പരിക്കില്‍ നിന്നും മോചിതരായി നടരാജനും, ശ്രേയസ് അയ്യരും ലങ്കന്‍ പര്യടനത്തില്‍ തിരിച്ചെത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ഇവരെ പരിഗണിച്ചിരുന്നില്ല.
Last Updated :
Share this:
ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ ബി സി സി ഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ചരിത്ര പ്രാധാന്യമുള്ള മുഹൂര്‍ത്തങ്ങളാണ് ഇനി ഇന്ത്യന്‍ ക്രിക്കറ്റിനെ കാത്തിരിക്കുന്നത്. ഇന്ത്യയുടെ രണ്ട് ടീമുകള്‍ ഒരേ സമയം രണ്ട് രാജ്യങ്ങളില്‍ പര്യടനത്തിന് പോവുകയാണ്. നിലവില്‍ ഇന്ത്യയുടെ സീനിയര്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെയും അതിനുശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയുടെയും ഭാഗമായി ഇംഗ്ലണ്ടിലാണ്. ഇനിയുള്ള മൂന്ന് മാസക്കാലം അവര്‍ അവിടെയാവുമെന്നതിനാല് ജൂലൈയില്‍ നടക്കാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ യുവതരങ്ങളെയാണ് ബി സി സി ഐ തിരഞ്ഞെടുത്തിരിക്കുന്നത്.
സമീപകാലങ്ങളില്‍ ഐ പി എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഒട്ടുമിക്ക താരങ്ങളും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ പരിക്കില്‍ നിന്നും മോചിതരായി നടരാജനും, ശ്രേയസ് അയ്യരും ലങ്കന്‍ പര്യടനത്തില്‍ തിരിച്ചെത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ഇവരെ പരിഗണിച്ചിരുന്നില്ല. നിലവില്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ഇരുവര്‍ക്കും പരിക്ക് തന്നെയാണ് ടീമില്‍ അവസരം നിഷേധിക്കാനുള്ള കാരണം. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ഇതിന് ശേഷം വിശ്രമത്തിലായിരുന്ന താരത്തിന് പൂര്‍ണ്ണ ഫിറ്റ്നസ് ഇനിയും വീണ്ടെടുക്കാനായിട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ ശ്രേയസ് 2021ലെ ഐ പി എല്ലിന്റെ ആദ്യ പാദത്തിലും പങ്കെടുത്തിരുന്നില്ല. അയ്യര്‍ക്ക് പകരമായി യുവതാരം റിഷഭ് പന്തായിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍ സെപ്തംബര്‍ 19ന് ആരംഭിക്കുന്ന ഐ പി എല്‍ രണ്ടാം പാദത്തില്‍ ശ്രേയസ് കളിച്ചേക്കും.
അതേ സമയം ഇടം കൈയന്‍ പേസറായ ടി നടരാജനെയും പരിക്കാണ് പ്രയാസപ്പെടുത്തുന്നത്. കഴിഞ്ഞ സീസണിലെ ഐ പി എല്ലിലൂടെ താരമായ നടരാജന് ശേഷം നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ട് പരമ്പരയിലും തിളങ്ങിയിരുന്നു. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലുള്ള നടരാജന് പൂര്‍ണ്ണ ഫിറ്റ്നസിലേക്കെത്താന്‍ സാധിച്ചിട്ടില്ല. ഐ പി എല്‍ 2021ന്റെ രണ്ടാം പാദത്തിലൂടെ നടരാജനും മടങ്ങിയെത്തിയേക്കും. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് നടരാജന്.
അതേസമയം ഇന്ത്യക്ക് ലങ്കയില്‍ വെച്ച് മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ആറ് മത്സരങ്ങള്‍ക്കും കൊളംബോ ആര് പ്രേമദാസാ അന്തരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്. ജൂലൈ 13നാണ് ആദ്യ ഏകദിനം പിന്നാലെ ജൂലൈ 16നും 18നുമായി രണ്ട് മൂന്ന് ഏകദിനങ്ങള്‍ സംഘടിപ്പിക്കും. ജൂലൈ 21ന് ആദ്യ ടി20യും തുടര്‍ന്ന് ജൂലൈ 23നും 25നും ബാക്കി രണ്ടും എന്നിങ്ങനെയാണ് മത്സരക്രമം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്‍നിറുത്തിയാണ് ബി സി സി ഐ ശ്രീലങ്കയ്ക്കെതിരെ പരിമിത ഓവര്‍ പരമ്പര സംഘടിപ്പിച്ചത്.
മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കാന്‍ വിളിയെത്തിയിരിക്കുന്നത്. പടിക്കലിനൊപ്പം ഐ പി എല്ലിലെ രാജസ്ഥാന് റോയല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയ, കെ ഗൗതം, നിതീഷ് റാണ എന്നിവര്‍ പുതുമുഖങ്ങളായി ലങ്കയിലേക്ക് പറക്കുന്നുണ്ട്. ഓപ്പണര്‍ ശിഖാര്‍ ധവാനെയാണ് ഈ പര്യടനത്തില്‍ ടീമിന്റെ നായകനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.