നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഇന്ത്യ - പാക് പരമ്പര നിലവിൽ നടത്തുക അസാധ്യം' - പുതിയ പിസിബി ചെയർമാൻ റമീസ് രാജ

  'ഇന്ത്യ - പാക് പരമ്പര നിലവിൽ നടത്തുക അസാധ്യം' - പുതിയ പിസിബി ചെയർമാൻ റമീസ് രാജ

  ഇന്ത്യയുമായി പരമ്പര കളിക്കുന്നതിനല്ല പ്രാമുഖ്യമെന്നും ആഭ്യന്തര ക്രിക്കറ്റ് മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും റമീസ് രാജ വ്യക്തമാക്കി.

  Ramiz Raja

  Ramiz Raja

  • Share this:
   ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുകയെന്നത് നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട റമീസ് രാജ വ്യക്തമാക്കി. ഇന്ത്യയുമായി പരമ്പര കളിക്കുന്നതിനല്ല പ്രാമുഖ്യമെന്നും ആഭ്യന്തര ക്രിക്കറ്റ് മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും റമീസ് രാജ വ്യക്തമാക്കി. മുൻ പാകിസ്താൻ താരവും കമന്റേറ്ററുമായ റമീസ് രാജ ചെയർമാൻ സ്ഥാനത്തേക്ക് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

   പുതിയ പദവി വളരെയധികം വെല്ലുവിളിയുയര്‍ത്തുന്നതാണ്. ഈ കടുപ്പമേറിയ ജോലി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നെ ഏല്‍പ്പിക്കുന്നതിന് മുൻപ് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടായിരുന്നതായും വാര്‍ത്താസമ്മേളനത്തില്‍ റമീസ് രാജ പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പര പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- 'ഇപ്പോള്‍ അത് അസാധ്യമാണ്. കാരണം രാഷ്ട്രീയ പ്രശ്‍നങ്ങളാൽ കായികരംഗം നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ വിഷയം അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്. ഈ വിഷയത്തില്‍ ഞങ്ങൾക്ക് തിടുക്കമില്ല. കാരണം ആഭ്യന്തര, പ്രാദേശിക ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.' അദ്ദേഹം വ്യക്തമാക്കി.

   പാകിസ്താനും ന്യൂസിലന്‍ഡും തമ്മില്‍ റാവല്‍പിണ്ടിയില്‍ നടക്കാനിരിക്കുന്ന പരിമിത ഓവർ മത്സര പരമ്പരയിൽ ഡിആര്‍എസ് സംവിധാനം ഉണ്ടാവില്ലെന്നതില്‍ രാജ അതൃപ്തി പ്രകടിപ്പിച്ചു. ഡിആര്‍എസ് പരമ്പരയിൽ ഉണ്ടാവില്ലെന്നത് ഒരു പ്രശ്‌നത്തെയാണ് പ്രതിഫലിപ്പിക്കുന്നത്, ഈ വിഷയത്തില്‍ ഇടപെടുമെന്നും മുന്‍ പാക് ക്യാപ്റ്റൻ കൂടിയായ അദ്ദേഹം അറിയിച്ചു.

   വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ ഇന്ത്യ - പാകിസ്താൻ പോരാട്ടത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'ലോകകപ്പിൽ പാകിസ്താനും ഇന്ത്യയും നേർക്കുനേർ വരുന്ന ഈ പോരാട്ടം ലോകം മുഴുവന്‍ ഉറ്റുനോക്കുന്നതാണ്. പാകിസ്താന്‍ ടീമംഗങ്ങളെ ഞാന്‍ കണ്ടിരുന്നു. ഇത്തവണ നമുക്ക് ചരിത്രം തിരുത്തണമെന്നും അവരോട് പറഞ്ഞു. ഈ മല്‍സരത്തിനായി 100 ശതമാനവും മികവ് പുറത്തെടുക്കണമെന്നും ഇതിനായി തയ്യാറെടുപ്പുകള്‍ നടത്താനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.' രാജ കൂട്ടിച്ചേര്‍ത്തു.

   'ടീമിന്റെ വിജയത്തിനായി പ്രവർത്തിക്കുക ടീമിലെ സ്ഥാനത്തെ കുറിച്ച് വ്യാകുലപ്പെടാതെ കളിക്കുക. ജയപരാജയങ്ങൾ ഇതിൽ സ്വാഭാവികമാണ്, മത്സരഫലങ്ങളെ കുറിച്ച് ചിന്തിക്കാതെ നിർഭയം മുന്നേറുകയാണ് പ്രധാനമെന്ന് അവരോട് ഞാൻ പറഞ്ഞിരുന്നു.' - രാജ കൂട്ടിച്ചേർത്തു.

   നേരത്തേ 2003-04 കാലയളവില്‍ പിസിബിയുടെ ചീഫ് എക്‌സിക്യൂട്ടീവായി രാജ പ്രവര്‍ത്തിച്ചിരുന്നു. ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പാകിസ്താനെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ എംസിസി ലോക ക്രിക്കറ്റ് കമ്മിറ്റിയിലെ അംഗമാണ് അദ്ദേഹം.

   മാത്യു ഹെയ്ഡൻ, ഫിലാണ്ടർ എന്നിവരുടെ കീഴിൽ ലോകകപ്പിന് ഒരുങ്ങാൻ പാകിസ്താൻ

   ടി20 ലോകകപ്പിനുള്ള പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിയമിതരായി മുൻ ഓസ്‌ട്രേലിയൻ താരമായ മാത്യൂ ഹെയ്ഡഡനും മുൻ ദക്ഷിണാഫ്രിക്കൻ താരമായ വെര്‍ണോന്‍ ഫിലാണ്ടറും. അടുത്തിടെ പരിശീലക സ്ഥാനമൊഴിഞ്ഞ മിസ്ബ് ഉള്‍ ഹഖ്, വഖാര്‍ യൂനിസ് എന്നിവര്‍ക്ക് പകരമാണ് ഇരുവരും പാക് ടീമിന്റെ ചുമതലയേൽക്കുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട റമീസ് രാജയാണ് ഇരുവരും ടി20 ലോകകപ്പിൽ പാകിസ്താന് തന്ത്രങ്ങൾ പകർന്നു കൊടുക്കാൻ വരുന്ന വിവരം അറിയിച്ചത്.
   Published by:Naveen
   First published: