കളിമൺ കോർട്ടിലെ അജയ്യനാണ് റാഫേൽ നദാൽ. അക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്ന പ്രകടനമായിരുന്നു ഇത്തവണ ഫ്രഞ്ച് ഓപ്പൺ ഫൈനലിലും കണ്ടത്. നൊവാക് ജോക്കോവിച്ചിനെതിരെ ആധികാരിക ജയം നദാലിന് സമ്മാനിച്ചത് ഇതിഹാസതുല്യമായ നേട്ടങ്ങൾ. ഈ കിരീടവിജയത്തോടെ ഏറ്റവുമധികം ഗ്രാൻസ്ലാം നേടുന്നവരുടെ പട്ടികയിൽ ഫെഡററിനൊപ്പമെത്താനും അദ്ദേഹത്തിന് സാധിച്ചു. ഇരുവരും 20 ഗ്രാൻസ്ലാമുകൾ വീതമാണ് നേടിയിട്ടുള്ളത്. റോളണ്ട് ഗാരോസിൽ 13-ാം കിരീട നേട്ടമാണ് സ്പാനിഷ് താരം പൂർത്തിയാക്കിയത്. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ 6-0, 6-2, 7-5 എന്ന സ്കോറിനാണ് നദാൽ ജോക്കോവിച്ചിനെ മറികടന്നത്.
"ഈ കളിമൺ കോർട്ടിൽ നിങ്ങളുടെ പ്രകടനം അവിശ്വസനീയമാണ്. നിങ്ങളുടെ കരിയറിൽ ഉടനീളം ഈ കോർട്ടിൽ മാത്രമല്ല, നിങ്ങൾ ഒരു മികച്ച ചാമ്പ്യനായിരുന്നു," ട്രോഫി സമ്മാനിക്കുന്ന വേളയിൽ ജോക്കോവിച്ച് നദാലിനോട് പറഞ്ഞു. "നിങ്ങൾ കളിമൺ രാജാവായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇന്ന് നിങ്ങൾ കാണിച്ചുതന്നു."ഈ നഗരത്തോടും ഈ കളിമൺ കോർട്ടിനോടും ഉള്ള പ്രണയകഥ അവിസ്മരണീയമാണ്"-
നദാൽ പറഞ്ഞു. "റോളണ്ട് ഗാരോസ് എനിക്ക് എല്ലാംകൊണ്ടും പ്രിയപ്പെട്ടതാണ്. എന്റെ ടെന്നീസ് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ ഞാൻ ഇവിടെ ചെലവഴിച്ചു, അതിൽ സംശയമില്ല."- അദ്ദേഹം പറഞ്ഞു.
റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള
നദാൽ ഫ്രഞ്ച് ഓപ്പണിൽ 100 മത്സരങ്ങൾ വിജയിച്ച നേട്ടവും സ്വന്തമാക്കി. രണ്ടു കളികളിൽ മാത്രമാണ് ഇതുവരെ അദ്ദേഹം അവിടെ പരാജയപ്പെട്ടത്. ഫ്രഞ്ച് ഓപ്പണിലെ കിരീടം നേട്ടം 13 ആക്കിയ നദാലിന് പാരീസിൽ തുടർച്ചയായ അഞ്ചും നാലും തവണ കിരീടം നേടിയ ചരിത്രവുമുണ്ട്. 2005 മുതൽ 2008 വരെ നാലുതവണയും 2010-14ൽ തുടർച്ചയായി അഞ്ച് തവണയും അദ്ദേഹം ഫ്രഞ്ച് ഓപ്പൺ നേടി. യുഎസ് ഓപ്പണിൽ നാലു തവണയും വിംബിൾഡണിൽ രണ്ടു തവണയും ഓസ്ട്രേലിയൻ ഓപ്പണിൽ ഒരു തവണയുമാണ് നദാൽ കിരീടം നേടിയത്.
ലോക ടെന്നീസ് ചരിത്രത്തിലെ ഇതിഹാസതുല്യരായ മൂന്നു കളിക്കാരാണ് ഈ കാലഘട്ടത്തെ അന്വർഥമാക്കുന്നത്,
ഫെഡറർ, നദാൽ, ജോക്കോവിച്ച്. ഫെഡററും നദാലും 20 വീതം ഗ്രാൻസ്ലാമുകൾ നേടിയപ്പോൾ ജോക്കോവിച്ചിന്റെ സമ്പാദ്യം 17 ഗ്രാൻസ്ലാമുകളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.