നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'അഫ്ഗാനിൽ നിന്നും കുടുംബത്തെ രക്ഷിച്ചെടുക്കാൻ കഴിയാത്തതിന്റെ ആശങ്കയിലാണ് റാഷിദ് ഖാൻ'; കെവിൻ പീറ്റേഴ്‌സൺ

  'അഫ്ഗാനിൽ നിന്നും കുടുംബത്തെ രക്ഷിച്ചെടുക്കാൻ കഴിയാത്തതിന്റെ ആശങ്കയിലാണ് റാഷിദ് ഖാൻ'; കെവിൻ പീറ്റേഴ്‌സൺ

  കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്തതിലും അവരെ അവിടെ നിന്ന് പുറത്തേക്ക് എത്തിക്കാൻ സാധിക്കാത്തതിലും താരത്തിന് ആശങ്കയുണ്ട്.- പീറ്റേഴ്‌സൺ പറഞ്ഞു.

  rashid_khan

  rashid_khan

  • Share this:
   അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണങ്ങൾ സൃഷ്‌ടിച്ച പ്രതിസന്ധിയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് താരമായ റാഷിദ് ഖാൻ കടന്നുപോകുന്ന വിഷമകരമായ അവസ്ഥ എടുത്ത് കാട്ടിയാണ് പീറ്റേഴ്‌സൺ ഈ വിഷയത്തിൽ പ്രതികരിച്ചത്. അഫ്ഗാനിസ്ഥാനിലുള്ള തന്റെ കുടുംബത്തെ അവിടെ നിന്നും രക്ഷിച്ചെടുക്കാൻ കഴിയാത്തതിന്റെ ആശങ്കയിലാണ് റാഷിദ് ഖാൻ എന്നാണ് പീറ്റേഴ്‌സൺ പറഞ്ഞത്.

   അഫ്ഗാനിൽ നടക്കുന്ന പ്രശ്നങ്ങൾ കാരണം അവിടത്തെ വിമാന സർവീസുകൾ താളം തെറ്റി കിടക്കുകയാണ്. അതിനാൽ റാഷിദിന്റെ കുടുംബം അവിടെ അകപ്പെട്ടിരിക്കുകയാണ്. നിലവിൽ റാഷിദ് ഇംഗ്ലണ്ടിൽ ക്രിക്കറ്റിലെ പുതുഫോർമാറ്റായ ദി ഹണ്ട്രഡ് ലീഗിൽ കളിക്കുകയാണ്. ലീഗിൽ ട്രെന്റ് റോക്കറ്റ്റ്സിന്റെ താരമാണ് റാഷിദ്.

   കഴിഞ്ഞ ദിവസം റോക്കറ്റ്‌സിന്റെ മത്സരത്തിനിടെ റാഷിദുമായി സംസാരിച്ചിരുന്നു എന്ന് പറഞ്ഞാണ് പീറ്റേഴ്‌സൺ അഫ്ഗാൻ താരത്തിന്റെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. "റാഷിദുമായി കഴിഞ്ഞ ദിവസം റോക്കറ്റ്‌സിന്റെ മത്സരത്തിനിടയിൽ ബൗണ്ടറി ലൈനിന് അരികിൽ വെച്ച് ഒരുപാട് നേരം സംസാരിച്ചു. അഫ്ഗാനിൽ നടക്കുന്ന സംഘർഷങ്ങളിൽ ആശങ്കാകുലനാണ് താരം, ഇതിനുപുറമെ തന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്തതിലും അവരെ അവിടെ നിന്ന് പുറത്തേക്ക് എത്തിക്കാൻ സാധിക്കാത്തതിലും താരത്തിന് ആശങ്കയുണ്ട്." പീറ്റേഴ്‌സൺ പറഞ്ഞു.

   "ഇത്തരം അനിഷ്ട സംഭവങ്ങൾ തന്റെ രാജ്യത്ത് നടക്കുമ്പോഴും, ഇത്രയും സമ്മർദ്ദങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും റാഷിദിന് തന്റെ മികച്ച ഫോം തുടരാൻ കഴിയുന്നു, കരിയറിൽ ഇതുവരെ താൻ കാഴ്ചവെച്ച മികച്ച പ്രകടനങ്ങളുടെ ഗ്രാഫ് താരം നിലനിർത്തുന്നു, ഇത് ഹൃദയത്തിൽ തട്ടുന്ന പ്രകടനമാണ്, ഹണ്ട്രഡ് ലീഗിന്റെ ഉദ്‌ഘാടന സീസണിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇത്." പീറ്റേഴ്‌സൺ കൂട്ടിച്ചേർത്തു.


   യു എസ് സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാൻ തങ്ങളുടെ അധീനതയിലാക്കിക്കൊണ്ടിരിക്കുന്ന താലിബാൻ കഴിഞ്ഞ ദിവസം അഫ്ഗാൻ തലസ്ഥാനമായ കാബൂൾ വളയുകയും തുടർന്ന് അഫ്ഗാൻ പ്രസിഡന്റ് ആയിരുന്ന അഷ്‌റഫ് ഗനിയുടെ കൊട്ടാരം തങ്ങളുടെ വരുതിയിലാക്കുകയും ചെയ്തിരുന്നു. താലിബാൻ കാബൂൾ വളഞ്ഞതോടെ ഗനി രാജ്യം വിട്ടിരുന്നു. അഫ്‌ഗാന്റെ സിംഹഭാഗവും കൈക്കലാക്കിയ താലിബാൻ വൈകാതെ തന്നെ അധികാരമേൽക്കും, രാജ്യത്തിന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

   അതേസമയം യു എ യിൽ നടക്കുന്ന ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരങ്ങളിൽ റാഷിദ് ഖാനും താരത്തിന്റെ ദേശീയ ടീമിലെ സഹതാരവുമായ മുഹമ്മദ് നബിയും ഉണ്ടാകുമെന്ന് ഇവർ കളിക്കുന്ന ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദ് സ്ഥിരീകരിച്ചു. എ എൻ ഐയോട് സംസാരിച്ച എസ് ആർ എച്ച് സി ഇ ഒ കെ.ഷൺമുഖം രണ്ട് അഫ്ഗാനിസ്ഥാൻ കളിക്കാർ ടീമിന്റെ ഭാഗമാകുമെന്ന് പറഞ്ഞു. "നിലവിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ സംസാരിച്ചിട്ടില്ല, പക്ഷേ അവർ രണ്ടു പേരും ടൂർണമെന്റിൽ ഉണ്ടാകും," എസ്ആർഎച്ച് പ്രതിനിധി പറഞ്ഞു.
   Published by:Naveen
   First published:
   )}