ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ വിയോഗം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. തായ്ലൻഡിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു 52 കാരനായ വോണിന്റെ അന്ത്യം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബൗളർമാരിലൊരാളായാണ് വോണിനെ കണക്കാക്കുന്നത്.
വോണ്‍-സച്ചിന്, വോണ്‍-ലാറ പോരാട്ടം വിഖ്യാതമായിരുന്നു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ൻ വോൺ. 145 ടെസ്റ്റുകളിൽനിന്ന് 708 വിക്കറ്റുകളാണ് വോൺ നേടിയത്. 194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റുകളും നേടി. രാജ്യാന്തര ക്രിക്കറ്റിൽ 1001 വിക്കറ്റുകൾ എന്ന നേട്ടവും 1992 മുതൽ 2007 വരെ നീണ്ട കരിയറിനുള്ളിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
Also Read-
Shane Warne vs Sachin Tendulkar: സച്ചിന്-വോണ്‍ പോരാട്ടം; ക്രിക്കറ്റ് പ്രേമികൾ ശ്വാസമടക്കിപ്പിടിച്ച് കണ്ട ഏറ്റവും വലിയ താരവൈരം
1969 സെപ്റ്റംബർ 13ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിലാരുന്നു വോൺ ജനിച്ചത്. 1992ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 2007 ഡിസംബർ 3ന് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് വോണിന്റെ റെക്കോർഡ് മറികടന്ന് ടെസ്റ്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തിയത്.
വോണിന്റെ രാജ്യാന്തര കരിയറിലെ പ്രധാന സംഖ്യകളിലേക്ക് -
1001- തന്റെ കരിയറിൽ വോൺ നേടിയ വിക്കറ്റുകളുടെ എണ്ണം. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ 1000 വിക്കറ്റ് തികച്ച രണ്ട് ബൗളർമാരിൽ ഒരാളാണ് വോണ്‍. മറ്റൊരാൾ മുത്തയ്യ മുരളീധരൻ.
708 - ടെസ്റ്റ് ക്രിക്കറ്റിൽ വോണിന്റെ വിക്കറ്റുകളുടെ എണ്ണം. 600 വിക്കറ്റുകൾ, 700 വിക്കറ്റുകൾ എന്നീ നാഴികക്കല്ലുകൾ ഭേദിക്കുന്ന ആദ്യ ബൗളറായിരുന്നു അദ്ദേഹം.
293 - ഏകദിന കരിയറിൽ വോണിന്റെ വിക്കറ്റുകളുടെ എണ്ണം.
96 - ഒരു കലണ്ടർ വർഷത്തിൽ വോൺ നേടിയ വിക്കറ്റുകളുടെ എണ്ണം. 2005ലായിരുന്നു ഇത്. ചരിത്രത്തിൽ ഏതൊരു ബൗളറുടെയും എറ്റവും വലിയ നേട്ടമാണിത്.
17 - തന്റെ കരിയറിൽ വോൺ നേടിയ പ്ലെയർ ഓഫ് ദ മാച്ച് അവാർഡുകളുടെ എണ്ണം.
37 - ടെസ്റ്റിൽ വോണിന്റെ അഞ്ച് വിക്കറ്റ് നേട്ടങ്ങളുടെ എണ്ണം. ടെസ്റ്റ് ഫോർമാറ്റിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നേട്ടമാണിത്.
1761 - ടെസ്റ്റ് ക്രിക്കറ്റിൽ വോൺ എറിഞ്ഞ മെയ്ഡൻ ഓവറുകളുടെ എണ്ണം.
195 - വോണിന്റെ ആഷസ് വിക്കറ്റുകളുടെ എണ്ണം
102 - വോണിന്റെ പന്തിൽ ഡക്കിൽ പുറത്തായ ബാറ്റർമാരുടെ എണ്ണം
1440 - വോണിന് 200 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കാൻ എടുത്ത ദിവസങ്ങളുടെ എണ്ണം. ഏറ്റവും വേഗത്തിൽ നേട്ടത്തിലെത്തിയ ബൗളർ.
125 - ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകളും 100 ലധികം ക്യാച്ചുകളും നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ കളിക്കാരനാണ് വോൺ.
3154 - തന്റെ ടെസ്റ്റ് കരിയറിൽ വോൺ നേടിയ റണ്ണുകളുടെ എണ്ണം. സെഞ്ച്വറി നേടാതെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ്. 2001ൽ പെർത്തിൽ ന്യൂസിലൻഡിനെതിരെ നേടിയ 99 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ.
3 - വോൺ നേടിയ ടെസ്റ്റ് ഹാട്രിക്കുകളുടെ എണ്ണം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.