• HOME
  • »
  • NEWS
  • »
  • sports
  • »
  • Ranji Trophy |ബേസില്‍ തമ്പിക്ക് നാല് വിക്കറ്റ്; മേഘാലയക്കെതിരെ ഇന്നിങ്‌സ് ജയവുമായി കേരളം

Ranji Trophy |ബേസില്‍ തമ്പിക്ക് നാല് വിക്കറ്റ്; മേഘാലയക്കെതിരെ ഇന്നിങ്‌സ് ജയവുമായി കേരളം

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ മേഘാലയയെ ഇന്നിംഗ്‌സിനും 166 റണ്‍സിനും തോല്‍പ്പിച്ച് കേരളം.

  • Share this:
    രഞ്ജി ട്രോഫിയിലെ (Ranji Trophy) ആദ്യ മത്സരത്തില്‍ മേഘാലയയെ (Meghalaya) ഇന്നിംഗ്‌സിനും 166 റണ്‍സിനും തോല്‍പ്പിച്ച് കേരളം (Kerala). നാല് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയുടെയും മൂന്ന് വിക്കറ്റെടുത്ത ജലജ് സക്‌സേനയുടേയും ബൗളിങ്ങ് മികവില്‍ മേഘാലയ രണ്ടാം ഇന്നിങ്‌സില്‍ 191 റണ്‍സിന് പുറത്താവുകയായിരുന്നു.

    ഏദന്‍ ആപ്പിള്‍ ടോം രണ്ട് വിക്കറ്റ് നേടി. 357 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ മേഘാലയയുടെ തുടക്കം തന്നെ പാളിച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് അവര്‍ക്ക് ഓപ്പണര്‍ കിഷനെ നഷ്ടപ്പെട്ടു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ മേഘാലയക്ക് കഴിഞ്ഞില്ല. 75 റണ്‍സെടുത്ത സി.ജി ഖുറാനയും 55 റണ്‍സെടുത്ത ദിപ്പുവും മാത്രമാണ് പിടിച്ചുനിന്നത്. ശേഷിക്കുന്നവരെല്ലാം ബാറ്റിങ് മറന്നു.

    കേരളത്തിനായി ബേസില്‍ തമ്പി 16 ഓവറില്‍ 43 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്. ജലജ് സക്‌സേന 11.5 ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്തു. ഏദന്‍ ആപ്പിള്‍ ടോം രണ്ടും മനു കൃഷ്ണന്‍ ഒരു വിക്കറ്റുമെടുത്തു. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റെടുത്തിരുന്ന അരങ്ങേറ്റക്കാരന്‍ ഏദന്‍ രണ്ടിന്നിങ്‌സിലുമായി ആറു വിക്കറ്റുകളാണ് വീഴ്ത്തിയത്.

    ഒന്നാം ഇന്നിങ്സില്‍ മൂന്ന് ബാറ്റ്സ്മാന്മാര്‍ സെഞ്ചുറി കണ്ടെത്തിയതോടെ 505-9 എന്ന സ്‌കോറിലാണ് കേരളം ഡിക്ലയര്‍ ചെയ്തത്. രോഹന്‍ കുന്നുമ്മലും രാഹുല്‍ പിയും വത്സലുമാണ് സെഞ്ചുറി നേടിയത്. ആദ്യ ദിനം രോഹന്‍ കുന്നുമ്മലും രണ്ടാം ദിനം രാഹുല്‍ പിയും സെഞ്ചുറി നേടിയപ്പോള്‍ മൂന്നാം ദിനം വത്സലിന്റെ ദിനമായി.

    നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളം ഒന്നാമിന്നിങ്‌സില്‍ മേഘാലയയെ 40.5 ഓവറില്‍ 148 റണ്‍സിന് എറിഞ്ഞൊതുക്കിയിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ വെറ്ററന്‍ പേസര്‍ എസ് ശ്രീശാന്ത് രണ്ട് വിക്കറ്റെടുത്തിരുന്നു.
    Published by:Sarath Mohanan
    First published: