നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ശാസ്ത്രിക്ക് പകരം ദ്രാവിഡ് എത്തില്ല; ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കില്ല എന്ന സൂചനകൾ നൽകി താരം

  ശാസ്ത്രിക്ക് പകരം ദ്രാവിഡ് എത്തില്ല; ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കില്ല എന്ന സൂചനകൾ നൽകി താരം

  ഈ വർഷം ടി20 ലോകകപ്പിന് ശേഷം നിലവിൽ ഇന്ത്യയുടെ പരിശീലകനായ രവി ശാസ്ത്രി സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങൾ ഉയർന്നതോടെയാണ് ശാസ്ത്രിക്ക് പകരക്കാരനായി ദ്രാവിഡിന്റെ പേര് ഉയർന്നു വന്നത്.

  • Share this:
   ഇന്ത്യയുടെ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം രാഹുൽ ദ്രാവിഡ് ഏറ്റെടുക്കാനുള്ള സാധ്യതകൾ കുറയുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) അധ്യക്ഷ സ്ഥാനത്തേക്കുള്ള അപേക്ഷ ദ്രാവിഡ് വീണ്ടും നൽകിയതോടെയാണ് ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് എത്തുവാനുള്ള സാധ്യതൾ കുറയുന്നത്. അദ്ദേഹത്തിന് ബംഗളുരുവിൽ എൻസിഎക്കൊപ്പം തുടരാൻ തന്നെയാണ് താത്പര്യം എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

   ഈ വർഷം ടി20 ലോകകപ്പിന് ശേഷം നിലവിൽ ഇന്ത്യയുടെ പരിശീലകനായ രവി ശാസ്ത്രി സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങൾ ഉയർന്നതോടെയാണ് ശാസ്ത്രിക്ക് പകരക്കാരനായി ദ്രാവിഡിന്റെ പേര് ഉയർന്നു വന്നത്. അടുത്തിടെ ശ്രീലങ്കൻ പര്യടനത്തിന് പോയ ഇന്ത്യൻ ടീമിന്റെ പരിശീലകൻ ദ്രാവിഡായിരുന്നു. ദ്രാവിഡിന് കീഴിൽ ഇന്ത്യയുടെ യുവനിര മികച്ച പ്രകടനം കൂടി കാഴ്ചവെച്ചതോടെ ഈ അഭ്യൂഹങ്ങൾക്ക് വീണ്ടും ശക്തി ലഭിച്ചിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19, എ ടീമുകളെ പരിശീലിപ്പിച്ച പരിചയം കൂടി ദ്രാവിഡിനുണ്ട്. എന്നാലിപ്പോൾ എൻസിഎ അധ്യക്ഷ സ്ഥാനത്തേക്ക് അപേക്ഷ നൽകിയതോടെ താൻ സീനിയർ ടീം പരിശീലകൻ ആകാൻ ഉദ്ദേശിക്കുന്നില്ല എന്നതാണ് ദ്രാവിഡ് വ്യക്തമാക്കുന്നത്.

   അതേസമയം, ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രി സ്ഥാനം ഒഴിയുന്നതിനൊപ്പം അദ്ദേഹത്തിന്റെ സംഘത്തിലുള്ള ബൗളിങ് പരിശീലകനായ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകനായ ആര്‍ ശ്രീധര്‍, ബാറ്റിങ് പരിശീലകനായ വിക്രം റാത്തോഡ് എന്നിവരും സ്ഥാനമൊഴിഞ്ഞേക്കും. കാലാവധി നീട്ടി നൽകാൻ രവി ശാസ്ത്രിയും സംഘവും അപേക്ഷ നല്കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇത്. അങ്ങനെ വന്നാൽ നിലവിലെ പരിശീലക സംഘത്തിൽ ഒരു സമ്പൂർണ അഴിച്ചുപണി തന്നെയാകും നടക്കുന്നത്. ഇതിൽ ഭരത് അരുൺ, ആർ ശ്രീധർ എന്നിവർ ഐ പി എൽ ടീമുകളുടെ ഭാഗമായേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

   നിലവിൽ ശാസ്ത്രിയും സംഘവും ഇംഗ്ലണ്ടിലാണ്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഐതിഹാസിക വിജയം നേടിയ ഇന്ത്യൻ സംഘം പരമ്പരയിലെ മൂന്നാം ടെസ്റ്റിനുള്ള ഒരുക്കത്തിലാണ്. അഞ്ച് മത്സര പരമ്പരയിൽ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ പരമ്പരയിൽ 1-0ന് മുന്നിലാണ് ഇന്ത്യ. പരമ്പരയിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സംഘം 2007ന് ശേഷം ഇംഗ്ലണ്ട് മണ്ണിൽ ആദ്യത്തെ പരമ്പര ജയത്തിനാണ് ലക്ഷ്യമിടുന്നത്. 2007ൽ രാഹുൽ ദ്രാവിഡിന് കീഴിൽ ഇംഗ്ലണ്ടിൽ പരമ്പര ജയിച്ചതിന് ശേഷം ഇന്ത്യക്ക് ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരയിൽ ജയം നേടാൻ കഴിഞ്ഞിട്ടില്ല. ഇത് തിരുത്തിക്കുറിക്കാൻ ഉറച്ചാണ് ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലേക്ക് പോയിരിക്കുന്നത്.

   അതേസമയം, എൻസിഎ അധ്യക്ഷ സ്ഥാനത്തേക്ക് ബിസിസിഐ ക്ഷണിച്ച അപേക്ഷയിൽ അപേക്ഷ നൽകിയിരിക്കുന്നത് ദ്രാവിഡ് മാത്രമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതേതുടർന്ന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ബിസിസിഐ നീട്ടിയിട്ടുണ്ട്. 'ദ്രാവിഡ് അപേക്ഷ നൽകിയ സ്ഥിതിക്ക് തൽസ്ഥാനത്തേക്ക് അപേക്ഷ നൽകുന്നതിൽ കാര്യമില്ല എന്ന് എല്ലാവർക്കും അറിയാവുന്നതിനാലാണ് ഇതുവരെയും മറ്റ് അപേക്ഷകൾ ലഭിക്കാത്തത് എന്ന് കരുതുന്നു. പക്ഷെ ഇതൊരു ഔപചാരികമായ നടപടിക്രമം ആയതിനാൽ ഇനിയും അപേക്ഷകൾ ലഭിക്കുന്നതിനായി അപേക്ഷയുടെ അവസാന തീയതി നീട്ടിയിട്ടുണ്ട്, അതിനുള്ളിൽ ആരെങ്കിലും അപേക്ഷിക്കുമോ എന്നത് നോക്കാം.' - ബിസിസിഐ വക്താവ് അറിയിച്ചു.
   Published by:Naveen
   First published:
   )}