റോഡ് സേഫ്റ്റി വേൾഡ് ടി20 സീരീസ്: ഒരു ഓവറിൽ നാല് സിക്സുമായി യുവരാജ് സിങ്ങ്
റോഡ് സേഫ്റ്റി വേൾഡ് ടി20 സീരീസ്: ഒരു ഓവറിൽ നാല് സിക്സുമായി യുവരാജ് സിങ്ങ്
ഇന്ത്യൻ ബാറ്റിങ്ങ് ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കറും യുവരാജ് സിങ്ങും ബാറ്റു കൊണ്ട് മായാജാലം തീർത്തപ്പോൾ 56 റൺസിനാണ് ഇന്ത്യൻ ലെജന്റ്സ് ടീം സൗത്ത് ആഫ്രിക്ക ലെജന്റ്സിനെ പരാജയപ്പെടുത്തിയത്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓരോവറിൽ 6 സിക്സ് നേടിയ ഒരേയൊരു ഇന്ത്യൻ ബാറ്റ്സ്മാനായ യുവരാജ് സിങ്ങ് വീണ്ടും തകർപ്പൻ പ്രകടനത്തിലൂടെ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നു. റോഡ് സേഫ്റ്റി വേൾഡ് ടി20 സീരിസിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്നലെ നടന്ന മത്സരത്തിലാണ് യുവി തകർപ്പൻ പ്രകടനം കാഴ്ച വെച്ചത്. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിങ്ങ് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.
ഇന്ത്യൻ ബാറ്റിങ്ങ് ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കറും യുവരാജ് സിങ്ങും ബാറ്റു കൊണ്ട് മായാജാലം തീർത്തപ്പോൾ 56 റൺസിനാണ് ഇന്ത്യൻ ലെജന്റ്സ് ടീം സൗത്ത് ആഫ്രിക്ക ലെജന്റ്സിനെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ഇന്ത്യ നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കയെ മറികടന്നുകൊണ്ട് പോയിന്റ് ടേബിളിൽ ഒന്നാമത്തെത്തി.
ഡി ബ്രയൻ എറിഞ്ഞ പതിനെട്ടാം ഓവറിലാണ് യുവരാജ് സിങ്ങ് തുടർച്ചയായി 4 സിക്സറുകൾ പറത്തിയത്. 22 പന്തിൽ പുറത്താകാതെ 52 റൺസാണ് യുവി അടിച്ച് കൂട്ടിയത്. യുവിയുടേതായ പഴയ ബാറ്റ്ലിഫ്റ്റ് ശൈലിയും പവർ സ്ട്രോക്കുകളും പിന്നെയും കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകർ. ബൗളിങ്ങിലും താരം മികവ് പുലർത്തി. മൂന്നോവറിൽ 18 റൺസ് വഴങ്ങി 2 വിക്കറ്റുകളും താരം നേടി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓരോവറിൽ 6 പന്തിലും സിക്സർ നേടിയ ഇന്ത്യൻ താരമാണ് യുവരാജ് സിങ്ങ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 3 ബാറ്റ്സ്മാന്മാർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. മുൻ സൗത്ത് ആഫ്രിക്കൻ താരമായിരുന്ന ഹെർഷാൽ ഗിബ്ബ്‌സ് 2007ൽ നെതർലണ്ട്സിനെതിരെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ് ശ്രീലങ്കയ്‌ക്കെതിരായ ടി20 യിൽ ഈ നേട്ടം കരസ്തമാക്കിയത്.
ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യൻ ടീം ഉയർത്തിയ 205 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറിൽ 148 റൺസ് നേടാനേ കഴിഞ്ഞുള്ളു. യുവിക്കൊപ്പം 37 പന്തിൽ 60 റൺസ് നേടി സച്ചിൻ തെണ്ടുൽക്കറും തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. അമ്പതിനായിരത്തിലധികം കാണികൾ നിറഞ്ഞ സ്റ്റേഡിയത്തിലെ 'സച്ചിൻ, സച്ചിൻ' ആരവങ്ങൾക്കൊപ്പമായിരുന്നു സച്ചിന്റെ മാസ്മരിക പ്രകടനം. സച്ചിന്റെതായ ശൈലിയിലുള്ള ബാക്കിഫൂട്ടിൽ ഊന്നിയുള്ള കവർ ഡ്രൈവുകളും ക്ലാസിക്കൽ സ്ട്രൈറ്റ് ഡ്രൈവുകളും നിറഞ്ഞതായിരുന്നു സച്ചിന്റെ ഇന്നിങ്ങ്സ്. ദക്ഷിണാഫ്രിക്കൻ ഇതിഹാസം മഖായ എന്‍ടിനിയുടെ പന്തിലാണ് സച്ചിൻ തന്റെ മാസ്റ്റർ പീസ് സ്ട്രൈറ്റ് ഡ്രൈവ് പായിച്ചത്.
Summary: Yuvaraj singh smashed 4 sixes in a row Indian legends reached to the top of the road safety series point table
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.