അഫ്ഗാനിസ്ഥാനിൽ തുടരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍. താലിബാൻ രാജ്യത്തെ അധികാരം പിടിച്ചെടുത്തതിന് ശേഷം തുടരുന്ന പ്രതിസന്ധികൾക്കും അനിശ്ചിതാവസ്ഥയ്ക്കും ആക്കം കൂട്ടിക്കൊണ്ട് കാബൂള്‍ വിമാനത്താവളത്തില്‍ ഇന്നലെ നടന്ന ഇരട്ട സ്ഫോടനത്തിന് പിന്നാലെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ റാഷിദ് അപേക്ഷയുമായി എത്തിയത്. "കാബൂളില്‍ വീണ്ടും രക്തച്ചൊരിച്ചില്‍, അഫ്ഗാനിസ്ഥാനെ കൊല്ലുന്നത് ദയവായി അവസാനിപ്പിക്കു," റാഷിദ് കുറിച്ചു.
വ്യാഴാഴ്ച കാബൂൾ വിമാനത്താവളത്തിന്റെ കവാടത്തിന് സമീപം നടന്ന സ്‌ഫോടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 85 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 13 യുഎസ് സൈനികരും ഉൾപ്പെടുന്നുണ്ട്. കൂടാതെ 150ൽ പരം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുഎസ് സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ആക്രമണം നടന്നത് എന്ന് പറഞ്ഞ താലിബാൻ ആക്രമണത്തെ അപലപിക്കുന്നതായും അറിയിച്ചു.
അതേസമയം ഇതാദ്യമായല്ല റാഷിദ് ഖാൻ ലോകജനതയ്ക്ക് മുൻപിൽ തന്റെ രാജ്യത്തെ സംരക്ഷിക്കണം എന്ന അപേക്ഷയുമായി എത്തുന്നത്. ഈ മാസമാദ്യം യുഎസ് സേനയുടെ പിന്മാറ്റം മുതലെടുത്ത് താലിബാന്റെ കാബുളിലേക്കുള്ള കടന്നുകയറ്റം രാജ്യത്ത് ഉണ്ടാക്കാൻ പോകുന്ന പ്രതിസന്ധിയിൽ നിന്നും തന്റെ രാജ്യത്തെ ജനതയെ രക്ഷിക്കണം എന്ന അപേക്ഷ റാഷിദ് തന്റെ ട്വിറ്ററിൽ കുറിച്ചിരുന്നു.
"പ്രിയപ്പെട്ട ലോക നേതാക്കളെ, എന്റെ രാജ്യം കഷ്ടതയിലാണ്. സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ക്കാണ് ദിവസവും കൊല്ലപ്പെടുന്നത്. വീടുകളും സ്വത്തുക്കളും നശിപ്പിക്കപ്പെടുന്നു. ആയിരക്കണക്കിന് കുടുംബങ്ങല്‍ പലായനം ചെയ്യുകയാണ്. കഷ്ടതകളില്‍ ഞങ്ങളെ ഉപേക്ഷിച്ചു പോകരുത്," റാഷിദ് കുറിച്ചു.
അഫ്ഗാനിൽ താലിബാൻ ഭരണത്തിൽ വന്നതോടെ ക്രിക്കറ്റ് മത്സരങ്ങളും മറ്റ് കായിക ഇനങ്ങൾ എല്ലാം തന്നെ നിർത്തിവെച്ചിരിക്കുകയാണ്. പുരുഷന്മാരുടെ കായിക മത്സരങ്ങൾ തടസ്സം കൂടാതെ നടത്താൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും വനിതകളുടെ കാര്യത്തിൽ ആ പ്രതീക്ഷയ്ക്ക് വകയില്ലാതായിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ നിന്നും സ്ത്രീകളെ വിലക്കുന്ന നയം സ്വീകരിച്ചു വരുന്ന താലിബാൻ കായിക ഇനങ്ങളിൽ നിന്നും സ്ത്രീകളെ വിലക്കുമെന്ന് ഉറപ്പാണ്.
നിലവിൽ റാഷിദ് ഖാൻ ഇംഗ്ലണ്ടിൽ ആണെങ്കിലും അദ്ദേഹത്തിന്റെ കുടുംബം അഫ്ഗാനിൽ കുടുങ്ങിക്കിടക്കുകയാണ്. തന്റെ കുടുംബത്തെ രക്ഷിച്ചെടുക്കാൻ കഴിയാത്തതിൽ താരം ആശങ്കാകുലനാണ് എന്ന് ഇംഗ്ലണ്ട് താരമായ കെവിൻ പീറ്റേഴ്‌സൺ വ്യക്തമാക്കിയിരുന്നു.
അഫ്ഗാനിൽ അനിശ്ചിതാവസ്ഥ തുടരുന്നുണ്ടെങ്കിലും സെപ്റ്റംബറിൽ നടക്കുന്ന ഐപിഎല്ലിലും ഒക്ടോബറിൽ നടക്കുന്ന ലോകകപ്പിലും അഫ്ഗാൻ താരങ്ങൾ കളിക്കുമെന്ന് തന്നെയാണ് അറിയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.