• HOME
  • »
  • NEWS
  • »
  • sports
  • »
  • PAK vs NZ | 'ന്യൂസിലന്‍ഡ് ടീം പോയതിന്റെ ദേഷ്യം ലോകകപ്പില്‍ കളിച്ചു തീര്‍ക്കൂ': പാക് താരങ്ങളോട് റമീസ് രാജ

PAK vs NZ | 'ന്യൂസിലന്‍ഡ് ടീം പോയതിന്റെ ദേഷ്യം ലോകകപ്പില്‍ കളിച്ചു തീര്‍ക്കൂ': പാക് താരങ്ങളോട് റമീസ് രാജ

'നിങ്ങള്‍ ലോകോത്തര ടീമായി മാറിക്കഴിഞ്ഞാല്‍ നിങ്ങളുമായി കളിക്കാന്‍ മറ്റു ടീമുകള്‍ കാത്തിരിക്കുന്ന അവസ്ഥയുണ്ടാകും. എല്ലാവര്‍ക്കും നിങ്ങള്‍ക്കെതിരെ മത്സരിച്ചാല്‍ മതിയെന്ന സ്ഥിതിയാകും.'- റമീസ് രാജ പറഞ്ഞു.

News18

News18

  • Share this:
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് ടീം പര്യടനത്തില്‍ നിന്ന് പിന്മാറിയത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. താരങ്ങളുടെ സുരക്ഷ ചൂണ്ടിക്കാണിച്ച് വിദേശ ടീമുകള്‍ പാകിസ്താനില്‍ പര്യടനം നടത്താന്‍ വിമുഖത കാണിക്കുന്നതിനിടെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്‍കയ്യെടുത്ത് വിവിധ പര്യടനങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ പദ്ധതിയിട്ടത്. പര്യടനത്തിന് തയ്യാറായ ടീമുകള്‍ക്ക് അതീവ സുരക്ഷയും ഒരുക്കിയിരുന്നു.

ഇപ്പോഴിതാ ന്യൂസീലന്‍ഡ് ടീം പരമ്പര റദ്ദാക്കി മടങ്ങിയതിന്റെ വാശി ലോകകപ്പില്‍ കളിച്ച് തീര്‍ക്കാന്‍ പാക് ടീമിനെ ഉപദേശിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയുക്ത പ്രസിഡന്റ് റമീസ് രാജ. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനായി പിസിബി തയാറാക്കിയ വിഡിയോ സന്ദേശത്തിലാണ് റമീസ് രാജ ഇക്കാര്യം പറഞ്ഞത്. 'നിങ്ങളുടെ നിരാശയും ദേഷ്യവുമെല്ലാം മികച്ച പ്രകടനങ്ങളാക്കി മാറ്റം വരുത്തുക. വരുന്ന ട്വന്റി20 ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടാകണം ഇതിന്റെ ദേഷ്യം നിങ്ങള്‍ തീര്‍ക്കേണ്ടത്'- റമീസ് രാജ പറഞ്ഞു.

'നിങ്ങള്‍ ലോകോത്തര ടീമായി മാറിക്കഴിഞ്ഞാല്‍ നിങ്ങളുമായി കളിക്കാന്‍ മറ്റു ടീമുകള്‍ കാത്തിരിക്കുന്ന അവസ്ഥയുണ്ടാകും. എല്ലാവര്‍ക്കും നിങ്ങള്‍ക്കെതിരെ മത്സരിച്ചാല്‍ മതിയെന്ന സ്ഥിതിയാകും. അതുകൊണ്ട് ഇത് നമുക്കൊരു പാഠമായിട്ടെടുക്കാം. കരുത്തോടെ മുന്നോട്ടു നീങ്ങാം. ഇവിടെ ഒരു നിരാശയുടെയും ആവശ്യമില്ല' - റമീസ് രാജ പറഞ്ഞു.

പാകിസ്താന്‍ പര്യടനം ഉപേക്ഷിച്ച് ന്യൂസീലന്‍ഡ് ടീം മടങ്ങിയ സംഭവം വിവാദമായിരിക്കെ വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒറ്റ വരി കുറിപ്പില്‍ താന്‍ പാകിസ്താനിലേക്കു പോകുകയാണെന്നായിരുന്നു ഗെയ്ലിന്റെ പ്രഖ്യാപനം.

'ഞാന്‍ നാളെ പാക്കിസ്താനിലേക്ക് പോകുകയാണ്. ആരെങ്കിലും എനിക്കൊപ്പം പോരുന്നുണ്ടോ?' - ഇതായിരുന്നു ട്വിറ്ററില്‍ ഗെയ്ല്‍ കുറിച്ചിട്ട വാചകം. ഐപിഎല്‍ 14ആം സീസണ്‍ ഇന്ന് പുനരാരംഭിക്കാനിരിക്കെ പഞ്ചാബ് കിങ്സ് താരമായ ഗെയ്ലിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകരെ വളരെയധികം ആകാംക്ഷയിലാഴ്ത്തി. മാത്രമല്ല, എല്ലാവരും പാകിസ്താന്‍ ക്രിക്കറ്റിനെ കയ്യൊഴിയുന്ന സാഹചര്യത്തില്‍ ഗെയ്ലിന്റെ ട്വീറ്റ് ഏറെ ശ്രദ്ധ നേടി.

Read also: T20 World Cup | '2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പോലെ ഇന്ത്യയെ ഞങ്ങള്‍ ഇനിയും തോല്‍പ്പിക്കും'; വെല്ലുവിളിയുമായി ഹസ്സന്‍ അലി

അവസാന നിമിഷം പര്യടനത്തില്‍ നിന്ന് പിന്മാറിയ ന്യൂസിലന്‍ഡ് ടീമിനെതിരെ രൂക്ഷ വിമര്‍ശനമാണ് പാകിസ്താന്‍ ക്രിക്കറ്റ് ലോകത്ത് നിന്നും ഉണ്ടാകുന്നത്. മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്താനിലെത്തിയത്. സെപ്റ്റംബര്‍ 17 മുതല്‍ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും അഞ്ച് ടി20 യും കളിക്കാനായിരുന്നു സന്ദര്‍ശനം. സെപ്റ്റംബര്‍ 17, 19, 21 ദിവസങ്ങളില്‍ റാവല്‍പിണ്ടിയില്‍ ഏകദിന മത്സരങ്ങളും ലാഹോറില്‍ ടി 20 മത്സരങ്ങളുമാണ് സംഘടിപ്പിച്ചിരുന്നത്.
Published by:Sarath Mohanan
First published: