നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഗുരുവിന്റെ വിയോഗം നികത്താന്‍ കഴിയാത്ത വിടവ്'; ഒ എം നമ്പ്യാരുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പി ടി ഉഷ

  'ഗുരുവിന്റെ വിയോഗം നികത്താന്‍ കഴിയാത്ത വിടവ്'; ഒ എം നമ്പ്യാരുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പി ടി ഉഷ

  കേരളം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റുകളില്‍ ഒരാളായ പി.ടി. ഉഷ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളെ സുവര്‍ണനേട്ടങ്ങളിലേക്കു കൈപിടിച്ചുയര്‍ത്തിയ വ്യക്തിയാണ് ഒ എം നമ്പ്യാര്‍.

  Credit: PT Usha Facebook

  Credit: PT Usha Facebook

  • Share this:


   പ്രശസ്ത കായിക പരിശീലകന്‍ ഒ എം നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ശിഷ്യ പി ടി ഉഷ. വടകര മണിയൂരിലെ വീട്ടില്‍ വച്ച് ഇന്ന് വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. കേരളം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റുകളില്‍ ഒരാളായ പി.ടി. ഉഷ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളെ സുവര്‍ണനേട്ടങ്ങളിലേക്കു കൈപിടിച്ചുയര്‍ത്തിയ വ്യക്തിയാണ് ഒ എം നമ്പ്യാര്‍. കായികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

   'എന്റെ ഗുരുവിന്റെ, എന്റെ പരിശീലകന്റെ, എന്റെ വഴികാട്ടിയുടെ പ്രകാശം ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിക്കും. എന്റെ ജീവിതത്തിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല.'- പി ടി ഉഷ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഗുരുവിനോടൊപ്പമുള്ള പഴയകാല ചിത്രങ്ങളും ഉഷ പങ്കുവെച്ചിട്ടുണ്ട്.


   മികച്ച പരിശീലകന്മാര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം ആദ്യമായി ലഭിച്ച വ്യക്തി ആയിരുന്നു ഒതയോത്ത് മാധവന്‍ നമ്പ്യാര്‍. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലാണ് അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോളേജ് ജീവിതത്തിലും കായികതാരമായിരുന്ന നമ്പ്യാരെ തന്റെ പ്രിന്‍സിപ്പലിന്റെ ഉപദേശമാണ് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചത്. 1955-ല്‍ ചെന്നൈ താംബരത്തെ റിക്രൂട്ടിംഗ് സെന്ററില്‍ വെച്ച് അദ്ദേഹം ഭാരതീയ വായൂസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവിടെയും അദ്ദേഹം അറിയപ്പെടുന്ന കായികതാരമായിരുന്നു. സര്‍വീസ്സസിനെ പ്രതിനിധീകരിച്ച് അദ്ദേഹം ദേശീയ അത്ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്.

   എയര്‍ ഫോഴ്സില്‍ നിന്ന് പട്യാലയില്‍ എത്തി കോച്ചിങ് ഡിപ്ലോമ നേടിയ നമ്പ്യാര്‍ ജി വി രാജയുടെ ക്ഷണപ്രകാരമാണ് 1970 ല്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലില്‍ കോച്ചായി ചേര്‍ന്നത്. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ 1976 ലാണ് ഒ എം നമ്പ്യാര്‍ ചുമതലയേറ്റത്. പിന്നീടുള്ള നമ്പ്യാരുടെ ജീവിതകഥ പി ടി ഉഷയുടെ വിജയകഥയാണ്. ഇവിടെ വിദ്യാര്‍ഥിനിയായിരുന്ന പി ടി ഉഷയെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് പി.ടി. ഉഷയുടെ വ്യക്തിഗത പരിശീലകനായി. 1980, 84, 88, 92, 96 വര്‍ഷങ്ങളിലെ ഒളിമ്പിക്സുകളിലും വിവിധ വര്‍ഷങ്ങളിലെ ഏഷ്യാഡിലും മറ്റും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകന്‍.

   1990ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കും വരെ ആ ഗുരു-ശിഷ്യ ബന്ധം നീണ്ടു നിന്നു. 1985 ല്‍ നമ്പ്യാര്‍ക്ക് ദ്രോണാചാര്യ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഈ നേട്ടം കൈവരിച്ച ആദ്യ മലയാളിയായി അദ്ദേഹം മാറി.

   1990 ല്‍ കൗണ്‍സില്‍ വിട്ട് 1990 ല്‍ നമ്പ്യാര്‍ സായ്യില്‍ ചേര്‍ന്നെങ്കിലും പിന്നീട് മടങ്ങി വന്നു. 2000 ത്തിന്റെ തുടക്കത്തിലൊക്കെ അദ്ദേഹം കണ്ണൂരില്‍ സജീവമായിരുന്നു. മറ്റൊരു ഉഷയെക്കൂടി രാജ്യത്തിനു സമ്മാനിക്കാന്‍ ഏറെ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത അദ്ദേഹം ബീന അഗസ്റ്റിന്‍, സുകുമാരി, ലിനെറ്റ്, ഷീബ, ജിജി തുടങ്ങി പലരിലൂടെയും ഭാഗ്യം പരീക്ഷിച്ചു. പക്ഷേ, ഉഷയുടെ നിലവാരത്തില്‍ മറ്റൊരു താരത്തെ കണ്ടെത്താന്‍ അദ്ദേഹത്തിന്നു സാധിച്ചില്ല. പത്മിനി, സാറാമ്മ, വന്ദന റാവു എന്നിവരും നമ്പ്യാരുടെ ശിഷ്യരായി ഏതാനും നാള്‍ എങ്കിലും പരിശീലനം നേടിയിട്ടുണ്ട്.
   Published by:Sarath Mohanan
   First published:
   )}