• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

പെലെ - കറുത്ത ദൈവത്തിന്റെ ഉയിര്‍ത്ത് പാട്ട്

news18india
Updated: June 19, 2018, 3:35 PM IST
പെലെ - കറുത്ത ദൈവത്തിന്റെ ഉയിര്‍ത്ത് പാട്ട്
news18india
Updated: June 19, 2018, 3:35 PM IST
(കാല്‍പ്പന്തിന്റെ ചരിത്രത്തിലെ വേറിട്ട കാഴ്ചകളെ, വേറിട്ട കളിക്കാരെ, അപൂര്‍വ നിമിഷങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് മുംബൈയിലെ പത്രപ്രവര്‍ത്തകനായ സിബി സത്യന്‍ എഴുതുന്ന പരമ്പര - ഓഫ് ലൈന്‍ - വേറിട്ട കാഴ്ചകളുടെ സംഗീതം.)

നാലാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് മറിയാമ്മ സാര്‍ ഉറക്കെ വായിച്ചു തന്ന വരി ഇന്നും ഓര്‍മ്മയിലുണ്ട്. പെലെ എന്ന കറുത്ത മുത്ത്. ഫുട്ബോളില്‍ ദൈവങ്ങള്‍ പിറക്കുമെന്ന അറിവ് അന്നാദ്യമായാണ് ഹൃദയത്തിലേക്കു കടന്നത്. ഒരാള്‍ക്ക് ജീവിതത്തില്‍, ജനസഹസ്രങ്ങളുടെ കണ്ണീരൊപ്പാതെ, വിപ്ലവങ്ങള്‍ നയിക്കാതെ, സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാതെ, വെറുമൊരു കാല്‍പ്പന്തുകൊണ്ട് അതിശയങ്ങള്‍ കാട്ടി ജനകോടികളാല്‍, തലമുറകളാല്‍ ഓര്‍ക്കപ്പെടാവുന്ന മാന്ത്രികനായി മാറാമെന്ന്, എന്നെന്നും ആദരിക്കപ്പെടാമെന്ന്, സ്നേഹിക്കപ്പെടാമെന്ന്, തിരിച്ചറിവ് തന്നത് ഈ കറുത്ത മനുഷ്യനായിരുന്നു - പെലെ.

 
Loading...അയാള്‍ ഒരുപക്ഷേ മനുഷ്യനായിരുന്നില്ല, ഫുട്ബോളിന്റെ ദൈവമായിരുന്നു. ഫുട്ബോളിന്റെ മനോഹാരിത കൊണ്ടു വെളുത്തവന്‍ കറുത്തവനെ സ്നേഹിക്കാന്‍ തുടങ്ങുന്ന കാലം വരുമെന്നു വര്‍ണവെറി നിറഞ്ഞ ഒരു ലോകത്തിനു കാട്ടിക്കൊടുത്ത മിശിഹായായിരുന്നു. ആഫ്രിക്കയിലെ വനാന്തരങ്ങളില്‍ വേട്ടയാടപ്പെട്ട്, ചങ്ങലയ്ക്കിട്ട് അറ്റ്ലാന്റിക്കും പസഫിക്കും കുറുകെ കടന്ന്, യൂറോപ്പിലും അമേരിക്കയിലെയും ചന്തകളില്‍ വില്‍പനച്ചരക്കാക്കപ്പെട്ട കറുത്തവന്റെ, നൂറ്റാണ്ടുകളുടെ അടിമത്തിന്റെ ഒടുങ്ങാത്ത യാതനകള്‍ക്കും വേദനകള്‍ക്കുമപ്പുറം പ്രത്യാശയുടെ ഒരു തിരി തിളിയിച്ച് ഒരു വര്‍ഗത്തിനു മുഴുവന്‍ അതിജീവനത്തിന്റെ വെളിച്ചം നല്‍കിയ, തൊലിയുടെ നിറത്തിനാല്‍ ചവുട്ടിയരയ്ക്കപ്പെട്ട കാലം ഇനി വരില്ലെന്നു പ്രതീക്ഷ നല്‍കിയ മാന്ത്രികനായിരുന്നു അയാള്‍ - പെലെ. കറുത്ത തൊലിക്കുള്ളിലും ആത്മാഭിമാനത്തിന്റെ വറ്റാത്ത ചോര തിളച്ചൊഴുകാമെന്ന് ഒരു വംശത്തിന് കാട്ടിക്കൊടുത്തയാള്‍.സാവോപോളോയിലെ ബറൗവിലെ ചേരികളിലൊന്നില്‍ മുഴുപ്പട്ടിണിയിലേക്ക് ജനിച്ചു വീണ എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോ എന്ന നീഗ്രോ പയ്യന് സ്‌കൂളില്‍ കിട്ടിയ ഇരട്ടപ്പേരായിരുന്നു പെലെ. പന്തു വാങ്ങിക്കളിക്കാന്‍ പണമില്ലാത്തതു കൊണ്ട് ചണപ്പന്തു കെട്ടി കളിച്ചു തുടങ്ങിയ ബാല്യത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. പതിനാലാം വയസില്‍ മുതിര്‍ന്നവര്‍ക്കൊപ്പം കളിച്ചു ഗോളടിച്ചു തുടങ്ങിയ ചെറുക്കന്‍ 16-ാം വയസില്‍ സാന്റോസിന്റെ പ്രഫഷനല്‍ കളിക്കാരനായി. 17-ാം വയസില്‍ ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പതിനെട്ടു വയസു തികയും മുമ്പ് 1958 ലെ ലോകകപ്പില്‍ ആദ്യകളിയില്‍ തന്നെ ഗോള്‍ നേടി. സെമിയില്‍ ഹാട്രിക്കടിച്ചു. ഫൈനലില്‍ രണ്ടു ഗോള്‍. ഒരു ലോകകപ്പ് ഫൈനല്‍ കളിച്ച എന്നത്തെയും ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍. സ്വന്തമായി മൂന്നു ലോകകപ്പുകള്‍ നേടിയ ലോകത്തെ ഏക താരം. നാലു ലോകകപ്പുകളില്‍ ഗോളടിച്ച മൂന്നു കളിക്കാരിലൊരാള്‍. ലോകത്തിലാദ്യമായി ഒരു രാജ്യം ദേശീയ സ്വത്തായി പ്രഖ്യാപിച്ച ഏക കളിക്കാരന്‍. 1363 കളികളില്‍ നിന്ന് 1281 ഗോളുകള്‍ നേടിയ താരം. ഒപ്പം കളിച്ചവരും കളി കണ്ടവരും ഇതുപോലൊരാള്‍ ഇനി വരാനില്ലെന്നു സാക്ഷ്യപ്പെടുത്തിയ കളിയുടെ മഹാരാജാവ്. ലോകത്തിന്റെ നിറുകയിലേക്കു മാറഡോണയുടെയും മെസിയുടെയും ക്രിസ്റ്റ്യാനോയുടെയും ഒക്കെ പേരുകള്‍ പറഞ്ഞു കേള്‍ക്കുമ്പോഴും തകര്‍ക്കാനാവാത്ത മൂന്നു ലോകകപ്പിന്റെ റെക്കോര്‍ഡുമായി പെലെ ചരിത്രത്തില്‍ ചിരിച്ചു നില്‍ക്കും. ഈ തലമുറയിലും ആര്‍ക്കും തകര്‍ക്കാനാവാത്ത പെരുമ.

ബ്രസീലിനെയും ഫുട്ബോളിനെയും മാറ്റിയെടുത്ത വര്‍ഷമായിരുന്നു 1958. 1950-ലെ ഫൈനലില്‍ സ്വന്തം നാട്ടില്‍ ഉറുഗ്വായോട് ബ്രസീല്‍ പരാജയപ്പെട്ടപ്പോള്‍ ഒരു നാട് മുഴുവന്‍ കണ്ണീര്‍ വാര്‍ത്തു. എന്നാല്‍ 1954 അതിലും ഭീകരമായിരുന്നു. ടോട്ടല്‍ ഫുട്ബോളിന്റെ ആദ്യരൂപവുമായി കളത്തിലിറങ്ങിയ ഹംഗറിയുടെ യൂറോപ്യന്‍ കരുത്തിനു മുന്നില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ 4-2 ന് പരാജയപ്പെട്ട് അപമാനിതരായി ബ്രസീല്‍ മടങ്ങി. കളിക്കാര്‍ കളത്തിലും കളത്തിനു പുറത്തും തമ്മിലടിച്ചു. കാണികള്‍ പരസ്പരം ഏറ്റുമുട്ടി. മൂന്നു കളിക്കാര്‍ മാര്‍ച്ചിങ് ഓര്‍ഡര്‍ വാങ്ങി പുറത്തുപോയി. ബാറ്റില്‍ ഓഫ് ബെര്‍ണെ എന്നറിയപ്പെട്ട ഈ അപമാനത്തിനു ശേഷം ബ്രസീലിയന്‍ ഫുട്ബോള്‍ തകര്‍ച്ചയുടെ അടിത്തട്ടിലായിരുന്നു. ബ്രസീലിന്റെ തനതു കേളീ ശൈലിയായ ജിംഗ(Ginga)യോട് വിട പറയാന്‍ ഫെഡറേഷന്‍ തീരുമാനമെടുത്തു. കളിക്കാര്‍ യൂറോപ്യന്‍ ശൈലിയില്‍ പരിശീലിപ്പിക്കപ്പെട്ടു തുടങ്ങി. 1958 ലെ ആദ്യ രണ്ടു കളിയില്‍ പെലെയും ഗരീഞ്ചയുമുണ്ടായിരുന്നില്ല. എന്നാല്‍ ജിംഗയുടെ മെയ് വഴക്കവുമായി കളത്തിലിറങ്ങിയ ഇവര്‍ രണ്ടു പേര്‍ ബ്രസീലിന്റെ ജാതകം തിരുത്തിയെഴുതുകയായിരുന്നു. 1958-ല്‍ കരുത്തരായ സ്വീഡനെ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവുമധികം ഗോള്‍ കണ്ട ഫൈനല്‍ മത്സരത്തില്‍ 5-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ബ്രസീല്‍ കപ്പില്‍ മുത്തമിടുമ്പോള്‍ ഒരു രാജ്യത്തിന്റെ ഉയിര്‍ത്തെഴുത്തേല്‍പ്പുകൂടിയായിരുന്നു.1958 ബ്രസീലിനെ എങ്ങിനെ മാറ്റിമറിച്ചുവെന്ന് നെല്‍സണ്‍ റൊഡ്രീഗസ് എഴുതുന്നു. 'ഈ വിജയം ബ്രസീലുകാരുടെ ശരീരഭാഷ പോലും മാറ്റി മറിച്ചു. 1958-നു ശേഷം ബ്രസീലുകാരന്‍ മറ്റുള്ളവര്‍ക്കിടയിലെ വെറും തെരുവു നായ അല്ലാതായി. ബ്രസീല്‍ മറ്റു രാഷ്ട്രങ്ങള്‍ക്കിടയില്‍ വെറും തെരുവു നായ അല്ലാതായി.' ഫുട്ബോളിന്റെ വിജയമായിരുന്നു അത്. ദേശങ്ങളും വംശീയതയും പുനര്‍നിര്‍വചിക്കപ്പെട്ടു. ബ്രസീലിനും ലോകമെമ്പാടുമുള്ള കറുത്തവംശജര്‍ക്കും ഒരു പുതിയ ദൈവമുണ്ടായി. പട്ടിണിയില്‍ നിന്ന്, വെറുക്കപ്പെട്ട തെരുവുകളില്‍ നിന്ന് ഒരാള്‍ സിംഹാസനത്തിലേക്ക് പറന്നുയര്‍ന്നു. പണ്ട് അടിമപ്പണിയില്‍ നിന്നു കാടുകളിലേക്ക് ഒളിച്ചോടിയ കറുത്തവര്‍ഗക്കാര്‍ വേട്ടയാടുന്നവര്‍ക്കെതിരെ പ്രതിരോധത്തിനുപയോഗിക്കുകയും പിന്നീട് നിരോധിക്കപ്പെടുകയും ചെയ്ത ജിംഗയെന്ന ആയോധന കല ഫുട്ബോളിലേക്ക് ഒളിപ്പിച്ച് സന്നിവേശിപ്പിച്ച് തലമുറകള്‍ കാത്തവര്‍ക്ക് പെലെയുടെയും ഗരീഞ്ചയുടെയുമൊക്കെ ഗുരുദക്ഷിണ കൂടിയായി ആ ലോകകപ്പ്. പെലെ രാജ്യം വിട്ടു മറ്റു ക്ലബുകളില്‍ കളിക്കുന്നതു തടയാന്‍ 1962 ല്‍ ബ്രസീലിയന്‍ സര്‍ക്കാര്‍ പെലെയെ രാജ്യത്തിന്റെ ദേശീയ സ്വത്തായി പ്രഖ്യാപിച്ചു.

1962-ല്‍ അത്ഭുതബാലനില്‍ നിന്ന് ലോകമറിയുന്ന ഫുട്ബോളറായി തിരിച്ചെത്തിയ പെലെ കടുത്ത ടാക്ലിങ്ങിനു വിധേയനായി ആദ്യ റൗണ്ടില്‍ തന്നെ പരിക്കു പറ്റി പുറത്തായി. പക്ഷേ ടീമിനും പെലെയ്ക്കും വേണ്ടി ഗരീഞ്ച ആ ലോകകപ്പ് ബ്രസീലിലേക്കു വീണ്ടും കൊണ്ടുവന്നു. 1966-ല്‍ പെലെ വീണ്ടും കടുത്ത ടാക്ലിങ്ങില്‍ പരുക്കു പറ്റി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ബ്രസീല്‍ തന്നെയും ആദ്യറൗണ്ടില്‍ പുറത്ത്. കളിക്കളത്തില്‍ എതിരാളികള്‍ തന്നെ ശാരീരികമായി വേട്ടയാടുന്നതിനാല്‍ ഇനി ലോകപ്പിനില്ലെന്ന് പെലെ പ്രഖ്യാപിച്ചു. എന്നാല്‍ 1970-ല്‍ വീണ്ടും ലോകകപ്പിന്റെ സ്‌ക്വാഡിലേക്ക് തിരിച്ചു വിളിക്കപ്പെട്ട പെലെ നാലു ഗോളുകള്‍ കരസ്ഥമാക്കുകയും കപ്പ് ഒരിക്കല്‍ കൂടി ബ്രസീലില്‍ എത്തിക്കുകയും ചെയ്തു. 1970 മറ്റൊരു മാറ്റം കൂടി കൊണ്ടു വന്നു. കളര്‍ ടിവിയില്‍ ലോകകപ്പിന്റെ തത്സമയ സംപ്രേക്ഷണം.

