ബംഗളൂരു: വമ്പൻ ഇന്നിംഗ്സുകൾ കളിച്ചിരുന്ന രാഹുൽ ദ്രാവിഡിനെ അനുസ്മരിപ്പിച്ച് മകൻ സമിത് ദ്രാവിഡ്. പതിന്നാലാം വയസിൽ ഇരട്ടസെഞ്ച്വറിയടിച്ചാണ് സമിത് വാർത്തകളിൽ ഇടംനേടിയത്. കർണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ അണ്ടർ 14 ഇന്‍റർ സോണൽ ടൂർണമെന്‍റിലാണ് സമിതിന്‍റെ തകർപ്പൻ ബാറ്റിങ്.
വൈസ് പ്രസിഡന്‍റ്സ് ഇലവന് വേണ്ടി കളിച്ച സമിത് ഒന്നാം ഇന്നിംഗ്സിൽ 201 റൺസാണ് അടിച്ചുകൂട്ടിയത്. 256 പന്ത് നേരിട്ട സമിത് 22 ബൌണ്ടറികളും നേടി. രണ്ടാം ഇന്നിംഗ്സിൽ പുറത്താകാതെ 94 റൺസ് നേടുകയും ചെയ്തു. മത്സരം സമനിലയിൽ അവസാനിച്ചു.
ബാറ്റിങ്ങിൽ മാത്രമല്ല, ബൌളിംഗിലും കേമനാണ് സമിത് ദ്രാവിഡ്. മൂന്നു വിക്കറ്റും സമിത് സ്വന്തമാക്കി. 2015ൽ മല്യ അതിഥി ഇന്‍റർനാഷണൽ സ്കൂളിന് വേണ്ടി സമിത് തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറികൾ നേടിയത് വാർത്തയായിരുന്നു. 2016ൽ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബിനുവേണ്ടി കളിച്ച സമിത് യഥാക്രമം 125, 143 എന്നിങ്ങനെ വമ്പൻ ഇന്നിംഗ്സുകൾ കളിച്ചിരുന്നു.
ക്രിക്കറ്റിലെ ബാറ്റിങിൽ സാങ്കേതികത്തികവിൽ അഗ്രഗണ്യനായിരുന്ന ദ്രാവിഡിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിങ് ശൈലിയാണ് സമിതിന്‍റേത്. വൻമതിൽ എന്നറിയപ്പെട്ടിരുന്ന രാഹുൽ ദ്രാവിഡ് മൂന്നാം നമ്പറിൽ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്സ്മാനായിരുന്നു. 16 വർഷം നീണ്ട ക്രിക്കറ്റ് കരിയറിൽ ദ്രാവിഡ് ടെസ്റ്റിൽ 13288 റൺസും ഏകദിനത്തിൽ 10889 റൺസും അടിച്ചുകൂട്ടിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.