നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'ഇത്രയൊക്കെ വേഗത്തില്‍ നിനക്ക് ഞാന്‍ എറിയാറുണ്ടോ?, ബുംറയോട് ആന്‍ഡേഴ്‌സണ്‍ പറഞ്ഞ വാക്കുകള്‍

    'ഇത്രയൊക്കെ വേഗത്തില്‍ നിനക്ക് ഞാന്‍ എറിയാറുണ്ടോ?, ബുംറയോട് ആന്‍ഡേഴ്‌സണ്‍ പറഞ്ഞ വാക്കുകള്‍

    ആന്‍ഡേഴ്സണ്‍ എന്തായിരുന്നു ആ സമയത്ത് ഇന്ത്യന്‍ താരത്തോടു പറഞ്ഞത് എന്നു വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ ടീമംഗമായ രവിചന്ദ്രന്‍ അശ്വിന്‍.

    Credit: yahoo news india

    Credit: yahoo news india

    • Share this:
      യഥാര്‍ത്ഥ ടെസ്റ്റ് മത്സരത്തിന്റെ ഭംഗി എന്തെന്ന് ക്രിക്കറ്റ് ആരാധകര്‍ക്ക് കാണിച്ചു തന്ന ഒരു മത്സരമായിരുന്നു ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം. കളി നടന്നത് 'ക്രിക്കറ്റിന്റെ മക്ക' എന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ കൂടി ആയത് മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കി. ലോര്‍ഡ്‌സ് ടെസ്റ്റ് ആരാധകര്‍ക്ക് ഇത്രയുമധികം ആവേശകരമാക്കിയത് മത്സരത്തിനിടയില്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ നടന്ന വാക്‌പോരുകള്‍ ആയിരുന്നു. ഇതില്‍ ഇരു ടീമിലെയും സ്റ്റാര്‍ പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സണും ജസ്പ്രീത് ബുംറയും തമ്മില്‍ നടന്ന ഉരസല്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

      ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സില്‍ പതിനൊന്നാമനായി ഇറങ്ങിയ ജെയിംസ് ആന്‍ഡേഴ്സണിനെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വരവേറ്റത് തുടര്‍ച്ചയായ ഷോര്‍ട്ട് പിച്ച് ഡെലിവറികളിലൂടെ ആയിരുന്നു. നാല് നോ ബോളുകള്‍ സഹിതം 10 ഡെലിവറിയാണ് ബുംറ ആന്‍ഡേഴ്സനെതിരെ എറിഞ്ഞത്. ബുംറയുടെ ബൗണ്‍സറിന്റെ പ്രഹരമേറ്റ ആന്‍ഡേഴ്സനെ കണ്‍കഷന്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നിട്ടും ബുംറ പിന്മാറിയില്ല. തുടര്‍ച്ചയായി ബൗണ്‍സര്‍ പ്രയോഗിച്ച് ആന്‍ഡേഴ്സനെ ബുംറ സമ്മര്‍ദത്തിലാക്കുകയായിരുന്നു.

      ഇതോടെ ബുംറയ്ക്കു നേരെ നടന്നടുത്ത് ആന്‍ഡേഴ്സണ്‍ എന്തോ പറയുന്നതും അതിനെ ചിരിയോടെ ബുംറ നേരിടുന്നതും കാണാമായിരുന്നു. ഇപ്പോള്‍ ആന്‍ഡേഴ്സണ്‍ എന്തായിരുന്നു ആ സമയത്ത് ഇന്ത്യന്‍ താരത്തോടു പറഞ്ഞത് എന്നു വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ ടീമംഗമായ രവിചന്ദ്രന്‍ അശ്വിന്‍. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറുമായുള്ള സംഭാഷണത്തിനിടെയാണ് വെളിപ്പെടുത്തല്‍. ''സുഹൃത്തേ, എന്തിനാണ് നിങ്ങള്‍ ഇത്ര വേഗതയില്‍ ബൗള്‍ ചെയ്യുന്നത്? ഞാന്‍ നിങ്ങളോട് ഇതേ പോലെ ചെയ്യുന്നുണ്ടോ? മറ്റുള്ളവര്‍ക്കെതിരേയെലല്ലാം നിങ്ങള്‍ സാധാരണ 80 മൈല്‍ വേഗതയിലാണ് ബൗള്‍ ചെയുന്നത്, എനിക്കെതിരേ മാത്രം എന്തിനാണ് 90 മൈല്‍ വേഗതയില്‍ ബൗള്‍ ചെയ്യുന്നത്'- എന്നാണ് ആന്‍ഡേഴ്സണ്‍ ബുംറയോടു ചോദിച്ചതെന്നു അശ്വിന്‍ വെളിപ്പെടുത്തി.

      മാര്‍ക്ക് വുഡിന്റെ വിക്കറ്റ് വീണതോടെയാണ് ആന്‍ഡേഴ്‌സന്‍ ക്രീസിലെത്തിയത്. മൂന്നാം ദിനത്തെ കളിയില്‍ കുറച്ച് സമയം മാത്രമേ അപ്പോള്‍ അവശേഷിച്ചിരുന്നുള്ളൂ. സിറാജിന്റെ ഓവറിന്റെ അവസാന പന്തില്‍ ബൗണ്ടറിയടിച്ച റൂട്ട് ബുംറയെ നേരിടാന്‍ ആന്‍ഡേഴ്‌സനെ നിര്‍ബന്ധിതനാക്കി. ബുംറയുടെ ആദ്യ ബൗണ്‍സര്‍ തലയില്‍ കൊണ്ട ആന്‍ഡേഴ്‌സന് വൈദ്യ പരിശോധന വേണ്ടിവന്നു. അതൊന്നും ബുംറയെ കുലുക്കിയില്ല. മറ്റൊരു ഷോര്‍ട്ട് ബോള്‍ ആന്‍ഡേഴ്‌സന്റെ വാരിയെല്ലിലാണ് പതിച്ചത്. അടുത്ത പന്തും ബുംറ ഷോര്‍ട്ട് പിച്ച് തന്നെ പ്രയോഗിച്ചു. ഇക്കുറി ആന്‍ഡേഴ്‌സണ്‍ പ്രതിരോധിച്ചുനിന്നു. നാലാമത്തേതും ഷോര്‍ട്ട് ബോളായിരുന്നു.

      ഓവറിന്റെ അവസാന പന്തുകളില്‍ ബുംറ ഷോര്‍ട്ട് പിച്ചില്‍ നിന്ന് പിന്മാറി. നാല് നോബോളുകളാണ് ബുംറ ഈ ഓവറില്‍ എറിഞ്ഞത്. അതിനാല്‍ ആന്‍ഡേഴ്‌സന് കൂടുതല്‍ പന്തുകള്‍ നേരിടേണ്ടിവന്നു. എങ്കിലും ബുംറയ്ക്ക് വിക്കറ്റ് നല്‍കാതെ ആന്‍ഡേഴ്‌സന്‍ പിടിച്ചുനില്‍ക്കുക തന്നെ ചെയ്തു.
      Published by:Sarath Mohanan
      First published:
      )}