നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇംഗ്ലണ്ടില്‍ കോവിഡ് പോസിറ്റീവായ ഇന്ത്യന്‍ താരം റിഷഭ് പന്ത്; വിമര്‍ശനങ്ങളുമായി ആരാധകര്‍

  ഇംഗ്ലണ്ടില്‍ കോവിഡ് പോസിറ്റീവായ ഇന്ത്യന്‍ താരം റിഷഭ് പന്ത്; വിമര്‍ശനങ്ങളുമായി ആരാധകര്‍

  വെംബ്ലിയില്‍ ജര്‍മനി- ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം കാണാന്‍ റിഷഭ് പന്ത് എത്തിയിരുന്നു. സ്റ്റേഡിയത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും റിഷഭ് പങ്കുവെച്ചിരുന്നു.

  റിഷഭ് വെംബ്ലി സ്റ്റേഡിയത്തില്‍

  റിഷഭ് വെംബ്ലി സ്റ്റേഡിയത്തില്‍

  • Share this:
   ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ ഒരു ഇന്ത്യന്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഏത് താരത്തിനാണ് കോവിഡ് ബാധിച്ചത് എന്നതില്‍ വ്യക്തത ഇല്ലായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനാണ് കോവിഡ് പോസിറ്റീവ് ആയതെന്ന് പി ടി ഐ സ്ഥിരീകരിച്ചിരിക്കുകയാണ്. പന്തിനെ ബാധിച്ചിരിക്കുന്നത് കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആണെന്നാണ് ലഭ്യമാകുന്ന വിവരം.

   താരത്തിന് ആദ്യം തൊണ്ട വേദന അനുഭവപ്പെടുകയും അതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സഹതാരങ്ങളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. അവര്‍ മൂന്ന് ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞാഴ്ചയാണ് ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ബി സി സി ഐ ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസുമായി ചേര്‍ന്നാണ് ഈ സൗകര്യം ഒരുക്കിയത്.

   ഇന്ത്യന്‍ ടീമിനൊപ്പം പന്ത് ഡര്‍ഹത്തിലേക്ക് യാത്രയാകില്ലെന്നും ബി സി സി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. താരത്തിനെ വീണ്ടും ജൂലൈ 18ന് ടെസ്റ്റ് ചെയ്യുമെന്നും മറ്റു താരങ്ങളാരും പോസിറ്റീവ് അല്ലെന്നും അദ്ദേഹം അറിയിച്ചു.

   റിഷഭ് പന്തിന് കോവിഡ് പോസിറ്റീവായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എതിരെ ശക്തമായ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. പന്തിന്റെ നിരുത്തരവാദപരമായ സമീപനം എന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. വെംബ്ലിയില്‍ ജര്‍മനി- ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം കാണാന്‍ റിഷഭ് പന്ത് എത്തിയിരുന്നു. വെംബ്ലി സ്റ്റേഡിയത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും റിഷഭ് പന്ത് പങ്കുവെച്ചിരുന്നു. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന ആശംസയുമായി ആരാധകര്‍ എത്തുന്നുണ്ടെങ്കിലും ഒരു വിഭാഗം പന്തിനെതിരെ അധിക്ഷേപം ചൊരിയുന്നുണ്ട്. മാസ്‌ക് ധരിക്കാന്‍ പോലും റിഷഭ് തയ്യാറാകാത്തതാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

   ജൂണ്‍ 23ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം അവസാനിച്ച ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് ബയോ ബബിളില്‍ നിന്നും പുറത്തു കടക്കാന്‍ ബി സി സി ഐ അനുമതി നല്‍കിയിരുന്നു. ജൂലൈ പകുതിയോടെ ടീം അംഗങ്ങള്‍ തിരികെ ബബിളില്‍ പ്രവേശിക്കണം എന്ന നിബന്ധനയോടെയായിരുന്നു അത്. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് നോട്ടിങ്ഹാമില്‍ ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുക. മത്സരങ്ങള്‍ ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്‌സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക.

   ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം മറികടക്കാന്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയം കൂടിയേ തീരൂ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയും. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര പട്ടൗഡി ട്രോഫി എന്നാണ് അറിയപ്പെടുന്നത്. 2007ന് ശേഷം ഇന്ത്യക്ക് ഇത് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
   Published by:Sarath Mohanan
   First published:
   )}