• HOME
  • »
  • NEWS
  • »
  • sports
  • »
  • Ravi Shastri on MS Dhoni | 'ധോണി എല്ലാവരിൽ നിന്നും വ്യത്യസ്തൻ; അദ്ദേഹത്തെ പോലൊരാളെ കണ്ടിട്ടില്ല'; രവി ശാസ്ത്രി

Ravi Shastri on MS Dhoni | 'ധോണി എല്ലാവരിൽ നിന്നും വ്യത്യസ്തൻ; അദ്ദേഹത്തെ പോലൊരാളെ കണ്ടിട്ടില്ല'; രവി ശാസ്ത്രി

മുന്‍ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടയിലാണ് ശാസ്ത്രി ധോണിയെ കുറിച്ച് വാചാലനായത്.

  • Share this:
    മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ (MS Dhoni) പുകഴ്ത്തി മുൻ പരിശീലകൻ രവി ശാസ്ത്രി (Ravi Shastri). ധോണി എല്ലാവരിൽ നിന്നും വ്യത്യസ്തനാണെന്നും അദ്ദേഹത്തെ പോലൊരു താരത്തെ താൻ ഇന്നോളം കണ്ടിട്ടില്ല എന്നുമാണ് ശാസ്ത്രി പറഞ്ഞത്. ലെജന്‍ഡ്‌സ് ലീഗുമായി ബന്ധപ്പെട്ട് ഒമാനിലുള്ള ശാസ്ത്രി, മുന്‍ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ (Shoaib Akhtar) യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

    ധോണിയെ പോലെ സമാധാനപ്രിയനായ ഒരു താരത്തെ ഇന്നോളം കണ്ടിട്ടില്ലെന്ന് പറഞ്ഞ ശാസ്ത്രി ധോണിയുടെ ഫോൺ നമ്പർ പോലും തന്റെ കൈവശമില്ലെന്നും ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ എത്രകാലത്തേക്ക് വേണമെങ്കിലും ഉപോയിഗിക്കാതെ ഇരിക്കാൻ ധോണിക്ക് നിഷ്പ്രയാസം സാധിക്കുമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.

    ധോണി ദേഷ്യപ്പെടുന്നത് താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞ ശാസ്ത്രി കളിയിലെ ഉയർച്ചകളും താഴ്ചകളും അദ്ദേഹത്തിൽ വ്യതാസങ്ങളേതും ഉണ്ടാക്കാറില്ലെന്നും കൂട്ടിച്ചേർത്തു. ''ധോണിയെ പോലെ ഒരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. അവിശ്വസനീയമാണ് ധോണിയുടെ പല കാര്യങ്ങളും. ഏത് സാഹചര്യമാണെങ്കില്‍ ധോണിക്ക് ഒരു കുലുക്കവും ഉണ്ടാവാറില്ല. അതിപ്പോൾ മത്സരത്തിൽ പൂജ്യത്തിന് പുറത്തായാലും സെഞ്ചുറി നേടിയാലും ലോകകപ്പ് ജയിച്ചാലും ആദ്യ റൗണ്ടില്‍ പുറത്തായാലും അതൊന്നും ധോണിയിൽ യാതൊരു വ്യത്യാസവും ഉണ്ടാക്കില്ല. പൊതുവെ ശാന്ത പ്രകൃതക്കാരനായ സച്ചിൻ ടെണ്ടുൽക്കർ പോലും ചില ഘട്ടങ്ങളിൽ ദേഷ്യപ്പെടുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ധോണി അങ്ങനെയല്ല." - ശാസ്ത്രി വ്യക്തമാക്കി.

    Also read- IPL 2022 | ഡ്രാഫ്റ്റിലൂടെ താരങ്ങളെ സ്വന്തമാക്കി അഹമ്മദാബാദും ലക്‌നൗവും; മെഗാ താരലേലത്തിന് ഒരുങ്ങി ഐപിഎൽ ഫ്രാഞ്ചൈസികൾ

    "ഫോൺ ഉപയോഗിക്കണ്ട എന്ന് ധോണി ഒരു തീരുമാനം എടുത്താൽ അത് എത്ര കാലത്തേക്ക് വേണമെങ്കിലും തുടരാൻ അദ്ദേഹത്തിന് സാധിക്കും. ധോണിയുടെ ഫോൺ നമ്പര്‍ പോലും എന്റെ കൈവശമില്ല. ഞാനത് ഒരിക്കലും ചോദിച്ചിട്ടുമില്ല. കാരണം, എനിക്കറിയാം അദ്ദേഹം എപ്പോഴും മൊബൈല്‍ ഉപയോഗിക്കുന്ന വ്യക്തിയല്ലെന്ന്. അദ്ദേഹത്തെ ബന്ധപ്പെടേണ്ട കാര്യം വന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം" - ശാസ്ത്രി വിശദീകരിച്ചു.

    വിരാട് കോഹ്ലി (Virat Kohli), രോഹിത് ശർമ (Rohit Sharma) എന്നിവരെ കുറിച്ചും ശാസ്ത്രി വാചാലനായി. ''കോഹ്ലി ധോണിയില്‍ നിന്ന് വ്യത്യസ്താണ്. ഗ്രൗണ്ടിലിറങ്ങിയാല്‍ ഒരു വന്യമൃഗത്തെ പോലെയാണ് അദ്ദേഹം. എപ്പോഴും പോരാടിക്കൊണ്ടിരിക്കണം. ബാക്കിയുള്ള ഒരു കാര്യത്തെ കുറിച്ചും കോഹ്ലി ചിന്തിക്കില്ല. പക്ഷേ കളത്തിനു പുറത്ത് അദ്ദേഹം നേരേ വിപരീതമാണ്, തികച്ചും ശാന്തനാണ്. അതേസമയം, രോഹിത് തന്റെ കഴിവിനെ കുറിച്ച് ഇപ്പോഴും പൂര്‍ണമായും അറിവില്ലാത്ത താരമാണ്.'' ശാസ്ത്രി വ്യക്തമാക്കി.

    അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ശാസ്ത്രിക്ക് ഐപിഎല്ലിലെ ചില ടീമുകളിൽ നിന്നും ഓഫർ ഉണ്ടായിരുന്നെങ്കിലും ഇനിയും പരിശീലക സ്ഥാനത്ത് തുടരാനില്ലെന്ന നിലപാടാണ് ശാസ്ത്രി സ്വീകരിച്ചത്.
    Published by:Naveen
    First published: