിൽ നിന്ന് മാർക്കസ് റാഷ്ഫോർഡ് ലിവർപൂളിന്റെ വലകുലുക്കി.

മൂന്നാം ഗോളിനായി യുണൈറ്റഡ് കിണഞ്ഞ് ശ്രമിക്കവെയാണ് ലിവർപൂൾ അവരുടെ നാലാം ഗോൾ നേടിയത്. 90ആം മിനുട്ടിൽ ലഭിച്ച ഒരു കൗണ്ടർ അറ്റാക്ക് അവസരത്തിലൂടെ ലിവർപൂളിൻ്റെ മുൻനിര താരമായ മുഹമ്മദ് സലായാണ് ടീമിന്റെ നാലാം ഗോൾ നേടി കളി തീർത്തുകളഞ്ഞത്. പ്രതിരോധത്തിൽ വരുത്തിയ ചില പിഴവുകളാണ് യുണൈറ്റഡിൻ്റെ തോൽവിയിൽ കലാശിച്ചത്.

ലിവർപൂളിനോട് തോറ്റെങ്കിലും ലീഗിലെ പോയിൻ്റ് പട്ടികയിൽ 36 മത്സരങ്ങളിൽ നിന്ന് 70 പോയന്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്നു. 35 മത്സരങ്ങളിൽ നിന്ന് 60 പോയന്റുള്ള ലിവർപൂൾ അഞ്ചാം സ്ഥാനത്താണ്.

മത്സരത്തിൽ ജയിച്ചതോടെ അടുത്ത വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന് പ്രവേശനം നേടാനുള്ള പ്രതീക്ഷകൾ സജീവമായി നിലനിർത്താനും ചെമ്പടക്ക് കഴിഞ്ഞു. ലീഗിലെ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്നവർക്കാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാവുക. അഞ്ചാം സ്ഥാനത്ത് എത്തുന്നവർ യൂറോപ്പ ലീഗിലാവും കളിക്കുക. നിലവിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തിനായി കരുത്തുറ്റ പോരാട്ടമാണ് നടക്കുന്നത്. നിലവിൽ നാലാം സ്ഥാനത്തുള്ള ചെൽസിക്ക് 64 പോയിൻ്റാണുള്ളത്. ചെൽസി 36 മത്സരങ്ങൾ കളിച്ചപ്പോൾ ലിവർപൂൾ ഒരു മത്സരം കുറച്ച് മാത്രമാണ് കളിച്ചിട്ടുള്ളത്. ഇതാണ് അവർക്ക് പ്രതീക്ഷ നൽകുന്നതും.
Published by: Rajesh V
First published: May 14, 2021, 7:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories