HOME » NEWS » Sports » RAHUL DRAVID SAYS IT IS IMPOSSIBLE TO GIVE CHANCE TO ALL PLAYERS IN SRI LANKA TOUR

'ലക്ഷ്യം പരമ്പര വിജയം മാത്രം, എല്ലാവര്‍ക്കും അവസരം നല്‍കുക എന്നത് അസാധ്യം': രാഹുല്‍ ദ്രാവിഡ്

'കളിക്കാനായില്ലെങ്കിലും ധവാനെപ്പോലെയുള്ള സീനിയര്‍ താരങ്ങളില്‍ നിന്നും അവര്‍ക്കു പലതും പഠിക്കാനാകും'

News18 Malayalam | news18-malayalam
Updated: June 28, 2021, 1:10 AM IST
'ലക്ഷ്യം പരമ്പര വിജയം മാത്രം, എല്ലാവര്‍ക്കും അവസരം നല്‍കുക എന്നത് അസാധ്യം': രാഹുല്‍ ദ്രാവിഡ്
രാഹുല്‍ ദ്രാവിഡ്
  • Share this:
പ്രഗത്ഭരായ ഒരു കൂട്ടം യുവ താരങ്ങളാല്‍ സമ്പന്നമായ നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോഴിതാ ഒരേ സമയം രണ്ട് രാജ്യങ്ങളില്‍ പര്യടനം നടത്താന്‍ ഒരുങ്ങുകയാണ്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയുടെ ഭാഗമായി നിലവില്‍ ഇംഗ്ലണ്ടിലാണ്. അതേസമയം ജൂലൈയില്‍ ഇന്ത്യയുടെ രണ്ടാം നിര ടീം ശ്രീലങ്കയില്‍ പര്യടനത്തിനൊരുങ്ങുകയാണ്. ശ്രീലങ്കന്‍ പര്യടനത്തില്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസമായ രാഹുല്‍ ദ്രാവിഡാണ്.

സീനിയര്‍ ടീമിനൊപ്പം പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ രണ്ടാമൂഴമായിരിക്കും ഇത്. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായിരുന്നു ദ്രാവിഡ്. അതിന് ശേഷം ഇതാദ്യമായാണ് സീനിയര്‍ ടീമിന്റെ ഉത്തരവാദിത്വപ്പെട്ട പദവിയിലേക്ക് ദ്രാവിഡെത്തുന്നത്. നേരത്തേ ഇന്ത്യയുടെ ജൂനിയര്‍ ടീമുകളെ ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ജേതാക്കളാവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ യുവ താരങ്ങളെ വളര്‍ത്തിയെടുത്ത് കൊണ്ടുവന്ന ദ്രാവിഡിന്റെ ശ്രമങ്ങളാണ് ഇന്ത്യയുടെ റിസര്‍വ് നിരയുടെ കരുത്ത് വര്‍ധിക്കാനുള്ള പ്രധാന കാരണവും.

ഇപ്പോഴിതാ ശ്രീലങ്കന്‍ പര്യടനത്തില്‍ പരമ്പര സ്വന്തമാക്കുക എന്നത് മാത്രമാണ് മുന്നിലുള്ള ലക്ഷ്യമെന്നും യുവ താരങ്ങള്‍ക്കെല്ലാം അവസരം നല്‍കുക എന്നത് പ്രായോഗികമായ കാര്യമല്ലെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. ലങ്കന്‍ പര്യടനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 'മികച്ച 20 കളിക്കാര്‍ അടങ്ങുന്ന ഒരു സംഘമാണ് ലങ്കയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുന്നത്. എല്ലാവര്‍ക്കും ഈ ചെറിയ പരമ്പരയില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് അപ്രായോഗികമാണ്. പരമ്പര നേടാന്‍ സാധിക്കുന്ന ഏറ്റവും മികച്ച കോമ്പിനേഷനായിരിക്കും ഞങ്ങള്‍ പരീക്ഷിക്കുക. ഒരുപാട് യുവതാരങ്ങള്‍ സംഘത്തിലുണ്ട്. കളിക്കാനായില്ലെങ്കിലും ധവാനെപ്പോലെയുള്ള സീനിയര്‍ താരങ്ങളില്‍ നിന്നും അവര്‍ക്കു പലതും പഠിക്കാനാകും'- ദ്രാവിഡ് പറഞ്ഞു.

തനിക്കൊപ്പം ഇന്ത്യ എ ടീമിന് വേണ്ടി കളിക്കാന്‍ വന്നാല്‍ ഒരു മത്സരം പോലും കളിക്കാതെ നിങ്ങള്‍ക്ക് മടങ്ങേണ്ടി വരില്ലെന്ന് താരങ്ങളോട് പറയാറുണ്ടെന്ന് രാഹുല്‍ ദ്രാവിഡ് ഈയിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തിലെ മത്സരങ്ങള്‍ അണ്ടര്‍ 19, എ ടീം എന്നിവയില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്നും രാഹുല്‍ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ഐ പി എല്ലില്‍ മികവ് തെളിയിച്ച ആറ് പുതുമുഖ താരങ്ങളാണ് ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിലുള്ളത്.

ഇന്ത്യക്ക് ലങ്കയില്‍ വെച്ച് മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ജൂലൈ 13നാണ് ആദ്യ ഏകദിനം പിന്നാലെ ജൂലൈ 16നും 18നുമായി രണ്ട് മൂന്ന് ഏകദിനങ്ങള്‍ സംഘടിപ്പിക്കും. ജൂലൈ 21ന് ആദ്യ ടി20യും തുടര്‍ന്ന് ജൂലൈ 23നും 25നും ബാക്കി രണ്ടും എന്നിങ്ങനെയാണ് മത്സരക്രമം. മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ വിളിയെത്തിയിരിക്കുന്നത്. പടിക്കലിനൊപ്പം ഐ പി എല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയ, കെ ഗൗതം, നിതീഷ് റാണ എന്നിവര്‍ പുതുമുഖങ്ങളായി ലങ്കയിലേക്ക് പറക്കുന്നുണ്ട്.
Published by: Sarath Mohanan
First published: June 28, 2021, 1:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories