നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കോവിഡ് സ്ഥിരീകരിച്ച റിഷഭ് പന്ത് രോഗമുക്തനായി; പരിശീലന മത്സരത്തില്‍ കളിക്കില്ല

  കോവിഡ് സ്ഥിരീകരിച്ച റിഷഭ് പന്ത് രോഗമുക്തനായി; പരിശീലന മത്സരത്തില്‍ കളിക്കില്ല

  റിഷഭ് പന്തിന് പുറമെ ഇന്ത്യന്‍ ടീമിന്റെ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റ് ദയാനന്ത് ഗരാനിയും കോവിഡ് പോസിറ്റീവായിരുന്നു.

   Rishabh Pant

  Rishabh Pant

  • Share this:
   ഇംഗ്ലണ്ട് പര്യടനത്തിനിടെ കോവിഡ് ബാധിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് രോഗമുക്തനായതായി റിപ്പോര്‍ട്ട്. ഞായറാഴ്ച താരത്തിന്റെ ക്വാറന്റീന്‍ അവസാനിച്ചിരുന്നു. കോവിഡ് മുക്തനായെങ്കിലും ഇന്ത്യയുടെ ആദ്യത്തെ പ്രാക്ടീസ് മല്‍സരത്തില്‍ പന്തിനു കളിക്കാനാവില്ല. ഇന്നാണ് ഇന്ത്യയുടെ ആദ്യ പരിശീലന മല്‍സരം നടക്കുന്നത്. പന്ത് ഈ മാസം 22നോ 23നോ ആകും ഇന്ത്യന്‍ ടീമിനൊപ്പം ചേരുക.

   പത്ത് ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ റിഷഭ് പന്ത് കോവിഡില്‍ നിന്നും പൂര്‍ണമുക്തനായിട്ടുണ്ട് എങ്കിലും സമ്പൂര്‍ണ ഫിറ്റ്നസിലെത്താന്‍ താരത്തിന് മാനേജ്മെന്റ് കൂടുതല്‍ സമയം വിശ്രമത്തിന് അനുവദിച്ചിരിക്കുകയാണ്.

   സെലക്ട് കൗണ്ടി ഇലവനെതിരായ പ്രാക്ടീസ് മത്സരത്തില്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയെ നയിക്കുക. റിഷഭ് പന്തിന് പകരം കെ എല്‍ രാഹുല്‍ ആകും വിക്കറ്റ് കീപ്പര്‍. മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ താരങ്ങള്‍ ഡര്‍ഹാമില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ബയോ ബബിളില്‍ തിരിച്ചെത്തിയത്. അവധിക്കാലത്തിനിടെ റിഷഭ് പന്തിന് പുറമെ ഇന്ത്യന്‍ ടീമിന്റെ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റ് ദയാനന്ത് ഗരാനിയും കോവിഡ് പോസിറ്റീവായിരുന്നു. ഗരാനിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ, സ്റ്റാന്‍ഡ് ബൈ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍, ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍ എന്നിവരെയും ഐസൊലേഷനിലാക്കിയിരുന്നു.

   ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് റിഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചത്. താരത്തിന് ആദ്യം തൊണ്ട വേദന അനുഭവപ്പെടുകയും അതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയുമായിരുന്നു. താരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സഹതാരങ്ങളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞാഴ്ചയാണ് ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ബി സി സി ഐ ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസുമായി ചേര്‍ന്നാണ് ഈ സൗകര്യം ഒരുക്കിയത്.

   റിഷഭ് പന്തിന് കോവിഡ് പോസിറ്റീവായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ താരത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. പന്തിന്റെ നിരുത്തരവാദപരമായ സമീപനം എന്നാണ് ആരാധകര്‍ വിമര്‍ശിച്ചത്. വെംബ്ലിയില്‍ ജര്‍മനി- ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം കാണാന്‍ റിഷഭ് പന്ത് എത്തിയിരുന്നു. വെംബ്ലി സ്റ്റേഡിയത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും റിഷഭ് പന്ത് പങ്കുവെച്ചിരുന്നു. മാസ്‌ക് ധരിക്കാന്‍ പോലും റിഷഭ് തയ്യാറാകാത്തതാണ് ആരാധകരെ ശെരിക്കും ചൊടിപ്പിച്ചത്.

   ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് നോട്ടിങ്ഹാമില്‍ ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുക. മത്സരങ്ങള്‍ ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം മറികടക്കാന്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയം കൂടിയേ തീരൂ.
   Published by:Sarath Mohanan
   First published:
   )}