• HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യന്‍ ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങള്‍ക്ക് ഒരു കോടി വീതം പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി

ഇന്ത്യന്‍ ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങള്‍ക്ക് ഒരു കോടി വീതം പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി

അര്‍ഹിച്ച ജയം ആഘോഷിക്കുന്നതിനായി നിങ്ങളുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണെന്നും പഞ്ചാബ് മന്ത്രി തങ്ങളുടെ ഹോക്കി താരങ്ങളോട് പറഞ്ഞു.

indian-hockey

indian-hockey

  • Share this:
    ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ 41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടിയിരിക്കുകയാണ്. അത്യന്തം ആവേശകരമായ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം ചരിത്ര മെഡല്‍ നേടിയത്. മത്സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം നാല് ഗോളുകള്‍ തിരിച്ചടിച്ചാണ് ഇന്ത്യ ചരിത്ര ജയം നേടിയെടുത്തത്. മത്സരത്തില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ശ്രീജേഷ് നടത്തിയ തകര്‍പ്പന്‍ സേവുകളും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.

    ഇന്ത്യക്കായി സിമ്രന്‍ജീത് സിങ് രണ്ടു ഗോളുകള്‍ നേടി. ഹാര്‍ദിക് സിങ്, രുപീന്ദര്‍പാല്‍ സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ജര്‍മനിക്ക് വേണ്ടി തിമൂര്‍ ഒറുസ് രണ്ട് ഗോളുകള്‍ നേടി.

    ഇപ്പോഴിതാ ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് വെങ്കലം നേടി തന്ന ഹോക്കി ടീമില്‍ അംഗമായിട്ടുള്ള പഞ്ചാബ് താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പഞ്ചാബ് സര്‍ക്കാര്‍. വെങ്കല മത്സരത്തില്‍ ജര്‍മനിയെ തോല്‍പ്പിച്ചതിന് പിന്നാലെയാണ് പഞ്ചാബ് കായിക മന്ത്രി റാണ ഗുര്‍മിത് സിങ് സോധിയുടെ പ്രഖ്യാപനം. അര്‍ഹിച്ച ജയം ആഘോഷിക്കുന്നതിനായി നിങ്ങളുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണെന്നും പഞ്ചാബ് മന്ത്രി തങ്ങളുടെ ഹോക്കി താരങ്ങളോട് പറഞ്ഞു.

    എട്ട് പഞ്ചാബ് താരങ്ങളാണ് ഇന്ത്യന്‍ ഹോക്കി ടീമിലുള്ളത്.നായകന്‍ മന്‍പ്രീത് സിങ്, ഹര്‍മന്‍പ്രീത് സിങ്, രുപീന്ദര്‍ പാല്‍ സിങ്, ഹര്‍ദിക് സിങ്, ഷംഷര്‍ സിങ്, ദില്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, മന്ദീപ് സിങ് എന്നിവരാണ് ടോക്യോയിലേക്ക് പറന്ന ഇന്ത്യന്‍ ഹോക്കി സംഘത്തില്‍ ഉള്‍പ്പെട്ട പഞ്ചാബ് താരങ്ങള്‍. സ്വര്‍ണ മെഡല്‍ നേടിയാല്‍ തങ്ങളുടെ താരങ്ങള്‍ക്ക് 2.25 കോടി രൂപ വീതം നല്‍കുമെന്ന് പഞ്ചാബ് മന്ത്രി മുമ്പ് പ്രഖ്യാപിച്ചിരുന്നു.

    ഇന്ത്യന്‍ ടീം 1980 മോസ്‌ക്കോ ഒളിമ്പിക്സിന് ശേഷം നേടുന്ന ആദ്യ മെഡലാണിത്. മോസ്‌കോയില്‍ നേടിയ സ്വര്‍ണമായിരുന്നു ഹോക്കിയില്‍ ഇന്ത്യയുടെ അവസാന മെഡല്‍. പിന്നീട് ഇപ്പോഴാണ് ഇന്ത്യ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയിട്ടുള്ളത്.

    ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീം സെമിഫൈനലില്‍ പുറത്തായിരുന്നു. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീം തോല്‍വി വഴങ്ങിയത്. ഇന്ത്യ മത്സരത്തില്‍ ആദ്യം ലീഡ് നേടിയെങ്കിലും ഇന്ത്യന്‍ പ്രതിരോധത്തെ ഭേദിച്ച് രണ്ട് തവണ അര്‍ജന്റീന ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ 1-2 എന്ന സ്‌കോറിന് ഇന്ത്യ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇന്ത്യ ഇനി ബ്രിട്ടനുമായി വെങ്കല മത്സരത്തില്‍ ഏറ്റുമുട്ടും. ഒളിമ്പിക്സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമി ഫൈനല്‍ പ്രവേശനം നേടിയത്. 1980 ഒളിമ്പിക്സില്‍ നാലാം സ്ഥാനത്ത് ഇന്ത്യ എത്തിയിരുന്നെങ്കിലും അന്ന് ഗെയിംസില്‍ ആറ് ടീമുകള്‍ മാത്രമാണ് മത്സരിച്ചിരുന്നത്.
    Published by:Sarath Mohanan
    First published: