HOME » NEWS » Sports » REAL MADRID AND CHELSEA ENDS THE FIRST LEG OF CHAMPIONS LEAGUE SEMI FINAL IN BALANCE JK INT

Champions league | റയലിനെ സമനിലയില്‍ പിടിച്ച് ചെല്‍സി; റയലിന്റെ മൈതാനത്ത് എവേ ഗോള്‍ മുന്‍തൂക്കം നേടി ഇംഗ്ലീഷ് ക്ലബ്

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും മികച്ച ഗോളവസരങ്ങള്‍ ലഭിച്ചിട്ടും വീണ്ടുമൊരു ഗോള്‍ നേടാന്‍ ചെല്‍സിക്ക് കഴിയാതെ പോയത് റയലിന് തുണയായി

News18 Malayalam | news18-malayalam
Updated: April 28, 2021, 5:18 PM IST
Champions league | റയലിനെ സമനിലയില്‍ പിടിച്ച് ചെല്‍സി; റയലിന്റെ മൈതാനത്ത് എവേ ഗോള്‍ മുന്‍തൂക്കം നേടി ഇംഗ്ലീഷ് ക്ലബ്
Champions league
  • Share this:
യുവേഫ ചാംപ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മഡ്രിഡിനെ സമനിലയില്‍ തളച്ച് ചെല്‍സി. റയലിന്റെ തട്ടകമായ സാന്തിയാഗോ ബേര്‍ണബ്യുവില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. ചെല്‍സിക്ക് വേണ്ടി ക്രിസ്റ്റ്യന്‍ പുലിസിച്ചും റയലിനായി കരീം ബെന്‍സിമയും ഗോള്‍ നേടി. രണ്ടാം പാദ സെമി പോരാട്ടം മേയ് അഞ്ചിന് ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വച്ച് നടക്കും.

14-ാം മിനിറ്റില്‍ പുലിസിച്ച് നേടിയ ഗോളില്‍ ചെല്‍സിയാണ് ആദ്യം ലീഡെടുത്തത്. 29-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമ റയലിന് സമനില സമ്മാനിച്ചു. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും മികച്ച ഗോളവസരങ്ങള്‍ ലഭിച്ചിട്ടും വീണ്ടുമൊരു ഗോള്‍ നേടാന്‍ ചെല്‍സിക്ക് കഴിയാതെ പോയത് റയലിന് തുണയായി.

ജര്‍മന്‍ താരം ടിമോ വെര്‍ണര്‍ മികച്ചൊരു അവസരം പാഴാക്കിയതിനു പിന്നാലെയാണ് പുലിസിച്ചിലൂടെ ചെല്‍സി ലീഡ് നേടിയത്. റയല്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ വെര്‍ണര്‍ അടിച്ച ഷോട്ട് റയല്‍ ഗോളി തിബോ കുര്‍ട്ടോ തടഞ്ഞിട്ടു. പിന്നീട് കളിയുടെ 14ആം മിനുട്ടില്‍ റുഡിഗര്‍ നല്‍കിയ പാസ് സ്വീകരിച്ച് മുന്നോട്ട് കുതിച്ച പുലിസിച്ച് റയല്‍ താരങ്ങളെയും മറികടന്ന് റയല്‍ ബോക്‌സിനുള്ളില്‍ ഗോള്‍കീപ്പര്‍ കുര്‍ട്ടോയെയും വീഴ്ത്തിയാണ് താരം ചെല്‍സിക്ക് ലീഡ് സമ്മാനിച്ചത്. ബോക്‌സിനുള്ളില്‍ പന്ത് കൈക്കലാക്കാന്‍ മുന്നോട്ട് കയറി വന്ന റയല്‍ ഗോളി കുര്‍ട്ടോയെ വിദഗ്ധമായി വെട്ടിയൊഴിഞ്ഞ് ഗോള്‍ലൈനില്‍ നില്‍പ്പുറപ്പിച്ച രണ്ട് റയല്‍ പ്രതിരോധനിരക്കാരെ കാഴ്ചക്കാരാക്കിയുമാണ് പുലിസിച്ച് ലക്ഷ്യം കണ്ടത്. താരം എടുത്ത ഷോട്ട് റയല്‍ പ്രതിരോധ നിര താരം റാഫേല്‍ വരാന്റെ ശരീരത്തില്‍ തട്ടിയെങ്കിലും നേരെ ഗോളിലേക്ക് തന്നെയാണ് ചെന്നത്.

എന്നാല്‍, 29-ാം മിനിറ്റില്‍ കരിം ബെന്‍സേമയുടെ തകര്‍പ്പന്‍ ഗോള്‍ റയലിന് സമനില സമ്മാനിച്ചു. സെര്‍ജിയോ റാമോസിന്റെ അഭാവത്തില്‍ ക്യാപ്റ്റന്റെ ആംബാന്‍ഡ് അണിഞ്ഞ മാര്‍സലോ ബോക്‌സിനു പുറത്തുനിന്ന് ചെല്‍സി ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ട പന്ത് ഉയര്‍ന്നുചാടിയ ഏദര്‍ മിലിട്ടാവോ തലകൊണ്ട് ചെത്തി ബോക്‌സിന്റെ നടുവിലേക്കിട്ടു. ചെല്‍സി പ്രതിരോധത്തിന്റെ മധ്യത്തിലുണ്ടായിരുന്ന ബെന്‍സേമ പന്ത് തലകൊണ്ട് വരുതിയിലാക്കി അധികം സമയം കളയാതെ തകര്‍പ്പന്‍ അക്രോബാറ്റിക് ഷോട്ടിലൂടെ അത് വലയിലെത്തിച്ചു.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഇരു ടീമുകളും രണ്ടാം ഗോളിനായി പൊരുതിയെങ്കിലും ഗോള്‍ മാത്രം വന്നില്ല. റയലിന്റെ മൈതാനത്ത് എവേ ഗോള്‍ നേടാനായി എന്നത് രണ്ടാം പാദത്തില്‍ ചെല്‍സിക്ക് മുന്‍തൂക്കം നല്‍കും.

അതേസമയം, ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് പി എസ് ജിയെ നേരിടും. പി എസ് ജിയുടെ മൈതാനത്ത് രാത്രി 12.30നാണ് മത്സരം തുടങ്ങുക. സോണി നെറ്റ്വര്‍ക്കില്‍ കളി തല്‍സമയം കാണാം.
Published by: Jayesh Krishnan
First published: April 28, 2021, 5:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories