ബെംഗളൂരു: അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒരു റണ്ണിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. ധോണി നടത്തിയ ഒറ്റായാള്‍ ചെറുത്ത് നില്പ്പിനെ മറികടന്നാണ് ബാംഗ്ലൂര്‍ ജയം സ്വന്തമാക്കിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 26 റണ്‍സ് വേണ്ടിയിരുന്ന മഞ്ഞപ്പടയ്ക്ക് 24 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടര്‍ന്ന ചെന്നെ ഒരുഘട്ടത്തില്‍ നാല് വിക്കറ്റിന് 28 എന്ന നിലയില്‍ തകര്‍ന്നെങ്കിലും 48 പന്തില്‍ പുറത്താകാതെ 84 റണ്‍സ് നേടിയ ധോണി ടീമിനെ ചുമലിലേറ്റുകയായിരുന്നു. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 26 റണ്‍സ് വേണ്ടിയിരിക്കെ ധോണി ആദ്യ അഞ്ച് പന്തില്‍ നിന്ന് 24 റണ്‍സ് സ്വന്തമാക്കുകയായിരുന്നു.
Also Read: തച്ചുടച്ച് ബെയർസ്റ്റോവും വാർണറും; കൊൽക്കത്തയെ തകർത്ത് ഹൈദരാബാദ്
മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടെയായിരുന്നു ധോണി അവസാന ഓവറില്‍ പോരാടിയത്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരിക്കെ ധോണി പന്ത് മിസ്സാക്കുകയായിരുന്നു. ഓടി ഒരു റണ്‍സ് എടുക്കാനുള്ള ശ്രമത്തിനിടെ വിജയ് ഠാക്കൂര്‍ റണ്‍ഔട്ടാവുകയും ചെയ്തതോടെ ബാംഗ്ലൂര്‍ ഒരു റണ്ണിന്റെ ജയം സ്വന്തമാക്കി.
നേരത്തെ പാര്‍ത്ഥിവ് പട്ടേലിന്റെ അര്‍ദ്ധ സെഞ്ചുറിയുടെ മികവിലായിരുന്നു ബാംഗ്ലൂര്‍ 161 റണ്‍സ് നേടിയത്. പാര്‍ത്ഥിവ് 37 പന്തില്‍ 53 റണ്‍സ് അടിച്ചു. വിരാടും ഒമ്പതും ഡി വില്ലിയേഴ്സ് 25 ഉം റണ്‍സെടുത്ത് പുറത്തായി. മോയിന്‍ അലി 16 പന്തില്‍ 26 റണ്‍സ് നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.