ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മോഹിച്ച് സ്വന്തം തട്ടകമായ വെംബ്ലി സ്റ്റേഡിയത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് വളരെയധികം നിരാശ സമ്മാനിക്കുന്നതായിരുന്നു ഇന്നത്തെ യൂറോ കപ്പ് ഫൈനലിലെ തോല്‍വി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് ഇറ്റലി വിജയം നേടിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്കോറിനായിരുന്നു ഇറ്റലിയുടെ വിജയം. മത്സരത്തിലെ തോല്‍വിക്ക് ശേഷം പരിശീലകന് സൗത്ത്ഗേറ്റിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഇംഗ്ലണ്ട് ആരാധകര്‍ ഉയര്‍ത്തിയിരുന്നു. പെനാല്‍റ്റി എടുക്കാന്‍ യുവതാരങ്ങളെ തെരഞ്ഞെടുത്ത സൗത്ഗേറ്റിന്റെ രീതിയാണ് ഇംഗ്ലണ്ട് ആരാധകരെ ചൊടിപ്പിച്ചത്. എന്നാല്‍ മത്സരശേഷം ഇംഗ്ലണ്ട് തോല്‍വിയേറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ആരൊക്കെ പെനാല്‍റ്റി എടുക്കണമെന്നു തീരുമാനിച്ച തനിക്കാണെന്ന് ഏറ്റു പറഞ്ഞ് സൗത്ത്ഗേറ്റും രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇംഗ്ലണ്ട് ആരാധകരുടെ അമര്‍ഷം അതുകൊണ്ടൊന്നും തീരുന്നതായിരുന്നില്ല. 55 വര്‍ഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള ഇംഗ്ലണ്ടിന്റെ സുവര്‍ണാവസരമാണ് ഇന്ന് സ്വന്തം നാട്ടില്‍ തകര്‍ന്നടിഞ്ഞത്. മത്സരത്തില്‍ തോറ്റതിനു പിന്നാലെ സ്വന്തം ടീമിലെ താരങ്ങള്‍ക്കെതിരെ തന്നെ കടുത്ത വംശീയാധിക്ഷേപമാണ് ഇംഗ്ലണ്ട് ആരാധകര്‍ ഉയര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റാഷ്ഫോര്‍ഡ്, ജാഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരായിരുന്നു ഇതിന്റെ ഇരകള്‍. സോഷ്യല്‍ മീഡിയകളില്‍ അധിക്ഷേപം കടുത്തതോടെ ഇംഗ്ലീഷ് എഫ് എ ഇതിനെ അപലപിച്ച് രംഗത്തു വരികയും ചെയ്തിരുന്നു.
'ഇംഗ്ലണ്ടിന് വേണ്ടി പൂര്‍ണ മികവ് പുറത്തെടുത്തിട്ടും ഞങ്ങളുടെ സ്ക്വാഡിലെ ചില താരങ്ങള്‍ മത്സരശേഷം ഓണ്‍ലൈനില്‍ വിവേചനം നേരിട്ടത് അംഗീകരിക്കാനാവില്ല'- ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് ട്വീറ്റ് ചെയ്തു. വംശീയാധിക്ഷേപം നടത്തുന്ന ആരാധകര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും ഇംഗ്ലീഷ് എഫ് എ വ്യക്തമാക്കി.
സ്വന്തം ടീമിലെ താരങ്ങള്‍ക്കെതിരെ മാത്രമല്ല, മത്സരം കാണാനെത്തിയ ഇറ്റാലിയന്‍ ആരാധകര്‍ക്കെതിരെയും ഇംഗ്ലണ്ട് ഫാന്‍സ് ആക്രമണം അഴിച്ചു വിട്ടു. ഫൈനലിനു ശേഷം സ്റ്റേഡിയത്തിന്റെ ഗേറ്റ് വഴി പുറത്തേക്കു വരുന്ന ഇറ്റലിയുടെ ആരാധകര്‍ ഓരോരുത്തരെയായി ഇംഗ്ലണ്ട് ആരാധകര്‍ കാത്തിരുന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇറ്റാലിയന്‍ ആരാധകര്‍ക്ക് പുറമെ കറുത്ത വര്‍ഗക്കാരായ ആളുകളെയും ഇംഗ്ലണ്ട് ആരാധകര്‍ ആക്രമിക്കുന്നുണ്ട്.
Not only have many England fans sent 3 Black England players racist comments on Instagram but they’re also beating people up….. kids as well…..
ഫൈനലില്‍ മാത്രമല്ല സെമിഫൈനലിലും ഇംഗ്ലണ്ട് ആരാധകര്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. സെമി ഫൈനലില്‍ ഡെന്മാര്ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മൈക്കേലിന്റെ മുഖത്തേക്ക് ആരാധകര്‍ ലേസര്‍ രശ്മികള്‍ അടിച്ചതിന് യുവേഫ ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. പെനാല്‍റ്റി നേരിടാന്‍ തയ്യാറെടുക്കുകയായിരുന്ന ഡെന്മാര്ക്ക് ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്മൈക്കേലിന്റെ മുഖത്തേക്ക് ഇംഗ്ലണ്ട് ആരാധകര്‍ ലേസര്‍ ലൈറ്റ് പ്രയോഗിക്കുകയായിരുന്നു. ഇംഗ്ലണ്ട് നായകന് ഹാരി കെയ്നെടുത്ത പെനാല്‍റ്റി ഗോളാകുകയും മത്സരത്തില്‍ 2-1ന് ഇംഗ്ലണ്ട് വിജയിക്കുകയുമാണ് ചെയ്തത്. സെമി ഫൈനലില്‍ ഡെന്മാര്ക്കിന്റെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ കൂവിയതും യുവേഫ അന്വേഷിച്ചിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.