• HOME
  • »
  • NEWS
  • »
  • sports
  • »
  • Rahul Dravid |അടുത്ത ക്യാപ്റ്റന്‍ ആരാവണം? അഭിമുഖത്തില്‍ രാഹുല്‍ ദ്രാവിഡ് നിര്‍ദേശിച്ചത് ഈ താരത്തെ

Rahul Dravid |അടുത്ത ക്യാപ്റ്റന്‍ ആരാവണം? അഭിമുഖത്തില്‍ രാഹുല്‍ ദ്രാവിഡ് നിര്‍ദേശിച്ചത് ഈ താരത്തെ

ഇന്ത്യയുടെ അടുത്ത വൈറ്റ് ബോള്‍ ക്യാപ്റ്റനായി നിങ്ങള്‍ ആരെയാണ് കാണുന്നത്? ഇതായിരുന്നു ചോദ്യം.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

  • Share this:
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ(Indian Cricket Team) പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ(Rahul Dravid) തിരഞ്ഞെടുത്തത് വളരെയധികം ആവേശത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ടി20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം മുതല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കും. പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തിനിടെ ദ്രാവിഡ് നേരിട്ട ഒരു ചോദ്യം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

ഇന്ത്യയുടെ അടുത്ത വൈറ്റ് ബോള്‍ ക്യാപ്റ്റനായി നിങ്ങള്‍ ആരെയാണ് കാണുന്നത്? ഇതായിരുന്നു ആ ചോദ്യം. അതിനു മറുപടിയായി രാഹുല്‍ പറഞ്ഞത്, അനുഭവസമ്പത്ത് വച്ച് ആദ്യം രോഹിത് ശര്‍മ്മയും(Rohit Sharma), രണ്ടാമത് കെ എല്‍ രാഹുലും(K L Rahul) എന്നായിരുന്നുവെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാവിയില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ (NCA) പങ്കിനെ കുറിച്ചും ദേശീയ ടീമുമായി അത് എങ്ങനെ ഏകോപിപ്പിക്കണം എന്നതിനെ കുറിച്ചും ദ്രാവിഡ് ഒരു ഓണ്‍ലൈന്‍ പവര്‍പോയിന്റ് അവതരണം നടത്തിയതായാണ് വിവരം. ഇടവേളകളില്ലാത്ത മത്സരങ്ങള്‍ക്കിടയില്‍ കളിക്കാരുടെ ജോലിഭാരം എങ്ങനെ കൈകാര്യം ചെയ്യാമെന്നും അവര്‍ക്ക് മതിയായ വിശ്രമം നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചതായും അറിയുന്നു. ബെഞ്ച് സ്ട്രെങ്ത് എങ്ങനെ കൂട്ടാമെന്നും പുതിയ കളിക്കാരെ എങ്ങനെ നിരീക്ഷിക്കണം എന്നതിനെക്കുറിച്ചും ദ്രാവിഡ് സംസാരിച്ചതായാണ് അറിവ്.

നേരത്തെ, ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മുഖ്യ പരിശീലകനാവുന്നത് സംബന്ധിച്ച് ദ്രാവിഡുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യപരിശീലകനാകുള്ള അപേക്ഷ അവസാനദിവസമാണ് രാഹുല്‍ സമര്‍പ്പിച്ചത്. ടി20 ലോകകപ്പോടെ രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന്റെ കലാവധി കഴിയുന്നതിനാലാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.

ഉപദേശക സമിതി അപേക്ഷ പരിഗണിച്ചശേഷം അദ്ദേഹത്തെ പരിശീലകനായി നിയമിക്കുകയുമായിരുന്നു. ദ്രാവിഡ് പരിശീലകനാകുമെന്ന് ഉറപ്പായതിനാല്‍ മറ്റാരും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നില്ല. ദ്രാവിഡിന്റെ വിശ്വസ്തനായ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രേ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനാവും. മുഖ്യപരിശീലകനൊഴികെയുള്ള മറ്റ് ചുമതലകളിലേക്ക് അപേക്ഷിക്കാന്‍ ഇന്നലെ വരെ സമയമുണ്ടായിരുന്നു. ഈ അപേക്ഷകള്‍ പരിഗണിച്ചശേഷമാകും ദ്രാവിഡിന്റെ സപ്പോര്‍ട്ട് സ്റ്റാഫിനെ നിയമിക്കുക.

48കാരനായ ദ്രാവിഡ് നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്. നേരത്തെ 2018ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍റ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ജൂലയില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായും അദ്ദേഹം എത്തിയിരുന്നു.

ടി20 ലോകകപ്പിന് ശേഷം നവംബര്‍ 17ന് ജയ്പൂരിലാണ് ന്യൂസിലന്‍ഡിന് എതിരായ ആദ്യ ട്വന്റി20. നവംബര്‍ 19ന് രണ്ടാമത്തെ മത്സരം റാഞ്ചിയിലും നവംബര്‍ 21ന് മൂന്നാമത്തെ കളി കൊല്‍ക്കത്തയിലും നടക്കും. ഇതിന് പിന്നാലെയാണ് രണ്ട് ടെസ്റ്റുകളുടെ പരമ്പര. നവംബര്‍ 25ന് കാണ്‍പൂരില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കും. ഡിസംബര്‍ മൂന്നിന് മുംബൈയില്‍ രണ്ടാമത്തേതും.
Published by:Sarath Mohanan
First published: