കോമൺവെൽത്ത് ഗെയിംസിൽ (Commonwealth Games) വനിതകളുടെ 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ (weightlifting) മത്സരിച്ച് സ്വർണത്തിളക്കത്തിൽ നിൽക്കുകയാണ് ഇന്ത്യയുടെ മീരാഭായ് ചാനു (Mirabai Chanu). ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ കൂടിയാണിത്. സ്നാച്ച് റൗണ്ടിൽ 88 കിലോഗ്രാം ഉയർത്തിയ ചാനു കോമൺവെൽത്ത് ഗെയിംസിലെ റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കിയത്. 2014 മുതൽ തുടർച്ചയായി കോമൺവെൽത്ത് ഗെയിംസിൽ ചാനു ഇന്ത്യക്കായി മെഡലുകൾ സ്വന്തമാക്കുന്നുണ്ട്.
മീരാഭായ്യുടെ നേട്ടം ആഘോഷമാക്കുകയാണ് രാജ്യം. അതിനിടെ, തന്റെ അമ്മയും മറ്റ് ബന്ധുക്കളും അവളുടെ വിജയം ആഘോഷിക്കുന്ന വീഡിയോയും ചാനു ട്വിറ്ററിൽ പങ്കുവെച്ചു. ഇന്ത്യൻ പതാകയും പിടിച്ച് ഇവർ കൈകോർത്ത് നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. കാണികൾ ഈ ആഘോഷം റെക്കോർഡ് ചെയ്യുന്നും കാണാം. വീഡിയോയ്ക്കു താഴെ ചാനുവിനുള്ള അഭിനന്ദനപ്രവാഹങ്ങൾ നിറയുകയാണ്.
കോമൺവെൽത്ത് ഗെയിംസിൽ ചാനുവിന്റെ തുടർച്ചയായ മൂന്നാം മെഡലാണിത്. 2014-ൽ ഗ്ലാസ്ഗോവിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലാണ് ആദ്യത്തെ മെഡൽ നേടിയത്. അന്ന് വെള്ളിമെഡൽ കരസ്ഥമാക്കിയ ചാനു 2018-ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടി. ഇത്തവണ സ്വന്തം റെക്കോർഡാണ് ചാനു മറികടന്നത്.
— Saikhom Mirabai Chanu (@mirabai_chanu) July 31, 2022
ടോക്കിയോ ഒളിമ്പിക്സിനും ബിർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിനും വേണ്ടി താൻ നടത്തുന്ന തയ്യാറെടുപ്പുകൾ അൽപം വ്യത്യസ്തമായിരുന്നുവെന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്) ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും സംഘടിപ്പിച്ച മാധ്യമ സംവാദത്തിൽ ന്യൂസ് 18 ന്റെ ചോദ്യത്തിന് മറുപടിയായി മീരാഭായ് ചാനു പറഞ്ഞിരുന്നു. ''ഇത്തവണത്തെ തയ്യാറെടുപ്പുകൾ കുറച്ച് വ്യത്യസ്തമാണ്. ടോക്കിയോ ഒളിമ്പിക്സിന് തയ്യാറെടുക്കാൻ ഞാൻ 5 വർഷം കഠിനമായി പരിശ്രമിച്ചു. റിയോയിലെ എന്റെ പോരായ്മകൾ പരിഹരിക്കാനും ശ്രദ്ധിച്ചു. ഒളിമ്പിക്സും കോമൺവെൽത്ത് ഗെയിംസും തമ്മിൽ വ്യത്യാസമുണ്ട്. കോമൺവെൽത്ത് ഗെയിംസ് എനിക്ക് അൽപം കൂടി എളുപ്പമാണെന്ന് എല്ലാവർക്കും അറിയാം, പക്ഷേ അതിനായും ഞാൻ കഠിനമായി പരിശീലിച്ചു. ഭാവിയിലേക്ക് എന്റെ ഗെയിം മെച്ചപ്പെടുത്തുക എന്നതിനും ഊന്നൽ കൊടുത്തു, ചാനു പറഞ്ഞു.
സ്വർണം നേടുക എന്നതു മാത്രമായിരുന്നില്ല തന്റെ ലക്ഷ്യം എന്നും പ്രകടനം മെച്ചപ്പെടുത്തുക എന്നതു കൂടിയായിരുന്നു എന്നും മൽസരശേഷം മീരാഭായ് ചാനു പറഞ്ഞിരുന്നു.
ടോക്യോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയും മണിപ്പൂർ സ്വദേശിയായ മീരാഭായ് ചാനു ഇന്ത്യയുടെ അഭിമാന താരമായി മാറിയിരുന്നു. 2024-ലെ പാരീസ് ഒളിമ്പിക്സില്‍ സ്വര്‍ണം നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അന്ന് ചാനു പറഞ്ഞിരുന്നു. 2016ല്‍ റിയോ ഒളിമ്പിക്സിൽ 48 കിലോ വിഭാഗം ഭാരോദ്വഹന മത്സരത്തില്‍ ആറു ശ്രമങ്ങളില്‍ ഒരിക്കല്‍ മാത്രമായിരുന്നു മീരാഭായ്ക്ക് ലക്ഷ്യം ഉയര്‍ത്താനായത്. അന്ന് നിറഞ്ഞ കണ്ണുകളുമായി തല കുനിച്ച് മടങ്ങിയ മീരാഭായ് ചാനുവാണ് അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം ടോക്യോയിൽ വെള്ളി മെഡൽ നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.