1965-ല്‍ മാറക്കാന സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെ 5-1 എന്ന സ്‌കോറിനു ബ്രസീല്‍ മുക്കിയപ്പോള്‍, അന്നത്തെ കളിയില്‍ നാലു ഗോള്‍ നേടിയ പെലെയെക്കുറിച്ച് ദ് ടൈംസിന്റെ തലക്കെട്ട് ഇങ്ങിനെയായിരുന്നു. England bewitched by black diamond. എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോ എന്ന മനുഷ്യന്‍ ലോകത്തിന്റെ നെറുകയിലേക്ക് വെറുതെ കയറിപ്പോവുകയായിരുന്നില്ല, മറിച്ച് അപാരമായ കഴിവുകളും തോല്‍ക്കാനുള്ള മനസില്ലായ്മയും ചേര്‍ന്നു തീര്‍ത്തെടുത്തൊരു അത്ഭുതമായിരുന്നു പെലെ. 'ദ് ബ്യൂട്ടിഫുള്‍ ഗെയിം' എന്ന വാക്ക് ഫുട്ബോളിനോട് ചേര്‍ത്തുവെയ്ക്കാന്‍ കാരണക്കാരനായത് പെലെയായിരുന്നു.കളിയോട് വിട പറഞ്ഞിട്ടും പെലെ തലക്കെട്ടുകളില്‍ നിന്നൊഴിഞ്ഞില്ല. കറുത്തവന്റെ സ്വത്വത്തില്‍ നിന്ന് അയാള്‍ ഇതിനിടെ ആര്യവല്‍ക്കരിക്കപ്പെടുകയും വാണിജ്യവല്‍ക്കരിക്കപ്പെടുകയും ചെയ്തു. 1970-ല്‍ കൊക്കോകോള കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ ബ്രാന്‍ഡ് ആയിരുന്നു പെലെ. അയാള്‍ ശേഷകാലം ലോകമെമ്പാടും ഫുട്ബോള്‍ വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി. താന്‍ ദൈവമായി തന്നെ ജീവിക്കപ്പെടേണ്ടയാളാണെന്ന കൃത്യമായ ബോധമുള്ളയാളായിരുന്നു പെലെ. ഒരുപക്ഷേ ഇന്ത്യയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെപ്പോലെ, തന്റെ പ്രതിഛായയെ ബാധിക്കുന്ന വിവാദങ്ങളിലോ പ്രശ്നങ്ങളിലോ ചെന്നു പെടാതെ അയാള്‍ എസ്റ്റാബ്ളിഷ്മെന്റിന് ഒപ്പം നടന്നു. അലക്സ് ബെല്ലോസ് പെലെയെയും ഗരീഞ്ചയെയും കുറിച്ച് എഴുതിയത് ഇങ്ങനെയാണ് - 'പെലെ ആദരിക്കപ്പെട്ടു. ഗരീഞ്ച സ്നേഹിക്കപ്പെട്ടു. ഗരീഞ്ച എസ്റ്റാബ്ളിഷ്മെന്റുമായി കലഹിച്ചുകൊണ്ടേയിരുന്നു. പെലെ സ്വയം എസ്റ്റാബ്ളിഷ്മെന്റായി മാറി.'

ഏതൊക്കെ കോണുകളിലൂടെ വിലയിരുത്തപ്പെട്ടാലും ഫുട്ബോളിന് പെലെ എന്തായിരുന്നുവെന്ന ചോദ്യത്തിന്റെ ഉത്തരം മാത്രം മതി അയാളെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ടിക്കാന്‍. ഒരു രാജ്യം ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെട്ടുവെന്നത്, ആശയറ്റുകിടന്ന ഒരു വംശം സ്വപ്നം കാണാന്‍ തുടങ്ങിയെന്നത് മാത്രം മതി പെലെയെ അനശ്വരനാക്കാന്‍. ഫുട്ബോളിന്റെ നാടോടിക്കഥകളില്‍ അയാളെന്നുമുണ്ടാകും, തെരുവുകളില്‍ നിന്ന് ദേവസിംഹാസനം കീഴടക്കിയ അത്ഭുതബാലനായി.
First published: June 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