• HOME
  • »
  • NEWS
  • »
  • sports
  • »
  • സർക്കാർ നൽകുന്ന പാരിതോഷികം മറ്റ് കായികതാരങ്ങൾക്കും പ്രചോദനമാകുമെന്ന് ശ്രീജേഷ്

സർക്കാർ നൽകുന്ന പാരിതോഷികം മറ്റ് കായികതാരങ്ങൾക്കും പ്രചോദനമാകുമെന്ന് ശ്രീജേഷ്

സർക്കാരിനോട് ഏറെ നന്ദിയുണ്ട്, ഒളിമ്പിക്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഓരോരുത്തർക്കും ഇത് ആവേശം പകരും. ശ്രീജേഷ് പറഞ്ഞു.

  • Last Updated :
  • Share this:
    സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം മറ്റു കായികതാരങ്ങൾക്കും വലിയ പ്രചോദനമാകുമെന്ന് പി ആർ ശ്രീജേഷ്. ഒളിമ്പിക്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഓരോരുത്തർക്കും ഇത് ആവേശം പകരും. രണ്ടു കോടി രൂപ പാരിതോഷികം നൽകിയ സംസ്ഥാന സർക്കാരിന് ശ്രീജേഷ് നന്ദി പറഞ്ഞു.

    ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലമെഡൽ നേടിയ ശ്രീജേഷിന് രണ്ടു കോടി രൂപയാണ് സംസ്ഥാന സർക്കാർ പാരിതോഷികമായി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശ്രീജേഷിനെ ജോയിന്റ് ഡയറക്ടർ സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തു. പാരിതോഷികം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു. സർക്കാരിനോട് ഏറെ നന്ദിയുണ്ട്. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ഫോണിൽ വിളിച്ചു പുരസ്കാര വിവരം അറിയിച്ചതായും ശ്രീജേഷ് പറഞ്ഞു.

    ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടി ജന്മനാട്ടിൽ എത്തിയിട്ടും ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. നിയമസഭയിൽ ഉൾപ്പെടെ പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. ശ്രീജേഷിന് അർഹമായ പുരസ്കാരം നൽകുമെന്നാണ് മന്ത്രിമാർ വ്യക്തമാക്കിയിരുന്നത്. ഇന്നലെ മന്ത്രിസഭാ യോഗം ചേർന്നാണ് ശ്രീജേഷിന് പുരസ്കാരം പ്രഖ്യാപിച്ചത്. വിവാദങ്ങൾക്ക് ഇല്ലെന്നും വിമർശനങ്ങളെ സ്പോർട്സ്മാൻ സ്പിരിറ്റോടെ എടുക്കുന്നു എന്നാണ് മന്ത്രി വി അബ്ദുറഹ്മാൻ പ്രഖ്യാപനത്തിനുശേഷം വ്യക്തമാക്കിയത്. ശ്രീജേഷിന് പുറമേ ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത എട്ട് മലയാളികൾക്കും അഞ്ചുലക്ഷം രൂപ വീതവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സജൻ പ്രകാശ്, എം ശ്രീ ശങ്കർ, അലക്സ് ആൻ്റണി, മുഹമ്മദ് അനസ്, കെ ടി ഇർഫാൻ, എം പി ജാബിർ, നോഹ നിർമ്മൽ ടോം , അമോജ് ജേക്കബ് എന്നിവർക്കാണ് ഈ തുക ലഭിക്കുക.

    ഒളിമ്പിക്സിൽ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെ ശ്രീജേഷിന് പ്രവാസി വ്യവസായി ഷംസീർ വയലിൽ ഒരു കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു.  ബി സി സി ഐ ഉൾപ്പെടെയുള്ള കായിക സംഘടനകളും തുക പ്രഖ്യാപിച്ചു. അതിനുശേഷവും സംസ്ഥാന സർക്കാർ പുരസ്കാരം നിശ്ചയിച്ചിരുന്നില്ല . മെഡൽ നേട്ടത്തിന് ശേഷം കേരളത്തിലെത്തിയ ശ്രീജേഷിന് ആവേശോജ്വലമായ സ്വീകരണമായിരുന്നു കായിക വകുപ്പിന്റെ നേതൃത്വത്തിൽ നൽകിയത്.

    ഒളിമ്പിക്സിൽ വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ തോൽപ്പിച്ചപ്പോൾ ഇന്ത്യക്ക് സ്വന്തതമായത് ഒളിമ്പിക്സ് ഹോക്കിയിലെ 41 വർഷത്തിനിടെയുള്ള ആദ്യ മെഡലായിരുന്നു. ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ നിർണായക പങ്കുവഹിച്ച ശ്രീജേഷ് എന്ന മലയാളി താരം ആ മെഡൽ കഴുത്തിലണിഞ്ഞപ്പോൾ കേരളത്തിലേക്കെത്തിയത് 49 വർഷത്തിന് ശേഷമുള്ള ആദ്യ ഒളിമ്പിക് മെഡൽ ആയിരുന്നു. 1972ലെ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കല മെഡൽ നേടിയപ്പോൾ അന്ന് ടീമിലുണ്ടായിരുന്ന മാനുവൽ ഫ്രഡറിക് എന്ന മലയാളി ഗോൾകീപ്പറാണ് കേരളത്തിലേക്ക് ആദ്യ ഒളിമ്പിക് മെഡൽ കൊണ്ടുവന്നത്.
    Published by:Naveen
    First published: