• HOME
  • »
  • NEWS
  • »
  • sports
  • »
  • RAHUL DRAVID REACTS TO SANJU SAMSON S PERFORMANCE IN SRI LANKA TOUR

ശ്രീലങ്കയ്‌ക്കെതിരായ സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരിച്ച് രാഹുല്‍ ദ്രാവിഡ്

സഞ്ജു അടക്കമുള്ള യുവതാരങ്ങളെ എഴുതിത്തള്ളരുതെന്നും കഴിവുള്ള താരങ്ങളുടെ കാര്യത്തില്‍ നമ്മള്‍ ക്ഷമ കാണിക്കേണ്ടതുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

sanju samson

sanju samson

  • Share this:
    ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ട് മികവുറ്റ ടീമിനെ വാര്‍ഞ്ഞെടുക്കുക എന്നതാണ് ബി സി സി ഐയുടെ ആത്യന്തിക ലക്ഷ്യം. ലോകകപ്പ് സ്‌ക്വാഡില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തും എന്ന ചര്‍ച്ചകള്‍ സജീവമായി തുടരുന്ന സാഹചര്യത്തില്‍ സ്‌ക്വാഡില്‍ കയറിപ്പറ്റാന്‍ ശ്രീലങ്കന്‍ പരമ്പരയിലെ പ്രകടനം താരങ്ങള്‍ക്ക് നിര്‍ണായക അവസരമായിരുന്നു. ലോകകപ്പിന് മുന്‍പായി ഇന്ത്യക്ക് അധികം പരിമിത ഓവര്‍ പരമ്പരകള്‍ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ മാത്രമാണ് ടി20 ലോകകപ്പിന് മുന്‍പായി ഇന്ത്യക്ക് മുന്നില്‍ ആകെയുണ്ടായിരുന്നത്.

    ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഏറ്റവും പ്രതീക്ഷ വെച്ചിരുന്ന താരമായിരുന്നു സഞ്ജു സാംസണ്‍. മികച്ച പ്രകടനം നടത്തി ടി20 ലോകകപ്പ് ടീമിലിടം നേടുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും പരമ്പരയിലെ ഏറ്റവും നിരാശപ്പെടുത്തിയ താരമായി സഞ്?ജു മാറി. ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജുവിന് സാധിക്കുമായിരുന്നു. എന്നാല്‍ മികച്ച അവസരം നഷ്ടപ്പെടുത്തിയതോടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് പോലും ഇനി അദ്ദേഹത്തിന് പ്രയാസമായിരിക്കുകയാണ്. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പോലൊരു മികച്ച ടീമിന്റെ നായകനായ സഞ്ജുവിന് ദേശീയ ടീമിലെത്തുമ്പോള്‍ നിരന്തരം കാലിടറുന്നത് തുടര്‍ക്കഥയാവുകയാണ്.

    ക്രിക്കറ്റ് വിദഗ്ധരും മുന്‍ താരങ്ങളുമെല്ലാം സഞ്ജുവിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാണെന്ന് പറയുമ്പോഴും താരത്തിന് ആശ്വാസം പകര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ്.

    ശ്രീലങ്കന്‍ പര്യടനത്തിലെ താരങ്ങളുടെ പ്രകടനം വിശകലനം ചെയ്താല്‍, സഞ്ജുവിന്റെ കാര്യത്തില്‍ നിരാശ തന്നെയായിരുന്നു ഫലമെന്നും എന്നാല്‍, സഞ്ജു അടക്കമുള്ള യുവതാരങ്ങളെ എഴുതിത്തള്ളരുതെന്നും കഴിവുള്ള താരങ്ങളുടെ കാര്യത്തില്‍ നമ്മള്‍ ക്ഷമ കാണിക്കേണ്ടതുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

    'സഞ്ജു ഉള്‍പ്പെടെയുള്ള യുവ താരങ്ങള്‍ക്ക് ആ പിച്ചില്‍ ബാറ്റ് ചെയ്യുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. ഏകദിനത്തില്‍ സഞ്ജുവിന് ഒരു അവസരം ലഭിച്ചു. 46 റണ്‍സും അവന്‍ നേടി. ആദ്യ ടി20 യിലും തരക്കേടില്ലാതെ അവന്‍ ബാറ്റ് ചെയ്തു. അവസാന രണ്ട് ടി20യില്‍ പിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നു. സഞ്ജു മാത്രമല്ല, ഈ ടീമിലെ എല്ലാവരും നല്ല പ്രതിഭയുള്ള താരങ്ങളാണ്. അവര്‍ക്കൊപ്പം ക്ഷമയോടെ നില്‍ക്കണം'- ദ്രാവിഡ് വിശദമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസരം ലഭിച്ചാല്‍ മാത്രമേ യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

    2015 ല്‍ അരങ്ങേറിയിട്ടും ഇന്ത്യയ്ക്ക് വേണ്ടി വെറും 11 മത്സരങ്ങളില്‍ മാത്രം സഞ്ജുവിന് കളിക്കാനായതില്‍ പ്രധാനകാരണം സ്ഥിരതയില്ലായ്മയാണ്. സഞ്ജു ഇതുവരെ 10 ടി20 മത്സരങ്ങളാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചത്. ഒരു ഏകദിനവും. 10 മത്സരങ്ങളില്‍ നിന്ന് 117 റണ്‍സ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. ഏകദിന അരങ്ങേറ്റത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചുവെങ്കിലും പിന്നാലെ വന്ന ട്വന്റി-20 പരമ്പരയില്‍ സഞ്ജു പരാജയപ്പെടുകയായിരുന്നു. 27, 7,0 എന്നിങ്ങനെയായിരുന്നു പരമ്പരയിലെ സഞ്ജു നേടിയ സ്‌കോറുകള്‍. ടീമിന് നിര്‍ണായകമായൊരു ഡി ആര്‍ എസ് അവസരം നഷ്ടമാക്കിയതിന്റെ പേരിലും താരത്തിന് കടുത്ത വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.
    Published by:Sarath Mohanan
    First published:
    )}