ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ (Rohit Sharma) ട്വിറ്റർ അക്കൗണ്ട് (Twitter Account) ഹാക്ക് ചെയ്യപ്പെട്ടോ? കഴിഞ്ഞ ദിവസം രോഹിത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വിചിത്ര ട്വീറ്റുകളാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്. രോഹിത് ഇടയ്ക്ക് ട്വീറ്റുകൾ ഇടാറുണ്ടെങ്കിലും ഇന്നലെ പോസ്റ്റ് ചെയ്യപ്പെട്ടവയുടെ ഉള്ളടക്കം വളരെ വിചിത്രമായിരുന്നു. ക്രിക്കറ്റുമായോ സ്വന്തം ജീവിതവുമായോ ഒരു ബന്ധവുമില്ലാത്ത ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടതാണ് താരത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ആരാധകർക്കിടയിൽ സംശയമുണർന്നത്.
വിചിത്രവും നിഗൂഢവുമായി തോന്നിയ ട്വീറ്റുകളിൽ നിന്നും താരം എന്തായിരിക്കും പറയാൻ ഉദ്ദേശിച്ചതെന്ന് ആലോചിച്ച് അമ്പരന്ന് ഇരിക്കുകയായിരുന്നു ആരാധകർ. രാവിലെ 11 മണിക്കാണ് താരം ഇത്തരത്തിലുള്ള ട്വീറ്റ് ആദ്യം പോസ്റ്റ് ചെയ്തത്. 'എനിക്ക് നാണയം ടോസ് ചെയ്യുന്നത് ഇഷ്ടമാണ്..പ്രത്യേകിച്ചും അവയെന്റെ വയറ്റിനുള്ളിലേക്ക് എത്തുമ്പോൾ.' - രോഹിത് കുറിച്ചു.
I love coin tosses…especially when they end up in my belly!
ഇന്ത്യൻ ക്യാപ്റ്റന്റെ ആദ്യത്തെ ട്വീറ്റ് കണ്ട് ആരാധകർ അമ്പരന്ന് ഇരിക്കവെയായിരുന്നു പിന്നാലെ മറ്റ് രണ്ട് ട്വീറ്റുകൾ കൂടി പ്രത്യക്ഷപ്പെട്ടത്. 'നിങ്ങൾക്ക് അറിയുമോ..ഇരമ്പിയാർക്കുന്ന തേനീച്ചക്കൂട് ബോക്സിങ് ബാഗുകളായി ഉപയോഗിക്കാവുന്നതാണ്', 'ക്രിക്കറ്റ് പന്തുകൾ ഭക്ഷ്യയോഗ്യമായവയാണ്..അല്ലേ?' - രോഹിത് കുറിച്ചു.
Bzz….! Did you know? Buzzing beehives make for great boxing bags!
ഇതെല്ലാം കണ്ടശേഷമായിരുന്നു ആരാധകർ താരത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്ന ചോദ്യവുമായി എത്തിയത്. ചിലർ താരത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായിരിക്കുമെന്ന് കരുതിയപ്പോൾ മറ്റു ചിലർ ഇത് രോഹിത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും ബ്രാൻഡിന്റെ സോഷ്യൽ മീഡിയ മാർക്കറ്റിങ് തന്ത്രമാകുമെന്ന് കരുതി.
ആരാധകർക്ക് മാത്രായിരുന്നില്ല രോഹിത്തിന്റെ ട്വീറ്റുകളിൽ അമ്പരപ്പുണ്ടായത്. ഇന്ത്യയുടെ ലെഗ് സ്പിന്നറായ യുസ്വേന്ദ്ര ചാഹലും (Yuzvendra Chahal) ക്രിക്കറ്റ് വിദഗ്ധനും കമന്റേറ്ററും അനലിസ്റ്റുമായ ഹർഷ ഭോഗ്ലെയും (Harsha Bhogle) ഇന്ത്യൻ ക്യാപ്റ്റന്റെ ട്വീറ്റുകളിൽ അമ്പരപ്പ് പ്രകടിപ്പിച്ച് കൊണ്ട് രംഗത്തെത്തി.
'ഭയ്യാ, എന്താണ് സംഭവിക്കുന്നത്, പ്രശ്നം ഒന്നുമില്ലല്ലോ' - രോഹിത്തിന്റെ ട്വീറ്റുകൾക്ക് മറുപടിയായി ചാഹൽ കുറിച്ചു.
അതേസമയം, രോഹിത്തിന്റെ ട്വീറ്റുകൾ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ലെന്ന് പറഞ്ഞായിരുന്നു ഭോഗ്ലെയുടെ ട്വീറ്റ്. 'എന്താണ്..എല്ലാം ഓക്കേ അല്ലെ ക്യാപ്റ്റൻ? ഇതിന്റെ തലയും വാലും ഒന്നും തന്നെ പിടികിട്ടുന്നില്ലല്ലോ' - ഭോഗ്ലെ ട്വീറ്റ് ചെയ്തു.
ശ്രീലങ്കയുമായുള്ള ടി20 പരമ്പരയ്ക്ക് പിന്നാലെ അവരുമായി ടെസ്റ്റ് പരമ്പരയ്ക്കുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ സംഘം. രോഹിത് ശർമ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുന്ന പരമ്പര കൂടിയാകും ഇത്. ടി20 പരമ്പരയിലെ സമ്പൂർണ ജയത്തിന് പിന്നാലെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലും വിജയം ആവർത്തിക്കാൻ ഒരുങ്ങിയാണ് രോഹിത് ശർമയും സംഘവും ഇറങ്ങുക. ആദ്യ ടെസ്റ്റ് മാർച്ച് 4 മുതൽ 8 വരെ മൊഹാലിയിലും രണ്ടാം ടെസ്റ്റ് മാർച്ച് 12 മുതൽ 16 വരെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും നടക്കും.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.