ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഒരു അവിഭാജ്യ ഘടകമാണ് ചേതേശ്വര്‍ പുജാര. ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പരകള്‍ക്ക് ഒരുങ്ങുമ്പോള്‍ അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന പേരുകളില്‍ ഒന്ന് പുജാരയുടേത് ആവും. ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ടെസ്റ്റ് സ്പെഷലിസ്റ്റ് ആണ് ഈ വലംകയ്യന്‍ ബാറ്റ്സ്മാന്. രാഹുല്‍ ദ്രാവിഡിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് പുജാരയെ കണക്കാക്കുന്നത്. തന്റെ ബാറ്റ് കൊണ്ട് വിക്കറ്റിന് മുന്നില്‍ പ്രതിരോധത്തിന്റെ കോട്ട കെട്ടി എതിരാളികളെ വശം കെടുത്തുന്ന കളിയാണ് പുജാര പുറത്തെടുക്കാറുള്ളത്. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ യഥാര്‍ത്ഥ കോപ്പിബുക് ഷോട്ടുകള്‍ കളിച്ച് കൊണ്ടാണ് താരം റണ്‍സ് നേടാറുള്ളത്. അത് കൊണ്ട് തന്നെ പുജാരയുടെ ബാറ്റിംഗ് കണ്ടിരിക്കുക എന്നത് അത്യാവശ്യം ക്ഷമയുള്ളവര്‍ക്ക് മാത്രം പറ്റുന്ന ഒന്നാണ്.
ചരിത്രപ്രാധാന്യമുള്ള ഗാബ്ബയില്‍ വരെ ഓസ്ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ യുവനിര തുടര്‍ച്ചയായി രണ്ടാം തവണയും ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി സ്വന്തമാക്കിയിരുന്നു. ഒട്ടേറെ സീനിയര്‍ താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യന്‍ ടീം ഇത്തരത്തില്‍ ഒരു വിജയം സ്വന്തമാക്കിയത്. വിരാട് കോഹ്ലിക്ക് പകരം രഹാനെ ആയിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. സീനിയര്‍ ബോളര്‍മാരുടെ അഭാവത്തിലുള്ള ബോളിങ് യൂണിറ്റിന് യുവതാരം മുഹമ്മദ് സിറാജ് ആണ് നേതൃത്വം നല്‍കിയത്. താരത്തിന്റെ അഞ്ചു വിക്കറ്റ് പ്രകടനവും നിര്‍ണായകമായ ഗാബ്ബ ടെസ്റ്റില്‍ ഉണ്ടായിരുന്നു. റിഷഭ് പന്തിന്റെ പുറത്താകാതെയുള്ള 89 റണ്‍സിന്റെ പ്രകടനവും പരമ്പര നേട്ടത്തില്‍ വഴിത്തിരിവായെങ്കിലും സീനിയര്‍ താരം ചേതേശ്വര്‍ പുജാരയുടെ പ്രകടനമാണ് തനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആ മത്സരത്തില്‍ ഓസ്ട്രേലിയന്‍ ടീമിലുണ്ടായിരുന്ന മാര്‍ക്കസ് ഹാരിസ്.
'ബ്രിസ്ബെയിന്‍ ടെസ്റ്റിന്റെ അവസാന ദിവസം വളരെ അതിശയകരമായിരുന്നു. ഇന്ത്യന്‍ ടീം റണ്‍സ് നേടാന്‍ ശ്രമിക്കുമോ ഇല്ലയോ എന്നതായിരുന്നു ദിവസം മുഴുവന്‍ ഞങ്ങള്‍ ചിന്തിച്ചത്. റിഷഭ് പന്ത് അന്ന് മികച്ച ഇന്നിങ്ങ്സ് കളിച്ചുവെന്ന് ഞാന്‍ കരുതുന്നു. പുജാരയാവട്ടെ ഒരു ഓസീസ് ബാറ്റ്സ്മാനെപ്പോലെയാണ് അന്ന് കളിച്ചത്. എല്ലാം നെഞ്ചിലേറ്റെടുത്ത് അദ്ദേഹം കളിച്ചു. ബാക്കി ടീം മുഴുവന്‍ അദ്ദേഹത്തിന് ചുറ്റും ബാറ്റ് ചെയ്തു'- മാര്‍ക്കസ് ഹാരിസ് പറഞ്ഞു.
ബ്രിസ്ബെയിനിലെ ഗാബയില്‍ നടന്ന പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ 25, 56 എന്നിങ്ങനെയായിരുന്നു പുജാരയുടെ സ്കോറുകള്‍. മത്സരത്തില്‍ പല തവണ ഓസ്ട്രേലിയന്‍ പേസര്‍മാരുടെ പന്തുകള്‍ ശരീരത്തില്‍ കൊണ്ടെങ്കിലും വേദനയുടെ ലക്ഷണങ്ങളൊന്നും കാണിക്കാതെ പുജാര ബാറ്റിംഗ് തുടരുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ 211 പന്തുകള്‍ നേരിട്ട് ഏഴ് ഫോറുകള്‍ സഹിതമാണ് താരം 56 റണ്‍സ് നേടിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.