ഐപിഎല്ലില്‍ (IPL 2022) 15ആം സീസണിലെ ഹൈദരാബാദിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന് നായകന് സഞ്ജു സംസണ് (Sanju Samson) പുറത്തെടുത്ത പ്രകടനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുകയാണ്. മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം ഒട്ടേറെപേര്‍ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ലോകത്തെ എത്ര വലിയ ബൗണ്ടറികളുള്ള സ്റ്റേഡിയവും കീഴടക്കാനുള്ള കരുത്ത് സഞ്ജുവിനുണ്ടെന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി (Ravi Shastri). 27 പന്തില്‍ 55 റണ്‍സാണ് സഞ്ജു നേടിയത്. അഞ്ച് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.
'ഒരിക്കല്‍ക്കൂടി സഞ്ജു സാംസണ് മികച്ച ബാറ്റിങ് കാഴ്ചവച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഷോട്ട് സിലക്ഷന്‍ ശ്രദ്ധേയമായിരുന്നു. പന്തിന് കാര്യമായ ടേണ്‍ ലഭിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ സഞ്ജു, സ്ട്രൈറ്റ് ബൗണ്ടറിയാണ് മിക്കപ്പോഴും ലക്ഷ്യമിട്ടത്. കൃത്യമായ സ്ഥാനത്തേക്ക് മാറി പന്തിന്റെ പേസ് മുതലെടുത്താണ് സഞ്ജു റണ്‍സ് കണ്ടെത്തുന്നത്. ലോകത്തെ എത്ര വലിയ ബൗണ്ടറികളുള്ള സ്റ്റേഡിയവും കീഴടക്കാനുള്ള കരുത്ത് സഞ്ജുവിനുണ്ട്.'- ശാസ്ത്രി പറഞ്ഞു.
പുണെയില്‍ ബാറ്റു ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു. അദ്ദേഹം ഇതേ വേദിയില്‍ ഐപിഎലില്‍ സെഞ്ചുറിയും നേടിയിട്ടുണ്ട്. ഇന്നും അദ്ദേഹം മികച്ച ഫോമിലായിരുന്നു. ശേഷിക്കുന്ന അഞ്ച് ഓവര്‍ കൂടി സഞ്ജു ക്രീസിലുണ്ടായിരുന്നെങ്കില്‍ രാജസ്ഥാന് കുറഞ്ഞത് 230 റണ്‍സെങ്കിലും നേടുമായിരുന്നു. ആക്രമണോത്സുകനായി ബാറ്റ് ചെയ്ത സഞ്ജു, ദേവ്ദത്ത് പടിക്കലിനൊപ്പം മികച്ച കൂട്ടുകെട്ടും സൃഷ്ടിച്ചു' - ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രിയെക്കൂടാതെ മുന്‍ താരങ്ങളായ കൃഷ്ണമാചാരി ശ്രീകാന്ത്, ഹര്ഭജന് സിംഗ്, ഇര്ഫാന് പത്താന് എന്നിവരെല്ലാം സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇതില്‍ ശ്രീകാന്തിന്റെ വാക്കുകളാണ് ശ്രദ്ധേയമായത്. 'ദൈവമേ, എന്തൊരു കഴിവാണ് അവന്. നിങ്ങളുടെ ബാറ്റിംഗില്‍ നിന്ന് എനിക്ക് കണ്ണെടുക്കാനെ തോന്നുന്നില്ല.'- ശ്രീകാന്ത് ട്വിറ്ററില്‍ കുറിച്ചിട്ടു.
ഹൈദരാബാദിനെ 61 റണ്‍സിനാണ് രാജസ്ഥാന് തകര്‍ത്തത്. രാജസ്ഥാന് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ പ്രകടനവും രാജസ്ഥന്റെ ഇന്നിങ്സില്‍ നിര്‍ണായകമായി ല്‍. 29 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഷിംറോണ്‍ ഹെട്മെയറും മത്സരത്തില്‍ തിളങ്ങി. 13 പന്തില്‍ മൂന്ന് സിക്സറും രണ്ടു ഫോറും സഹിതം 32 റണ്‍സാണ് താരം നേടിയത്.
ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ സഞ്ജു മറ്റൊരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സുകളെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്. 110 സിക്സുകളാണ് നിലവില്‍ സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. മുന്‍ രാജസ്ഥാന് താരം ഷെയ്ന് വാട്സണെയാണ് താരം മറികടന്നത്. 110 സിക്സുകള്‍ സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.