ടോക്യോയിലെ ഗോദയിൽ ഇന്നലെ ഇന്ത്യക്ക് മികച്ച ദിനമായിരുന്നു. ഗോദയിൽ നിന്നും തങ്ങളുടെ നാലാം മെഡൽ സ്വന്തമാക്കുന്നതിനായി കാത്തിരിക്കുകയാണ് ഇന്ത്യ. ഇത് ഇന്ത്യക്ക് വേണ്ടി നേടാൻ ഇറങ്ങുന്നത് ഇന്ത്യയുടെ ഫയൽവാനായ രവി കുമാർ ദാഹിയയാണ്. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഫൈനലിൽ എത്തിയാണ് രവി ഇന്ത്യക്കായി മെഡൽ ഉറപ്പിച്ചത്. ഇന്നലെ നടന്ന റൗണ്ട് ഓഫ് 16 മത്സരങ്ങൾ മുതൽ സെമി വരെയുള്ള മത്സരങ്ങളിൽ തകർപ്പൻ പ്രകടനമാണ് ഈ സോനിപത്തുകാരൻ പുറത്തെടുത്തത്.
റൗണ്ട് ഓഫ് 16 മത്സരവും അതിന് ശേഷമുള്ള ക്വാർട്ടർ മത്സരവും അനായാസം ജയിച്ചുവന്ന രവി കുമാറിന് പക്ഷെ സെമിയിൽ കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്. തോൽവി ഉറപ്പിച്ചു നിന്ന ഘട്ടത്തിൽ നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യൻ താരം ഫൈനൽ ഉറപ്പിച്ചത്. കടുപ്പമേറിയ കസാക്കിസ്ഥാന്റെ നൂറിസ്ലാം സൻയേവിനെ മലർത്തിയടിച്ചാണ് ഇന്ത്യൻ താരം ഫൈനലിലേക്ക് കടന്നത്. ഇതിനിടയിൽ അദ്ദേഹത്തിന് സൻയേവിന്റെ പല്ല് ഉപയോഗിച്ചുള്ള ആക്രമണത്തെയും ചെറുക്കേണ്ടി വന്നിരുന്നു.
പോരാട്ടത്തിനിടയിൽ രവി കുമാറിന്റെ കയ്യിൽ കസാഖ് താരം കടിക്കുകയായിരുന്നു. താരത്തിന്റെ കടിയുടെ പാട് രവിയുടെ കയ്യിൽ പതിഞ്ഞു. മത്സരത്തിന് ശേഷം ഗോദയിൽ നിന്നും ഇറങ്ങി പോകുമ്പോൾ രവി കുമാർ അദ്ദേഹത്തിന്റെ പരിശീലകനോട് തന്റെ കൈ കാണിച്ചു കൊടുത്ത് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. മത്സരത്തിനിടയിലും ശേഷവും ഇന്ത്യൻ താരം ഈ കടി പ്രയോഗത്തെ കുറിച്ച് റഫറിയോട് സൂചിപ്പിച്ചിരുന്നില്ല. പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നിന്നുമാണ് ആരാധകർക്ക് ഈ സംഭവം മനസ്സിലായത്. ഈ ചിത്രങ്ങൾ പിന്നീട് വലിയ ചർച്ചാവിഷയമാവുകയായിരുന്നു. എതിർ താരത്തിന്റെ കടി പ്രയോഗത്തിലും ഉലയാതെ മികച്ച പ്രകടനം നടത്തിയ രവി കുമാറിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് പ്രതികരിച്ചത്. ഇതിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ വിരേന്ദർ സെവാഗ് എന്നിങ്ങനെ പ്രമുഖരും ഉൾപ്പെടുന്നുണ്ട്.
How unfair is this , couldn’t hit our #RaviDahiya ‘s spirit, so bit his hand. Disgraceful Kazakh looser Nurislam Sanayev.
Ghazab Ravi , bahut seena chaunda kiya aapne #Wrestling pic.twitter.com/KAVn1Akj7F
— Virender Sehwag (@virendersehwag) August 4, 2021
മത്സരം അവസാന മിനിറ്റിലേക്ക് കടക്കുമ്പോള്‍ 2-9 എന്ന നിലയിൽ പിന്നിലായിരുന്ന ഇന്ത്യൻ താരം എതിരാളിയെ കീഴ്പ്പെടുത്തി മൂന്ന് പോയിന്റ് നേടി 5-9 എന്ന നിലയിലേക്ക് ലീഡ് കുറച്ച് കൊണ്ടുവന്നു. മത്സരം അവസാന മിനിറ്റിലേക്ക് കടന്നപ്പോൾ തന്റെ മികവ് മുഴുവൻ പുറത്തെടുത്ത താരം എതിരാളിയെ പൂട്ടിയിട്ടു. പോയിന്റ് നിലയിൽ പിന്നിലായിരുന്നെങ്കിലും രവി കുമാർ വിൻ ബൈ ഫാൾ സ്വന്തമാക്കി വിജയം നേടുകയായിരുന്നു.
നേരത്തെ കൊളംബിയയുടെ ഓസ്‌കര്‍ അര്‍ബനോയെ 13-2 എന്ന സ്‌കോറിന് തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ രവികുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്‌കോറിന് മറികടന്നാണ് സെമിയിലേക്ക് എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ravi Kumar Dahiya, Tokyo Olympics, Tokyo Olympics 2020, Wrestling