• HOME
  • »
  • NEWS
  • »
  • sports
  • »
  • ഫിഫ ലോകകപ്പിനിടെ സാക്കിർ നായിക്കിനെ മതപ്രഭാഷണത്തിന് ക്ഷണിച്ച് ഖത്തർ

ഫിഫ ലോകകപ്പിനിടെ സാക്കിർ നായിക്കിനെ മതപ്രഭാഷണത്തിന് ക്ഷണിച്ച് ഖത്തർ

വിദ്വേഷപ്രസംഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കാരണത്താൽ 2016 അവസാനം നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു, അതിനിടെ സാക്കിർ നായിക് മലേഷ്യയിലേക്ക് കടക്കുകയും ചെയ്തിരുന്നു

  • Share this:
ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ 2022 ഫിഫ ലോകകപ്പിനിടെ മതപ്രഭാഷണത്തിനായി ഖത്തർ ക്ഷണിച്ചതായി അൽഅറേബിയ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഖത്തർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്‌പോർട്‌സ് ചാനലായ അൽകാസിലെ അവതാരകൻ ഫൈസൽ അൽഹജ്‌രിയെ ഉദ്ധരിച്ച്, ട്വിറ്റർ പോസ്റ്റിൽ ഇങ്ങനെ കുറിച്ചു, “പ്രഭാഷകൻ ഷെയ്ഖ് സാക്കിർ നായിക് ഖത്തറിൽ ലോകകപ്പ് നടക്കുന്ന സമയത്തും ടൂർണമെന്റിലുടനീളം നിരവധി മതപ്രഭാഷണങ്ങൾ നടത്തും.”

2016-ന്റെ അവസാനത്തിൽ, നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു, "വിവിധ മതവിഭാഗങ്ങൾക്കും ഗ്രൂപ്പുകൾക്കുമിടയിൽ ശത്രുത, വിദ്വേഷം എന്നിവ വളർത്താൻ ശ്രമിക്കുന്നുവെന്ന്" ആരോപിച്ചായിരുന്നു ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് നിരോധനം ഏർപ്പെടുത്തിയത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ സാക്കിർ നായിക്കിനെതിരെ കുറ്റം ചുമത്തിയതിനെത്തുടർന്ന്, രാജ്യംവിട്ട ഇദ്ദേഹം 2017 മുതൽ മലേഷ്യയിലാണ് താമസിച്ചുവരുന്നത്. നായിക്കിന് മലേഷ്യയിൽ സ്ഥിരതാമസത്തിന് അനുമതിയുണ്ടെങ്കിലും 2020-ൽ "ദേശീയ സുരക്ഷ" മുൻനിർത്തി പ്രഭാഷണപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്ന് മലേഷ്യ അദ്ദേഹത്തെ വിലക്കിയിരുന്നു.

മുസ്‌ലിം ഭൂരിപക്ഷ രാജ്യത്ത് താമസിക്കുന്ന ഹിന്ദു, ചൈനീസ് സമുദായങ്ങളെക്കുറിച്ച് പരാമർശങ്ങൾ നടത്തി സമാധാന ലംഘനത്തിന് ശ്രമിച്ചുകൊണ്ടുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിന് അദ്ദേഹത്തിനെതിരെ മലേഷ്യ കുറ്റം ചുമത്തുകയും ലോക്കൽ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു.
Published by:Anuraj GR
First published: